കുഞ്ഞന്റെ മലയിറക്കം 2128

കുഞ്ഞന്റെ മലയിറക്കം

Kunjante Malayirakkam BY ANI Azhakathu

ANI AZHAKATHU

Writer, Blogger. From Konni. An expatriate

മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു.

ഒരു വല്ലാത്ത മഴക്കോള് അന്തരീക്ഷത്തെ ആകമാനം മൂടിയിരിക്കുന്നു. വീശിയടിക്കുന്ന തണുത്തകാറ്റിൽ യക്ഷിപ്പാറയുടെ നെറുകയിൽ പൂത്തുനിന്നിരുന്ന പാലപ്പൂവിന്റെ ഗന്ധം പരന്നൊഴുകുന്നു. അവൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. ആ വലിയ പാലമരത്തിന്റെ ചില്ലകൾ കാറ്റിൽ ആടി ഉലയുന്നുണ്ടാവാം? അതിന്റെ വെളുത്തപൂക്കൾ അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ടാവാം?

മഴ പെയ്താൽ അതെല്ലാം വെള്ളത്തിൽ ഒലിച്ചുപോകും. നാളെക്കാലത്ത് അവ പെറുക്കാൻ പറ്റാണ്ടാകും… എങ്ങിനെയാ ഈ സമയത്ത് യക്ഷിപ്പാറയിൽ തനിച്ച് പോവുക?

പുറത്ത് കാറ്റിന്റെ ശക്‌തി കൂടിക്കൂടി വന്നു കൊണ്ടേയിരിക്കുന്നു, കത്തിയെരിയുന്ന മെഴുകുതിരിയുടെ ഒരുവശം ഉരുകി ഒലിച്ചിറങ്ങി, കാറ്റിൽ അത് അണഞ്ഞുപോകുമോ? അവൻ രണ്ടു കൈകൾകൊണ്ടും ആ നാളത്തെ അണയാതെ മറച്ചു പിടിക്കാൻ ശ്രമിച്ചു. കൈകളുടെ നിഴൽ കുമ്മായം തേച്ച വെളുത്ത ഭിത്തിയിൽ കറുത്ത ചിത്രങ്ങൾ കോറിയിട്ടു. ഏതോ ഭീകരനായ കഴുകൻ ചിറക്കുകൾ വിടർത്തി നിൽക്കുന്നതു പോലെ… അതിന്റെ വായിൽ നിന്നും ചുവന്ന തീ നാളങ്ങൾ പുറപ്പെട്ടുന്നുണ്ടോ….? അതിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നോ…? ഈ ഇരുട്ടിലും അവ തിളങ്ങുന്നുണ്ടാവാം..?

അവന്റെ കൈകളിലേക്ക് മെഴുകുതിരിനാളത്തിന്റെ ചൂട് തട്ടാൻ തുടങ്ങിയപ്പോൾ അവൻ തന്റെ കൈകൾ പുറകോട്ട് വലിച്ചു…

ഈ തീനാളത്തിന് ഇത്രമാത്രം ചൂടുണ്ടോ…? പൊള്ളിച്ചുവന്നിരിക്കുന്ന കൈകളിലേക്ക് അവൻ സൂക്ഷിച്ച്നോക്കി… അവൻ വിരലുകളെ ചുണ്ടോടു ചേർത്തൂ…… പിന്നീടവയെ ഒരു കൈക്കുഞ്ഞ് മുലനുണയുന്ന ലാഘവത്തോടെ വലിച്ചു കുടിച്ചു……… വിരലുകളിൽ നിന്നും വേദനയുടെ ഉറവയെ തന്റെ വയറ്റിലേക്ക് വലിച്ചെടുത്തു കൊണ്ടേ ഇരുന്നു……. വേദന മെല്ലെ അലിഞ്ഞില്ലാതായി.

