കുഞ്ഞന്റെ മലയിറക്കം 2128

താൻ പലപ്പോഴും അമ്മയോടൊപ്പം യക്ഷിപ്പാറയിൽ ചെന്ന് പാറേലപ്പൂപ്പന് മുറുക്കാനും, ചാരായവും കൊടുക്കാറുണ്ടായിരുന്നു… തിരിഞ്ഞു നോക്കാതെ മലയിറങ്ങാൻ അമ്മ പറഞ്ഞിരുന്നു… തിരിഞ്ഞുനോക്കിയാൽ അപ്പൂപ്പൻ അതൊന്നും തൊടില്ല പോലും….. പിന്നീട് അമ്മ അറിയാതെ അവൻ പോയി നോക്കുമ്പോൾ മുറുക്കാനും, ചാരായവും അവിടെ കണ്ടിരുന്നില്ല..! അപ്പൂപ്പൻ എടുത്തിരിക്കാം…..! അപ്പോഴെല്ലാം നാണുപ്പണിക്കർ ചുണ്ടത്ത് ഏതോ നാടൻ പാട്ടുമായി അതു വഴി മലയിറങ്ങുന്നത് കാണാമായിരുന്നു…..

വട്ടനച്ഛൻ പാറേലപ്പൂപ്പന്റെ അടുത്താണെങ്കിൽ ഒരാപത്തും വരില്ല തീർച്ച…..

അവന് തെല്ലൊരാശ്വാസം തോന്നി……. പക്ഷേ ഭയം ജനിപ്പിച്ച കുറേ സംഭവങ്ങളും മനസ്സിൽ ഉണ്ട്……..

ഒരു പത്താംമുദയത്തിന് യക്ഷിപ്പാറയിൽ ഊരാളിയപ്പൂപ്പൻ വന്ന് ഉറഞ്ഞുതുള്ളി…….. എന്തൊകെയോ വിളിച്ചു പറഞ്ഞു…… ചാരായത്തിന്റെ രൂക്ഷഗന്ധം അവിടെ ആകമാനം തളം കെട്ടി നിന്നിരുന്നു…… കയ്യിൽ പിടിച്ചിരുന്ന ശൂലത്തിലെ മണികൾ ഒച്ച ഉണ്ടാക്കിക്കൊണ്ടേയിരുന്നു….. ഊരാളിയപ്പൂപ്പന്റെ ദേഹത്ത് അന്ന് പാറേലപ്പൂപ്പൻ കയറുമത്രെ…! പാറേലപ്പൂപ്പന് പറയാനുള്ളതൊക്കെ ഊരാളിയപ്പൂപ്പനെക്കൊണ്ട് പറയിപ്പിക്കും…. പിന്നീട് പൂവൻകോഴിയുടെ കഴുത്തിലെ ചുടുചോര വലിച്ചുകുടിച്ച്, ബോധം മറഞ്ഞ് നിലത്തു വീഴും…

കറുത്ത പൂവൻകോഴിയുടെ കഴുത്തിലേക്ക് ഊരാളിഅപ്പൂപ്പന്റെ പല്ലുകൾ  ആഴ്ന്നിറങ്ങുബോൾ ആ പൂവൻ കോഴിയുടെ ദയനീയമായ കരച്ചിൽ അലിഞ്ഞ് തീരുന്നത് അവൻ നിസ്സഹായതയോടെ നോക്കിനിന്നു…… പിന്നീട് എത്രയോ രാത്രികളിൽ ആ കരച്ചിൽ കേട്ട് അവൻ ഞെട്ടിയുണർന്നിരുന്നു…

ഊരാളിഅപ്പൂപ്പൻ….. ഊരാളിഅപ്പൂപ്പൻ….. എന്ന് പുലമ്പിക്കെണ്ടേയിരിക്കും… പിന്നയാ രാത്രി ഉറക്കമില്ലാത്തതായി മാറും. അപ്പോഴെല്ലാം പുറത്ത് ചങ്ങല കിലുക്കം കേൾക്കാമായിരുന്നു……

വട്ടനച്ഛന്റെ കാലിലെ ചങ്ങലയാണോ ഒച്ചയുണ്ടാക്കിയിരുന്നത്…..?

