കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 2059

Views : 19991

തന്റെ കാല്പാദങ്ങളിൽ വിരലുകൾ പതിഞ്ഞത് അവളറിഞ്ഞു.അവൾ കാലുകൾ പിന്നോട്ട് വലിക്കാനാഞ്ഞെങ്കിലും പിടി മുറുകി. കൊലുസ്സുകളിൽ തലോടി പാദങ്ങളെ പിന്നിലാക്കി പതുക്കെ ആ വിരലുകൾ തുടകളിലേക്ക് കടന്നപ്പോഴേക്കും അവളാ കൈകളിൽ മുറുക്കെ പിടിച്ചു.

“വേണ്ടേ മാളൂട്ടി “

“വേണ്ടാ “ അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

“എങ്കിൽ ഞാൻ ചോദിക്കട്ടെ “ മാളുവതിന് മൂളി.

“ആദ്യത്തേത്”

“വേരില്ല …. തടയില്ല…. കൊമ്പില്ല….. ഇലയില്ല …. കറുപ്പിൽ പൂത്ത് പന്തലിച്ചു നിൽക്കുന്ന മരം”

“അതേതാണ് മാളൂട്ടി “ പതിഞ്ഞ സ്വരത്തിൽ ചെമ്പരത്തി ചോദിച്ചു.

മാളുവിന്റെ ഹൃദയം ഭയപ്പെടുത്തുന്ന വേഗത്തിൽ മിടിച്ചുതുടങ്ങിയിരുന്നു. ഓർമ്മകളിലും കുഞ്ഞേലിയമ്മയുടെ കടലാസ്സുകളിലും അവളുടെ തലച്ചോർ പരതി.തുറന്നിട്ട ജനാലയിലൂടെ മുഖത്തേക്ക് നിലാവിന്റെ ചില്ല പടർന്നിറങ്ങിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്.വേരില്ലാതെ തടയില്ലാതെ കൊമ്പില്ലാതെ ഇലയില്ലാതെ കറുപ്പിൽ പൂത്ത് പന്തലിച്ച് ഒരായിരം നക്ഷത്രങ്ങളുമായി നിൽക്കുന്ന ആകാശം.

“ആകാശം… നക്ഷത്രങ്ങൾ “ അവൾ വിറച്ചുകൊണ്ട് പറഞ്ഞു

“മിടുക്കി….. രണ്ടാമത്തേത് “

“വെളുപ്പുണ്ട് നിലാവല്ല….. മധുരമുണ്ട്…. പഞ്ചാരയല്ല….. കണ്ണുകൊണ്ട് കാണാം.. വായ്കൊണ്ട് കുടിക്കാൻ വയ്യ”

ഭയം മാളുവിനെ പകുതിയിലധികവും മൂടി.ആലോചിച്ചിട്ട് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.അവളുടെ നിസ്സഹായാവസ്ഥ ആസ്വദിച്ചുകൊണ്ട് ഇരുട്ടിൽ ഒരു പുഞ്ചിരി വിടർന്നു.ആ ശ്വാസത്തിൽ ചാരായം മണത്തു.ഭയപ്പെടുത്തുന്ന ആ പുഞ്ചിരിയെ നോക്കി അവൾ പറഞ്ഞു.

“ഉത്തരം….. പുഞ്ചിരി “ അവളുടെ മറുപടിയിൽ പൈശാചീകമായ ആ ചിരി മാഞ്ഞു

“മിടുമിടുക്കി…. ഇതുവരെ ആരും ഇത്രെയു മെത്തീട്ടില്ല “

“മൂന്നാമതെത്തും അവസാനത്തേതും “

മാളുവൊരു ദീർഘനിശ്വാസമെടുത്ത് ഇരുട്ടിലേക്ക് നോക്കിയിരുന്നു.

“ചുണ്ടിന്റെ ചുവപ്പ്…… എന്നാൽ ചുണ്ടല്ല…… രക്തത്തിന്റെ കൊഴുപ്പ്….. എന്നാൽ രക്തമല്ല….. മുകളിലും നീ …..താഴയും നീ…. ഉള്ളിലെ ഭയവും നീ… കണ്ണിലെ മരണവും നീ”

നനഞ്ഞ കണ്ണുകളോടെ മാളു ഇരുട്ടിലേക്ക് നോക്കി.അവളുടെ ചിന്തകൾ പരമാവധി വേഗത്തിൽ സഞ്ചരിച്ചു.തലച്ചോറിന്റെ എല്ലാ കോണുകളിലും അവൾ പരതി.എങ്ങും ഇരുട്ട് മാത്രം.അവൾ വിയർത്തു.തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോവുന്നതെന്നറിയാതെ മാളു നിസ്സംഗയായിരുന്നു.അവളിലേക്ക് പടർന്നു കയറിയ ഇരുണ്ട രൂപത്തിന്റെ കണ്ണുകളിൽ അവൾ മരണത്തെ കണ്ടു.

പിറ്റേന്ന് തെങ്ങിന്തോപ്പിലാണ് മാളുവിന്റെ നഗ്നമായ ജഡം കിടന്നത്.ചെത്തുകാരൻ ചെറുമനെ തലേന്ന് രാത്രി ആ ഭാഗത്ത് കണ്ടുവെന്ന് ആരോ സാക്ഷി പറഞ്ഞതിനാൽ അയാൾ അറസ്റ്റിലായി.