ഈ ചെറിയ മെഴുകുതിരിനാളത്തിന് ഇത്രത്തോളം വേദനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ…… അന്ന് തന്റെ വട്ടനച്ഛന് എത്രമാത്രം വേദനിച്ചിരിക്കാം…? പക്ഷേ എന്നിട്ടും വട്ടനച്ഛൻ എന്തുകൊണ്ടാണ് കരയാതിരുന്നത്..? തെക്കെ അയ്യത്ത് വെട്ടിയ കുഴിയുടെ മുകളിൽ നിറയെ മാവിന്റെ വിറകുകൾ നിരത്തിവച്ച് വട്ടനച്ഛനെ അതിൽ കിടത്തി എരിയുന്ന തീപന്തം എന്റെ കയ്യിൽ തന്നിട്ട് കൊളുത്താൻ പറഞ്ഞു. കത്തിക്കരുതേ എന്നു ഞാൻ അലറി കരഞ്ഞിട്ടും എന്നെക്കൊണ്ട് ബലമായി തീ കൊളുത്തിപ്പിച്ചു…. എന്റെ അമ്മ പോലും തടയാതിരുന്നത് എന്റെ സങ്കടത്തിന്റെ ആഴം കൂട്ടി….. അമ്മ ദൂരെ മാറിനിന്ന് വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

ചുവന്ന തീനാളങ്ങൾ ആർത്തിയോടെ അച്ഛനെ മൂടുന്നത് ഒരു വല്ലാത്ത ഭയത്തോടെ നോക്കിനില്ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.

അന്ന് ഒരു മഴ പെയ്തിരുന്നെങ്കിൽ അച്ഛൻ തിരിച്ചു വന്നേനെ, പക്ഷെ മറ്റുള്ളവരെ പോലെ മഴയും എന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. മാവിന്റെ വിറക്കുകൾ ഓരോന്നായി കത്തി അമർന്നു കൊണ്ടിരുന്നു, ചുറ്റും കൂടിനിന്നിരുന്ന നാട്ടുകാർ ഓരോരുത്തരായി പതിയെ പിരിഞ്ഞു പോയി, അവസാനത്തെ വിറകുകഷ്ണവും കത്തിയമർന്നു…. തീക്കനലുകളുടെ അടുത്തേയ്ക്കവൻ നീങ്ങി നിന്നു…. ചുവന്ന കനലുകളിൽ നിന്നും ചാരപ്പാടകൾ വീണടിയുന്നു. കനലുകളുടെ തീവ്രമായ ചൂട് അവന്റെ ശരീരത്തിലേയ്ക്ക് കത്തിക്കയറുന്നു. വട്ടനച്ഛൻ അതിനുള്ളിൽ ഉണ്ടായിരുന്നില്ല. എന്നാൽ വട്ടനച്ചന്റെ കണ്ണിലെ കനലുകൾ എരിഞ്ഞു നിൽക്കുന്നു.

അച്ഛൻ എവിടെപോയി……?

അന്നു രാത്രിയിൽ അമ്മയുടെ മടിയിൽ കിടന്നപ്പോൾ ഞാനീ ചോദ്യം അമ്മയോട് ചോദിച്ചു…. കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മ പറഞ്ഞു…

” ദൂരെ…ദൂരെ… ഒരിടത്ത്……

നമ്മുടെ പാറേലപ്പൂപ്പൻ വന്നു വിളിച്ചോണ്ടുപോയി…. പാറേലപ്പൂപ്പൻ എന്നു കേട്ടപ്പോൾ അവന്റെ മനസ്സ് ഒന്നിളകി മറിഞ്ഞൂ…. യക്ഷിപ്പാറയുടെ മുകളിൽ ഉള്ള ആ പാലമരത്തിന്റെ ചോട്ടിലിരിക്കുന്ന ആ കറുത്ത കല്ലാണത്രെ പാറേലപ്പൂപ്പൻ….. നമ്മുടെ ഈ നാടിനെ മുഴുവൻ കാത്തുരക്ഷിക്കുന്നത് പാറേലപ്പൂപ്പൻ ആണത്രേ..!