അമ്മ പറഞ്ഞ കഥയാണ് അപ്പോഴെല്ലാം മനസ്സിലേക്ക് കടന്നു വന്നിരുന്നത്….

പാറേലപ്പൂപ്പന്റെ പോക്കു വരവുണ്ടത്രേ…..!

ഒരു കയ്യിൽ എരിയുന്ന തീ പന്തവും, മറ്റേ കയ്യിൽ ചങ്ങലയും പിടിച്ചുകൊണ്ട് യക്ഷിപ്പാറയിൽ നിന്നും അക്കരെയുള്ള അപ്പൂപ്പൻപാറയിലേക്ക് എല്ലാ ദിവസവും പാറേലപ്പൂപ്പന്റെ പോക്കു വരവുണ്ടത്രേ…..! പാറേലപ്പൂപ്പൻ പോകുന്ന വഴിയിൽ ആരെങ്കിലും നിന്നാൽ, അത് മനുഷ്യനോ, മൃഗങ്ങളോ എന്തുമാകട്ടെ പിറ്റെ ദിവസം ചത്തു കിടക്കുന്നത് കാണാം…..! ആ ശരീരത്ത് ചങ്ങലയുടെ പാടുകളും കാണാം……!

ഈ കഥകൾ അവന്റെ കുഞ്ഞു മനസ്സിൽ ഭീതിയുടെ വിത്തുകൾ വിതച്ചു… എന്തൊക്കെ ആയാലും നമ്മുടെ നാടിന് നാശവും, ദോഷവും ഉണ്ടാകാതെ കാത്തു രക്ഷിച്ചു പോരുന്നത് പാറേലപ്പൂപ്പൻ തന്നെയല്ലേ… അതു കൊണ്ട് എപ്പോഴെല്ലാം യക്ഷിപ്പായുടെ നെറുകയിലെ ആ കറുത്ത കല്ലിന്റെ മുന്നിൽ എത്തിയാൽ അറിയാതെ കൈതൊഴുതു പിടിക്കാറുണ്ടായിരുന്നു… ചുണ്ടുകൾ അറിയാതെ മന്ത്രിക്കും “എന്റെ അപ്പൂപ്പാ……. കാക്കണേ…….”

ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും പാറേലപ്പൂപ്പന്റെ പല രൂപങ്ങളും അവന്റെ പിഞ്ചു മനസ്സിലേക്ക് ആവാഹിക്കപ്പെടുമായിരുന്നു….പാറേലപ്പൂപ്പന്റെ പല്ലുകളിൽ പൂവൻകോഴിയുടെ ചൂടുചോരപുരണ്ടിരുന്നു…. കയ്യിലെ ഇരുമ്പു ചങ്ങല തന്റെ വട്ടനച്ഛന്റെ കാലിലെതിന്റെ അത്രതന്നെ വലിപ്പമുള്ളതായിരുന്നു…… അപ്പൂപ്പൻ തന്നെ വലതുകൈ നീട്ടി അരികിലേക്ക് വിളിക്കും, മടിയിലിരുത്തും പിന്നെ ചെവിയിൽ ചൂണ്ടുകൾ ചേർത്ത്  “കുഞ്ഞാ………” എന്ന് നീട്ടി വിളിക്കും…. തന്റെ അമ്മവിളിക്കുന്നതുപോലെ…. ആ വിളി അവന് ഏറെ ഇഷ്ടമായിരുന്നു…. വാത്സല്യത്തിന്റെ പരകോടിയിൽ എത്തപ്പെടുന്ന നിമിഷം….

