ഇരുട്ട് [AK] 81

പറയുന്നതിനോടൊപ്പം തന്നെയവളുടെ തോളിനു വശത്തായി ശക്തമായ ഒരു ചവിട്ടും കൊണ്ടിരുന്നു.. പാൽ നുണഞ്ഞുകൊണ്ടിരുന്ന കുഞ്ഞു കയ്യിൽ നിന്നും വഴുതിപ്പോവാതെ പരമാവധി ചേർത്തുപിടിച്ചായിരുന്നു നിലം പതിച്ചത്… അറിയാതെ തന്നെ ഒരലർച്ച അവളിൽ നിന്നും പുറത്തു വന്നു..തോളു വിട്ടുപോകുന്ന വേദന.. നിലത്തു പൊത്തിപ്പിടിച്ചു കിടക്കുമ്പോഴും അകത്തേക്ക് വാതിൽ വലിച്ചടച്ചു പോകുന്ന അയാളെ അവൾ കാണാതിരുന്നില്ല..

പതുക്കെ കുഞ്ഞിനെ തണുപ്പറിയിക്കാതെ പൊതിഞ്ഞുപിടിച്ചു… ആ അമ്മയുടെ ചൂടും പിടിച്ച് ഒന്നുമറിയാതെ അവനങ്ങനെ കിടക്കുന്നുണ്ടായിരുന്നു.. ഒന്നുമറിയാതെ….. നേരം പിന്നെയും നീങ്ങുന്നെങ്കിലും അവളതൊന്നും അറിയുന്നുണ്ടായിരുന്നില്ല..

“കുഞ്ഞോനേ…”
ആ ഉറങ്ങുന്ന പൈതലിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അറിയാതെയവളിലൊരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു..

“നിന്റെ പെണ്ണിനേയും നീയിങ്ങനെ തല്ലുവോടാ…”
അറിയാതെയെങ്കിലും ചോദിക്കുമ്പോൾ ആ ശബ്ദമിടറുന്നുണ്ടായിരുന്നു.. പക്ഷെ എന്തുകൊണ്ടോ ഉറങ്ങുന്ന കുഞ്ഞിന്റെ കുഞ്ഞുകൈകൾ തന്റെ ചൂണ്ടുവിരലിനെ പിടിച്ചത് കണ്ടപ്പോളവളുടെ കണ്ണുകൾ നിറഞ്ഞു…

“നിന്റെ അച്ഛനും ഒരിക്കൽ ഇതുപോലെ തന്നിരുന്നെടാ വാ.. ക്ക്..”.
വീണ്ടുമൊരു പേമാരിക്ക് മുന്നൊരുക്കമെന്ന പോലെ കാർമേഘം മൂടുവാൻ തുടങ്ങുന്നുണ്ടായിരുന്നു..
പിന്നിലേക്ക് നോക്കുമ്പോൾ അടഞ്ഞ വാതിലും ഒരുപാട് സ്വപ്നങ്ങളും മാത്രം… ഇനി മുന്നോട്ടെന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ…

ആ കുഞ്ഞിനെ നെഞ്ചോടുചേർത്തു പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ ഏതോ പഴയ കവിതയുടെ ഈരടികൾ ഏറ്റുപാടി..

“ഇത്ര മനോഹരമായി പാടുവാൻ തനിക്കറിയാമോ..”
അവന്റെ മടിയിൽ കിടന്നുകൊണ്ട് പതിയെ മൂളിക്കൊണ്ടിരുന്നവൾ പയ്യെ തന്റെ കണ്ണുകൾ തുറന്നു… ആ കണ്ണുകൾ തന്റെ നേരെ മാത്രമായിരുന്നു… എന്തുകൊണ്ടോ നാണത്താൽ ചുവന്ന കവിളുകളിൽ കരങ്ങളാൽ അവൻ ചേർത്തുപിടിച്ചപ്പോൾ ആദ്യചുംബനം ഏറ്റുവാങ്ങാനെന്ന പോലെ അവൾ ആ മിഴികൾ കൂമ്പിയടച്ചു..

