കുഞ്ഞന്റെ മലയിറക്കം 2128

അമ്മയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി….. പുറത്ത് മഴ ചാറാൻ തുടങ്ങിയിരിക്കുന്നു…… അന്തരീക്ഷത്തിൽ പുതുമണ്ണിന്റെ ഗന്ധം നിറയാൻ തുടങ്ങിയിരിക്കുന്നു……

അവന്റെ മനസ്സിൽ ഒരു നനുത്ത സ്വാന്തനമായി ആ മഴ മാറി….. പുറത്ത് അച്ഛൻ ഇല്ലാത്ത ബഞ്ചും, ചങ്ങലയും വിജനതയിൽ രണ്ട് ചോദ്യ ചിഹ്നങ്ങൾ പോലെ കാണപ്പെട്ടു….. ഒരു വല്ലാത്ത തണുപ്പുളളകാറ്റ് ജനാലയിലൂടെ അവനെ സ്പർശിച്ചു, അതോടൊപ്പം ഒന്നു രണ്ടു മഴത്തുള്ളികളും……

യക്ഷിപ്പാറയിലെ പാലപ്പൂ മുഴുവനും ഒലിച്ചു പോയിരിക്കും…… മഴയുടെ ശക്തി വർദ്ധിച്ചുകൊണ്ടേ ഇരുന്നൂ…… ദൂരെ യക്ഷിപായുടെ താഴ്വാരത്തിൽ നിന്നിരുന്ന റബ്ബർ മരത്തിൽ കാറ്റു പിടിക്കുന്നത് അവ്യക്തമായി കാണാൻ കഴിയുമായിരുന്നു…… വെള്ളിടിയുടെ തായ് വേരുകൾ അന്ധകാരത്തിലൂടെ ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ മുഴുവനും പൂത്ത പാലമരം വെള്ളി പുതച്ച് ഉറങ്ങുകയാണോ എന്ന് അവനുതോന്നി….. മുറ്റത്ത് കെട്ടി നിന്നിരുന്ന വെള്ളം ചങ്ങലയെ മുഴുവനായി മുക്കിക്കളഞ്ഞിരിക്കുന്നു….. അതിന്റെ നടുവിലായി ഒരു കൊച്ചു ദ്വീപുപോലെ ശൂന്യമായ ബഞ്ചും നിലകൊണ്ടൂ …

കാഞ്ഞൂത്തോട് നിറഞ്ഞു കവിഞ്ഞിരിക്കും….. നാളെ നീന്തിക്കളിക്കാൻ നല്ല രസമായിരിക്കും….. ഈ മഴനനഞ്ഞ് തോട്ടുവക്കിൽ പോയാല്ലോ….? വേണ്ട, പനിപിടിക്കും….തന്നെയുമല്ല പാറേലപ്പൂപ്പനെ തനിക്ക് പേടിയും ആണ്…. അയ്യോ…. പാലച്ചുവട്ടിലെ പാറേലപ്പൂപ്പൻ ഇപ്പോൾ നനഞ്ഞു കുളിച്ചു കാണുമല്ലോ? ഇല്ല അപ്പൂപ്പന് വല്ല്യശക്തിയുണ്ട് നനയില്ല….

യക്ഷിപ്പാറയുടെ താഴ്വാരത്തെ റബ്ബർതോട്ടത്തിനു മുന്നിലുള്ള മൺറോഡിൽ വെള്ളം നിറഞ്ഞിരിക്കും, ഒരു കൊച്ചു തോടുപോലെ ആയിക്കാണും…… ആ മൺറോഡിന്റെ അറ്റത്തു നിന്നും ഒരു ചെറിയ വെളിച്ചം ഇഴഞ്ഞു നീങ്ങുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടു….. മഴത്തുള്ളികളിൽ തട്ടി പ്രതിഫലിച്ച് അവ്യക്തങ്ങളായ രൂപങ്ങൾ ഉണ്ടാക്കിക്കൊണ്ട് അത് മെല്ലെ ഇഴഞ്ഞു നീങ്ങുന്നു…. ഏതോ വണ്ടിക്കാളക്കാരന്റെ വഴികാട്ടി ആയിരുന്നു ആ വെളിച്ചം….. ഇന്നത്തെ തന്റെ സ്വപ്നങ്ങളും, നാളയുടെ അപൂർണ്ണതയും, ദു:ഖങ്ങളും, പ്രത്യാശകളും ഒക്കെ കുത്തിനിറച്ച് ആ കാളവണ്ടി അതിന്റെ യാത്രയിൽ ആണ്……. അതിന്റെ അടിയിൽ തൂക്കിയിട്ടിരിക്കുന്ന റാന്തൽ താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നു…… ഈ തിമിർത്തു പെയ്യുന്ന മഴയും, ആ റാന്തലും എതോ മുജ്ജന്മത്തിൽ ഇണപിരിയാത്ത കമിതാക്കൾ ആയിരിക്കാം…. മഴത്തുള്ളികൾ വണ്ടിക്കാളകളുടെ കണ്ണുകളിലേക്ക് പതിക്കുന്നുണ്ടായിരിക്കും… അവയുടെ കാഴ്ചയെ അവ്യക്തമാക്കിക്കൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാകാം….. എങ്കിലും ചെളിവെള്ളം കെട്ടിനില്ക്കുന്ന ഈ വിജനമായ പാതയിലൂടെ യജമാനന്റെ ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നു… അവയുടെ ചിന്തകളിൽ എന്തായിരിക്കും നിറഞ്ഞു നില്ക്കുന്നത്…? കുറെ വെക്കോലും, പിണ്ണാക്കും, പിന്നെ സ്വന്തം ലക്ഷ്യമാക്കിത്തീർത്ത യജമാനന്റെ ലക്ഷ്യത്തിലേക്ക് നീളുന്ന വഴികളും… ഇവറ്റകളല്ലെ യഥാർത്ഥ മനുഷ്യർ…. ആ വഴിയുടെ കാഴ്ച്ചയ്ക്കപ്പുറത്തേക്ക് ആ റാന്തലിന്റെ വെളിച്ചം യാന്ത്രികമായ ചലനത്തോടെ അലിഞ്ഞലിഞ്ഞില്ലാതെയായി…..,

