കൂട് 18

Koodu by Amal Sujatha Satheesan

വീടിന്റെ താഴേ നിലയിലാണ്‌ ഉണ്ണിയുടെ മുറി. രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും അവൻ വീട്ടിലുള്ള സമയങ്ങളിൽ മുറിയുടെ വലതുവശത്തെ ജനലരികിൽ വന്ന് താടയിൽ കൈകുത്തി പുറത്തേക്ക്‌ നോക്കിയിരിക്കും.
വീട്‌ നിലത്ത്‌ നിന്ന് ഉയർത്തിയാണ്‌ പണിതിരിക്കുന്നെ. താഴേ തട്ടിലാണ്‌ മരങ്ങൽ . മഴക്കാലമാണ്‌ ഉണ്ണിക്ക്‌ ഏറ്റവും പ്രിയം.അവൻ ജനൽപാളികൾ തുറന്നിടും. മഴയുടെ സംഗീതം അവന്റെ മുറിയിൽ നിറയ്ക്കാൻ. കാറ്റിൽ പാറി അകത്തേക്ക്‌ വീശുന്ന മഴത്തുള്ളികളിലേക്ക്‌ മുഖം വെക്കുവാൻ അവന്‌ ഭയങ്കര ഇഷ്ടമാണ്‌. ശക്തമായ മഴയാണെങ്കിലും ഇലയിൽ നിന്ന് ഇലയിലേള്ളുള്ള മഴയുടെ ഒഴുക്ക്‌ അവൻ കൺവെട്ടാതെ നോക്കിയിരിക്കും. ഉണ്ണിക്ക്‌‌ കൂട്ടായിട്ട്‌ റോക്കിയും അവന്റെ അടുത്ത്‌ വന്നിരിക്കും. നാക്കും പുറത്തേക്കിട്ട്‌ ചെവിയും താത്തി ചെറു മഴയും നനഞ്ഞ്‌.
റോക്കിക്ക്‌ ഇപ്പോ രണ്ട്‌ വയസ്സായി.
ഒരു മഴക്കാലം, ഉണ്ണി അന്ന് ആറിൽ പഠിക്കുന്ന സമയമാണ്‌. സ്കൂൾ ബസ്സിൽ തിരിച്ച്‌ വീട്ടിലേക്കുള്ള യാത്ര. പുറത്ത്‌ നല്ല ഉഗ്രൻ മഴയും. സന്ധ്യയായിട്ടില്ല എങ്കിലും മഴയുടെ ശക്തിയിൽ അന്തരീക്ഷം ഇരുട്ടിതുടങ്ങിയിരുന്നു. പെട്ടന്നാണ്‌ ഉണ്ണി സഞ്ചരിച്ച സ്കൂൾ വാൻ മറിഞ്ഞ്‌ ഒരു കനാലിലേക്ക്‌ വീണത്‌. ഒരു വൻ ദുരന്തമാണ്‌ ആ വൈകുന്നേരം സംഭവിച്ചത്‌. തിങ്ങിനിറച്ച്‌ നീങ്ങിയ വാൻ, റൂട്ട്‌ പരിചയമില്ലാതിരുന്ന പുതിയ ട്രൈവർ, മോശം റോഡ് , അപകട കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു. അന്ന് ആ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപെട്ട കുട്ടികളിൽ ഒരാളായിരുന്നു ഉണ്ണി. പക്ഷേ ആ അപകടത്തിൽ നിന്ന്‌ അവന്റെ ഒരു കാല്‌ നഷടമായി. ശാരീരികമായും മാനസികായും അവൻ ഉഷാറാവാൻ കുറേ മാസങ്ങളെടുത്തു. അവന്‌ ബോധം വന്ന ആദ്യ ദിവസങ്ങളിൽ വേദനെയെക്കാൾ ഏറെ പേടി അനുഭവപെട്ട അവന്റെയടുത്ത്‌ എന്നും അമ്മ അല്ലെങ്കിൽ അച്ചൻ വേണമായിരുന്നു. ഒരുപാട്‌ വേദനതിന്നും, കരഞ്ഞും , വിഷമിച്ചും അവൻ ആശുപത്രിയിൽ നിന്ന് ഒരമാസത്തിന്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങിയെത്തി. കാര്യങ്ങൾ പഴയതുപോലെയായിരുന്നില്ല. ഒരു കാല്‌ നഷ്ടമായിയെന്ന് ഉണ്ണിയുടെ ബോധമനസ്സിന്‌ കൈക്കൊള്ളാൻ കുറേ സമയമെടുത്തു. ഒരു വീൽ ചെയർ‌ അവന്റെ ജീവിതഭാഗമായി. വീട്ടിൽ എത്തിയിട്ട്‌ രണ്ടാം ആഴ്ച്ചയാണ്‌ ഉണ്ണിക്ക്‌ റോക്കിയെ കിട്ടുന്നത്‌, 28 ദിവസം പ്രായമുള്ള ഒരു ലാബ്രഡോർ പട്ടികുഞ്ഞ്‌. രണ്ട്‌ പേരും പുതിയ ജീവിതം ഒരുമിച്ചാരംഭിച്ചു. വേദനയാലും വിഷമത്താലും വരണ്ട ഉണ്ണിയുടെ മനസ്സിലെ ഒരു മഞ്ഞുകാലമായിരുന്ന് റോക്കിയുമായുള്ള രണ്ട്‌ മാസം. രണ്ട്‌ മാസങ്ങൾക്ക്‌ ശേഷം ഉണ്ണി വീണ്ടും സ്‌കൂളിലേക്ക്‌ പോയി തുടങ്ങി.