കൂട് 18

ഒരു അത്ഭുതം കാട്ടുന്നപോലെയായിരുന്നു അവൻ അമ്മയെയും അച്ചനെയും ആ കാഴ്ച്ച കാട്ടിയത്‌. അവരും അവന്റെ കണ്ണുകളിലൂടെ അത്‌ കണ്ടു.
“അമ്മേ മൈനകൾ എന്താ കഴിക്കണെ?”
“അവർ … ഈ ചെറിയ പ്രാണിയെയും ജന്തുക്കളെയും ഒക്കെ.”
“എനിക്ക്‌ അവർക്ക്‌ എന്തെലും കൊടുക്കാൻ പറ്റുമോ? അവർ അത്‌ കഴിക്കുമോ?”
“അറിയില്ല മോൻ ആ ജനാലയ്ക്ക്‌ പുറത്ത്‌ വെച്ച്‌ നോക്ക്‌ .. ചിലപ്പോൾവന്നലോ!”
“എന്താ കൊടുക്ക?”
“വെലോ നട്ട്സ് ഓർ ഫ്രൂട്ട്സ്‌ വെച്ച്‌ നോക്കാം”

ഉണ്ണി അടുത്ത്‌ നാൾ തൊട്ട്‌ സ്കൂളിൽ പോവുന്നതിന്‌ മുൻപ്‌ ഒരു പാത്രത്തിൽ എന്തെങ്കിലും വെച്ചിട്ട്‌ അവർക്കു നേരെ കൈയ്യടിക്കും. “വാ വന്ന് എടുത്തോ! നിങ്ങൾക്ക്‌ ഉള്ളതാ”
പക്ഷേ ഉണ്ണി സ്കൂൾ വിട്ട്‌ തിരികെ വരുമ്പോഴും ആ ഫ്രൂട്ട്സ്‌ അവിടെ കാണും. അവർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന് ഉണ്ണി കരുതി.

2 ആഴ്ച്ചകൾ കഴിഞ്ഞു. ഉണ്ണി അവന്റെ ബൈനോക്കുളർ കൊണ്ട്‌ കൂട്ടിലേക്ക്‌ നോക്കി. പെട്ടന്ന് രണ്ട്‌ കുഞ്ഞ്‌ ചുണ്ടുകൾ മുകളിലേക്ക്‌ ഉയർന്നിരിക്കുന്നത്‌ അവൻ കണ്ടു. അവ്ൻ ഒരുപാട്‌ സന്തോഷിച്ചു. അവൻ വീട്ടിലെ എല്ലാവരെയും വിളിച്ച്‌ കാണിച്ചു അവൻ കാത്തിരുന്ന ആ മനോഹര ദൃശ്യം കാണാനായി.

ഉണ്ണി വീണ്ടും ഫ്രൂട്ട്സ്‌ വെച്ച്‌ കൈകൊട്ടി അവരെ വിളിച്ചു. അതിന് ശേഷം അവൻ ജനലടച്ചു പുറകോട്ട്‌ മാറി നിന്നു. കുറച്ച്‌ കഴിഞ്ഞ്‌ മൈനകളിൽ ഒന്ന് വന്ന് ജനലിൽ ഇരുന്നു, ഫ്രൂട്ട്‌സിൽ നിന്ന് അൽപം മാറി. ചുറ്റും തല വെട്ടിച്ച്‌ നോക്കി. പയ്യെ ചാടി ചാടി ഫ്രൂട്ട്സിനു അടുത്തെത്തി. ഒന്നിൽ കൊത്തി .വീണ്ടും ചുറ്റും നോക്കി എന്നിട്ട്‌ വാനിറച്ച്‌ കൊത്തിയെടുത്ത്‌ കൂട്ടിലേക്ക്‌ പറന്നു. ഉണ്ണി ബൈനോക്കുളറിലൂടെ ആ മൈനകൾ ആ ഭക്ഷണം കുഞ്ഞു മൈനകളുടെ വായിലേക്ക്‌ ഇട്ടുകൊടുക്കുന്നത്‌ നോക്കി നിന്നു.