കൂട് 18

നല്ല കാറ്റും മഴയുമുള്ള ദിവസമായിരുന്നു, ഉണ്ണി സ്കൂൾ വിട്ട്‌ വീട്ടിലേക്ക്‌ എത്തിയപ്പോൾ കാണുന്നത്‌ ആ മരം മറിഞ്ഞ്‌ വീണു കിടക്കുന്നതാണ്‌. അത്‌ കണ്ട്‌ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. അവർക്ക്‌ എന്ത് പറ്റിയുണ്ടാവും? എന്ന ചിന്ത അവനെ അലട്ടി. അമ്മയുടെ തോളിൽ പിടിച്ച്‌ റോക്കിയുടെ ഒപ്പം അവൻ മറിഞ്ഞ്‌ കിടക്കുന്ന മരത്തിനടുത്തേക്ക്‌ നടന്നു. “അമ്മേ അവർക്ക്‌ എന്തെങ്കിലും പറ്റിട്ടുണ്ടാവോ?” കരഞ്ഞുകൊണ്ട്‌ ഉണ്ണി ചോദിച്ചു. “ഒന്നൂണ്ടാവില്ല” അമ്മ ഉണ്ണിയെ സമാധാനിപിച്ചു. ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. ഉണ്ണിയുടെ കൈയ്യിൽ അമ്മ കുടകൊടുത്ത്‌ പ്ലാവിന്റെ ചില്ലകൾ മാറ്റാൻ തുടങ്ങി. റോക്കിയും പ്ലാവിന്‌ ചുറ്റും മണത്ത്‌ നടക്കുന്നുണ്ട്‌. ഇലയും ചില്ലയും കുന്നുപോലെ മൂടിയേക്കുവാണ്‌. ഒരോ ചില്ലയും ഒടിച്ച്‌ മാറ്റി അമ്മ തിരയുന്നു. ഉണ്ണിയുടെ കണ്ണികൾ ഒരിടത്ത്‌ ഉറയ്ക്കുന്നില്ല. അവനും തിരയുവാണ്‌. അമ്മ ഒരു വലിയ കൊമ്പ്‌ ഒടിച്ച്‌ മാറ്റി, ഉണിങ്ങിയ ചുള്ളികമ്പുകൾ പൊങ്ങി നിൽക്കുന്നു.പയ്യെ അത്‌ മൂടിയിരിക്കുന്ന പ്ലാവിലയും പച്ച ചില്ലയും മാറ്റി. ചുള്ളിക്കമ്പുകൾ എല്ലാം ഒടിഞ്ഞ കൂടിനു ഇടയിൽ നനഞ്ഞ്‌ ചിറകുകൾ വിടർത്തി ഒരു മൈന കിടക്കുന്നു.
അമ്മയുടെ തോളിൽ ഉണ്ണി മുറുകെ പിടിച്ചു. ആ മൈന അതിന്റ് കാലിനുള്ളിൽ ഒരു കുഞ്ഞിനെ മുറുകെ പിടിച്ചിരിക്കുന്നു. അമ്മ ആ മൈനയെ എടുത്തു. വയ്യ ആ പാവത്തിന്‌. എങ്കിലും എഠുത്തപ്പോൾ അത് ശബ്ദമുണ്ടാക്കി. കൊത്താനായിട്ട്‌ കഴുത്ത്‌ തിരിക്കാൻ കഴിയുന്നില്ല. അമ്മ അതിന്റെ ചുണ്ടിൽ വിരലകൾ ചേർത്ത്‌ പിടിച്ച്‌ അടച്ചു. അതിന്റെ പുറത്ത്‌ പിടിച്ചുയർത്തി. അപ്പോഴാണ്‌ ചിറകിനടിയിൽ നിന്നും രണ്ടു കുഞ്ഞുങ്ങൾ വീഴുന്നത്‌. അമ്മ ഉണ്ണിയുടെ കൈയ്യിലേക്ക്‌ ആ കുഞ്ഞുങ്ങളെ നൽകി. അവൻ അവരെ ചുണ്ടിലും നെറ്റിയും കുഞ്ഞു ചിറകിലും തലോടി.
“ആ മൈന മരിച്ചു പോവോമ്മേ?” അടറിയ ശബ്ദത്തിൽ ഉണ്ണി ചോദിച്ചു.
“ഏയ്‌ .. നാളെയാകുമ്പോൾ ഇവൾ ഓക്കെയാവും”

“നമക്ക് ഇവരെ ഒരു കൂടിൽ ഇടാം?” അമ്മ ഉണ്ണിയോട്‌ ചോദിച്ചു.
“വേണ്ട അമ്മേ .. നമക്ക്‌ ആ കൂട്‌ ഒന്ന് ശരിയാക്കി മുൻപിലെ പേരയിൽ വെക്കാം .. കൂട്ടിൽ ഇട്ടാൽ ..” മൈനയുടെ നെറ്റിയിൽ തലോടി ഉണ്ണി പറഞ്ഞു. അത്‌ കേട്ട്‌ അമ്മ ഉണ്ണിക്ക്‌ ഒരു ഉമ്മകൊടുത്തു.