ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1528

“നിങ്ങൾക്ക് മുന്നിൽ കൊട്ടിയടക്കപ്പെടുന്ന ഈ വാതിൽ ഇനിയൊരിക്കലെങ്കിലും തുറക്കപ്പെടും എന്ന പ്രതീക്ഷയും വെച്ചുകൊണ്ട്
ഗൗരിയെയും ഗൗരിയിൽ നിങ്ങൾക്ക് പിറന്ന ഈ മകനെയും അന്വേഷിച്ചു ഇനിയും ഈ വഴി വരരുത്.. എല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു”…..
മറുത്തൊന്ന് പറയും മുൻപ് തന്നെ പുറം തള്ളിക്കൊണ്ട് ആ വാതിലുകൾ എന്നന്നേക്കുമായി തന്റെ മുന്നിൽ കൊട്ടിയടച്ചു..
ഉച്ചത്തിൽ അലറി വിളിച്ചു അപേക്ഷിച്ചിട്ടും ഗൗരി എന്ന ദേവി തന്നിൽ കടാക്ഷിച്ചില്ല……
എങ്കിലും ആ ഒറ്റമുറി വിടിന്റെ അകത്തു നിന്നും അടക്കി പിടിച്ച തേങ്ങലിന്റെ അർത്ഥം മനസിലാക്കിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല….
“ഗൗരി, അവൾ തന്നെ സ്നേഹിച്ചിരുന്നു” എന്ന സത്യം……
പെറ്റമ്മ മരിച്ചതിനു ശേഷം ജീവിതത്തിൽ ഇത്രയും ദുഃഖവും സങ്കടവും അനുഭവിച്ച നിമിഷം വേറെയുണ്ടായിട്ടില്ല…
കരഞ്ഞു കലങ്ങിയാ കണ്ണിൽ നിന്നും പ്രവഹിക്കുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറക്കപ്പെടുമ്പോഴും പിന്നിൽ നിന്നും അവൾ ഒന്നു വിളിച്ചെങ്കിൽ എന്നു വെറുതെയെങ്കിലും ഒന്നു ആശിച്ചു പോയി…..
കാലം തന്നോട് ചെയ്യുന്ന മധുരപ്രതികാരം…..
വർഷങ്ങൾക്ക് മുൻപ് ഒരു വിളിക്കായി കാതുകൂർപ്പിച്ച ഗൗരിയുടെ മുഖം തന്റെ മുന്നിൽ തെളിഞ്ഞു വരുമ്പോൾ അവൾ അന്ന് അനുഭവിച്ച വേദനയുടെ ആഴം എത്രയോ വലുതായിരുന്നു എന്നു ഈ നിമിഷമാണ് തനിക്ക് ബോധ്യമായത്……..
കഴുത്തിലെ രുദ്രാക്ഷമാലയും കാഷായ വസ്‌ത്രവും അവിടെ തന്നെ ഉപേക്ഷിച്ച്,
ഈ സന്യാസജീവിതത്തിന് ഇനി യോഗ്യനല്ല എന്നാ പരമമായ സത്യം താൻ മനസിലാക്കുന്നു…
കണ്ണിൽ നിന്നും മറയുന്നത് വരെ ആ വാതിലുകൾ തന്റെ മുന്നിൽ തുറന്നുവെങ്കിലോ എന്ന നേർത്ത പ്രതിക്ഷയോടെ വീണ്ടും വീണ്ടും പിന്തിരിഞ്ഞു നോക്കികൊണ്ടിരുന്നു….
അശ്വത്മാവിനെ പോലെ ശാപങ്ങളും പേറി ഈ ഭൂമിയിൽ നരകിച്ചു ജീവിക്കാനാണ് തന്റെ വിധി…
ഇല്ല ഈ പാപജന്മത്തിൽ നിന്നും തനിക്ക് ശാപമോക്ഷമില്ല….
വിദൂരതയിലേക്ക് നടന്നു നീങ്ങുന്ന ഹരിഗോവിന്ദനെ പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന ആ മിഴികൾ ജനല്പാളികൾക്ക് ഇടയിൽകൂടി അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു..
അൻസാരി മുഹമ്മദ് കെട്ടുങ്ങൽ….