വർഷങ്ങൾക്ക് ശേഷം തറവാട്ടിൽ നടന്ന മരണമറിഞ്ഞ് നാട്ടുകാരെലാം മുറ്റത്ത് സഭ ചേർന്നിരുന്നു.

യശോദാമ്മ പോതിഞ്ഞുവെച്ച ഭാണ്ഡവുമായി കുഞ്ഞേലി അവർക്കിടയിലൂടെ നടന്നു നീങ്ങി.

മാളുവിന്റെ മാറിലെ മുറുക്കാൻ കറയുടെയും മുടിയിഴകളിൽ പിടഞ്ഞുകിടന്ന ചെമ്മരത്തിപ്പൂവിന്റെയും യും ചുവപ്പ് ആരുടേയും കണ്ണുകളിൽ പെട്ടില്ല .

ആൾക്കൂട്ടത്തെ പിന്നിലാക്കി ഇഴഞ്ഞു നീങ്ങിയ കുഞ്ഞേലിയമ്മയുടെ ചുണ്ടുകളിലും കണ്ടു ഒരു ചുവപ്പ്.ഒപ്പം ആർക്കും ഉത്തരം കിട്ടാത്തൊരു കടങ്കഥയും.

ഇത് ഒരു തുടർകഥ അല്ല. എവിടെ നിന്നോ മനസിലേക്ക് വന്ന ചില അക്ഷരങ്ങളെ കൂട്ടിച്ചേർത്തു ഇത് പോലെ ആക്കിയതാണ്.

 

Recent Stories

The Author

Enemhunter

14 Comments

  1. കഥയിൽ ചോദ്യത്തിന് പ്രസക്തിയില്ല, മനോഹരമായി എഴുതി ഒരു ത്രില്ലർ സ്റ്റയിൽ, അടുത്ത കഥ പോരട്ടെ, ആശംസകൾ…

    1. അടുത്ത കഥ എഴുതി പകുതി ആയിട്ടുണ്ട് ക്ലൈമാക്സ്‌ ഒരു തൃപ്തി ആകുന്നില്ല. രണ്ട് ദിവസത്തിനകം ഇടും

  2. വളരെ നന്നായിരുന്നു
    ത്രില്ലിംഗ് ആയിരുന്നു, സസ്പെൻസ് ഒക്കെ ഉണ്ട്
    ഇനിയും എഴുതു

    By
    അജയ്

    1. 🙏🙏🙏 അടുത്ത കഥയുടെ പണിപ്പുരയിൽ ആണ് രണ്ടു ദിവസത്തിനകം ഇടും

  3. സത്യത്തിൽ ഈ കുഞ്ഞേലി ആരാ ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്തായാലും കഥ നന്നായിട്ടുണ്ട് 💞💞

    1. ,കുഞ്ഞേലി ഒരു പിടി കിട്ടാത്ത കടങ്കഥ ആണ്.

  4. നിങ്ങൾ തന്നെയാണോ നിനക്കായ് കഥ എഴുതിയ കുട്ടേട്ടൻ..??

      1. താങ്കളുടെ പേരിൽ റീപ്ലൈ കൊടുത്തത് കണ്ടു..അതുകൊണ്ട് ചോദിച്ചതാണ്

        1. അത് അബദ്ധം പറ്റിയതാണ് ഞാൻ ഉറക്കപിച്ചിൽ കഥ മാറി പോയതാണ്

  5. ഗംഭീര എഴുത്ത് സഹോ..
    യഥാർഥ ചോദ്യം നാലാമത്തേത് ആണല്ലോ..
    കുഞ്ഞേലി ആരാണ്?
    (മൂന്നാമത്തെ ഉത്തരം അറിഞ്ഞിട്ടല്ല കേട്ടോ😂😂)
    അവസാനം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുത്തത് നന്നായി..
    പെണ്പട എന്ന ഒറ്റ കഥയിലൂടെ മനസിൽ ഒരിടം പിടിച്ച എഴുത്തുകാരന്റെ രണ്ടാമത്തെ കഥയും അതി ഗംഭീരം തന്നെ..ഇൻട്രോയിൽ പറഞ്ഞ എഴുത്തുകാരോടൊപ്പം സ്വന്തം പേരും എഴുതി ചേർക്കാം എന്നാണ് ഞാൻ കരുതുന്നത്..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു
    ~നീൽ❤️

    1. ആരാണ് കുഞ്ഞേലി അതൊരു….. നിർവ്വചനീയം ആണ്.
      ആ എഴുത്തുകാരന്റെ പേരിനൊപ്പം ചേർക്കാനുള്ള യോഗ്യത ഒന്നും ഇതിനില്ല. ഞാൻ ആ കാൽച്ചുവട്ടിൽ ഇരുന്നോളാം

  6. ബ്രോ..
    അടിപൊളി, നല്ല എഴുത്ത്..😍😍
    ഞാനൊക്കെ ആയിരുന്നേൽ ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ട് ആയേനെ😂😂 എന്നാലും, അവർ എന്തിനാണ് അങ്ങനെ ചെയ്തുകാണുക?? പണ്ടത്തെ വല്ല പകയും..?? അതോ വെറുമൊരു സൈക്കോ ജനനം??🤔🤔

    1. അതിന് ഉത്തരം പലതാണ്. വായനയുടെ അവസാനം നിങ്ങൾ എത്തുന്ന നിഗമനം എന്തോ അതാണ് ഉത്തരം. ഒരു കടങ്കഥ പോലെ…..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com