പക്ഷേ തന്റെ വട്ടനച്ഛൻ ഒരിക്കൽ പോലും അങ്ങനെ വിളിച്ചിട്ടില്ല… എന്തിന് സ്നേഹത്തോടെ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല…. പക്ഷേ എപ്പോഴും സ്വയം എന്തെക്കെയോ പുലമ്പിക്കൊണ്ടേയിരിക്കും….. അവ്യക്ക്തമായ അടക്കം പറച്ചിലും, ചിരിയും, തേങ്ങിക്കരച്ചിലും…. പല രാത്രികളിലും ഉറക്കെ നിലവിളിക്കുമായിരുന്നു…. പിന്നെ കഞ്ഞി കുടിക്കാൻ പുറത്തു വച്ചിരുന്ന ഇരുമ്പുപാത്രത്തിന്റെ ഒച്ചയും…. പല ദിവസങ്ങളിലും ആ നിലവിളി ശബ്ദം അവനെ വല്ലാതെ ഭീതിപ്പെടുത്തുമായിരുന്നു….. അപ്പോഴെല്ലാം അമ്മയുടെ ദേഹത്തിനോട് ചേർന്നുകിടക്കും…. അമ്മയുടെ കൈകൾ എന്നെ മുറുക്കെ ശരീരത്തോട് ചേർത്തു പിടിക്കും….  കണ്ണുനീരിന്റെ നനവ് ഉമ്മകളായി എന്റെ നെറ്റിതടത്തെ നനയിച്ചിരുന്നു…..

വട്ടനച്ഛൻ…… നാട്ടുകാർ എന്റെ അച്ഛനു നല്കിയിരുന്ന പേര്….. പിന്നീടെപ്പോഴോ എന്റെ നാവിലും പലപ്പോഴും ആ പേര് വന്നു തുടങ്ങി…. അമ്മകരഞ്ഞു പറഞ്ഞിരുന്നു “കുഞ്ഞാ നീ ഒരിക്കലും അങ്ങിനെ വിളിക്കരുത്……. അച്ഛാ….. എന്നു വിളിക്കൂ……”

അച്ഛൻ…. അവന്റെ മനസ്സിലെ അച്ഛന്റെ രൂപത്തിന് ഒരു ഭയാനകമായ കോലത്തിന്റെ ഛായയായിരുന്നു…… പണ്ടെപ്പോഴോ കണ്ട ഭൈരവിക്കോലത്തിന്റെ ഛായ……. അച്ഛന്റെ ചുവന്ന കണ്ണുകൾ കത്തിനില്ക്കുന്ന തീപന്തങ്ങൾ പോലെ തീഷ്ണമായിരുന്നു……. പക്ഷേ അവയുടെ ഏതോ ഒരു കോണിൽ ഒരു പുത്രവാത്സല്യത്തിന്റെ ജ്വാലയും ഒളിപ്പിച്ചു വച്ചിരുന്നോ…? തണുപ്പു കാലങ്ങളിൽ ആ കണ്ണുകളുടെ വന്യതക്ക് തീഷ്ണത ഏറിയിരുന്നു…. രാത്രികാലങ്ങളിൽ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകിയിരുന്നു….. ജഢ പിടിച്ച മുടി വലിച്ചുപിഴാൻ ശ്രമിക്കുന്നത് അവൻ ജനാലയിലൂടെ നോക്കി നിന്നിരുന്നു….. കാലിലെ ചങ്ങല വലിച്ചു പൊട്ടിക്കാൻ വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും……

“എന്റെ അപ്പൂപ്പാ……. എന്റെ അച്ഛൻ മാത്രം എന്തെ ഇങ്ങനെ…….?”

ആ കുഞ്ഞു മനസ്സിൽ വേദനിപ്പിക്കുന്ന ആ ചേദ്യം ഉത്തരം കിട്ടാതെ ആവർത്തിക്കപ്പെട്ടു……..

പുറത്ത് നിന്നിരുന്ന തെങ്ങിന്റെ തലയിൽ പാതിരാക്കാറ്റ് ആഞ്ഞു പ്രഹരിക്കുന്നുണ്ടായിരുന്നു…… അതിന്റെ നിഴൽ മൂടിയഴിച്ചിട്ട ഒരു യക്ഷിയെ പ്പോലെ ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു…… പൊന്തക്കാട്ടിൽ നിന്നും മിന്നാമിനുങ്ങുകൾ പറന്നുയർന്നു…….. വന്യമായ ചിരിയോടെ അച്ഛൻ ബഞ്ചിലേക്ക് മലർന്നു കിടന്നൂ……. ചങ്ങല ഉരഞ്ഞുണ്ടായ വടുക്കളിൽ ചലം മുറ്റി നില്ക്കുന്നുണ്ടായിരുന്നു…….

“കുഞ്ഞാ…. വന്നു കഞ്ഞി കുടിക്ക്…”