പുറത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചു… ചെറിയ ജനാലയിലൂടെ മഴത്തുള്ളികൾ വിളിക്കപ്പെടാത്ത അതിഥികളെ പ്പോലെ അപ്പോഴും വിരുന്നെതുന്നുണ്ടായിരുന്നു….. അവയുടെ സ്പർശം മനസ്സിനെ ഇളകി മറിച്ചു…. അവൻ മഴയേയും, മഞ്ഞിനേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു….. തന്റെ അച്ഛനെ പോലെ….. ചെടികളും, പൂക്കളും ഒക്കെ ആയിരുന്നല്ലോ അച്ഛന്റെ കൂട്ടുകാർ…. സംസാരിക്കുന്നതും, ഹൃദയം പങ്കുവയ്കുന്നതും ഒക്കെ അവയോടു മാത്രമായിരുന്നല്ലോ….. അച്ഛനെ പേലെ അവയോടൊപ്പം കളിക്കാനും, സംസാരിക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു…. പക്ഷേ അങ്ങനെ ഒക്കെ ചെയ്താൽ തന്നെയും നാട്ടുകാർ വട്ടൻ എന്നു വിളിക്കും…. അതോർക്കുമ്പോൾ ആ കുഞ്ഞു മനസ്സ് ഒന്നു പിടഞ്ഞു….

മുറിക്കുള്ളിലെ അരണ്ട വെളിച്ചം അവതെനോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി….. വെളിച്ചത്തേക്കാളേറെ കറുപ്പിനോട് ആയിരുന്നു അവന്റെ ചങ്ങാത്തം….. ഈ കറുത്ത രാത്രിയിൽ വിരിയുന്ന പൂക്കളാക്കെ വെളുത്തതാണ്…. അവയ്‌ക്കെല്ലാം മനസ്സിനെ മയക്കുന്ന സുഗന്ധവും ഉണ്ട്….

ആറ്റുവക്കിലെ ചെമ്പകമരത്തിലെ വെളുത്ത പൂവുകൾ മഴയിൽ കൊഴിഞ്ഞിട്ടുണ്ടാവാം…. നാളെ കുഞ്ഞിലക്ഷ്മിക്ക് പറിച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നതാണല്ലോ…. ഉള്ളിൽ നിറയെ ദുഃഖങ്ങൾ സൂക്ഷിക്കുന്ന അവളുടെ പുഞ്ചിരിക്കുപോലും ഒരു വിഷാദം ഉണ്ടായിരുന്നു….. ഇരുട്ടിനെ സ്നേഹിക്കുന്ന അവൾക്ക് ചെമ്പകപ്പൂക്കൾ ഒരുപാടിഷ്ടമായിരുന്നു……

കുഞ്ഞിലക്ഷ്മിയും, അമ്മയും മാത്രമേ വട്ടൻകുഞ്ഞൻ എന്ന് തന്നെ വിളിക്കാത്തവരായി ഈ ലോകത്ത് ഉണ്ടായിരുന്നുള്ളൂ…..

നാളെ എങ്ങിനെ അവൾക്കു പൂ പറിച്ചു കൊടുക്കും..? ആരും അറിയാതെ അക്കരയ്ക്ക് നീന്തിയാല്ലോ…? അവിടെ തേയിലക്കാടിനിടയിൽ ഉള്ള ചെമ്പകത്തിൽ നിന്ന് കൈനിറയെ പൂക്കളുമായി വരണം… അതുകൊണ്ട് കുഞ്ഞിലക്ഷ്മിയുടെ കൈയ്യും മനസ്സും നിറയ്ക്കണം…. അപ്പോൾ തീർച്ചയായും അവൾ പുഞ്ചിരിക്കും…..

എന്തു കൊണ്ടാണ് ആളുകൾ ചിരിക്കാത്തത്…? കുഞ്ഞിലക്ഷ്മി, അമ്മ അങ്ങിനെ പലരും അപൂർവ്വമായെ ചിരിക്കാറുള്ളൂ….. പക്ഷേ അച്ഛൻ….. ഒരുപാടു ചിരിക്കുമായിരുന്നു, കരയുമായിരുന്നു…. എന്നിട്ടും അച്ഛന് ഒരു മനുഷ്യനാകാൻ കഴിഞ്ഞില്ല….