ഉറപ്പിച്ച വിവാഹത്തെ ശക്തമായെതിർക്കുമ്പോൾ ആ മുഖം മാത്രമായിരുന്നു മനസ്സിൽ… തന്നെ വീട്ടിൽ വന്നു പുഷ്പം പോലെ കൈ പിടിച്ചു കൂടെക്കൂട്ടുമ്പോൾ ഒരിക്കലും കൈ വിടില്ലെന്ന് പറയാതെ പറഞ്ഞു… ആ ഒരുറപ്പൊന്നു കൊണ്ടു മാത്രം എല്ലാവരെയും ധിക്കരിച്ച് ജോലിയും കൂലിയുമൊന്നുമില്ലാത്തവന്റെ കൂടെയിറങ്ങി… ചിലപ്പോൾ ഒരു പതിനെട്ടുകാരിയുടെ എടുത്തുചാട്ടം.. വാതിൽക്കൽ നെഞ്ചുപൊട്ടി നിൽക്കുന്ന അച്ഛനെയോ അകത്തു പൊട്ടിക്കരയുന്ന അമ്മയെയോ കണ്ടെന്നു നടിച്ചില്ല..

ആ പ്രതീക്ഷകളെ അന്വർഥമാക്കും വിധം ജീവിച്ചുതുടങ്ങി..അവന്റെ കഠിനാധ്വാനം അവർക്ക് അന്നം നൽകി.. എന്നാൽ പതുക്കെ കൂട്ടുകാർക്ക് കൊടുക്കുന്ന കമ്പനി പിന്നീട് ദിവസവും നാലുകാലിൽ വരുന്ന അയാളിലേക്ക് രൂപമാറ്റം നൽകിയതോടെ ആദ്യം ഉയർന്ന ശബ്ദം തന്റെതായിരുന്നു… ഒരോ മറുപടിക്കും പകരം മർദ്ദനം.. ശരീരം പൊളിയുന്ന വേദന… കുടിക്കാത്തപ്പോൾ ഇങ്ങനെയുള്ള മനുഷ്യൻ ആണോ ഇതെന്ന് ചിന്തിച്ചുപോകും… ശരീരത്തിന്റെ വേദന സഹിക്കാം.. പക്ഷെ…

ഒരിക്കൽ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതിനാൽ പിന്നീട് മുറിക്കകത്തു നിന്നുമിറങ്ങാനാകാതെ രണ്ടുനാൾ.. സഹായത്തിനായി വന്ന ദിവാകരേട്ടനെ പുലഭ്യം പറഞ്ഞോടിച്ചു..ദിവസം തുടങ്ങുന്നത് തന്നെ ഇപ്പോൾ ഉപദ്രവത്തിലാണ്… ആദ്യമെല്ലാം പറഞ്ഞുനിന്നു… ഇടക്കെല്ലാമെന്തെല്ലാമോ പറയും… ഒരിക്കൽ അയാളിരുന്നു കരയുന്നത് കണ്ടു… കരച്ചിലോ… അയാൾക്കൊ.. തോന്നിയതാകാം…

തലേനാൾ അയൽക്കാരിയോട് പാല് കടം ചോദിച്ചപ്പോൾ അവസാനത്തെ വട്ടമെന്നപോൽ അവരൊന്നു നോക്കി… അവിടത്തെ ടി വിയിൽ അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു സ്ത്രീസമത്വത്തിനു വേണ്ടിയും അല്ലാതെയുമുള്ള ഖോരഖോരം ഉയർന്നുകേൾക്കുന്ന ശബ്ദം..മുതലെടുപ്പിന്റെ സ്ത്രീസമത്വമാണുള്ളതെന്നും.. ആ മുതലെടുപ്പിൽ പെട്ടുപോകുന്ന പഞ്ചപാവം പുരുഷന്മാർക്ക് വേണ്ടിയാണ് നിയമങ്ങൾ ഇനി വേണ്ടതെന്നും.. ഒന്നു ചിരിക്കാനെ കഴിഞ്ഞുള്ളൂ..അടുത്തുള്ള കിണറിൽ നിന്നും കരയുന്ന തവളയുടെ ശബ്ദം ഇനിയൊരു മഴയ്ക്കുള്ള പ്രതീക്ഷയായിരുന്നു..അതൊരു പ്രതീക്ഷ തന്നെയോ…

15 Comments

  1. നിധീഷ്

    ❤❤❤❤

  2. നന്നായിരുന്നു.. കെട്ടി കഴിഞ്ഞാൽ ആ പെണ്ണിനോട് എന്തും ആവാം എന്നുള്ള ഒരു മനോഭാവം.. അല്ലാതെ എന്ത് . അത് മദ്യപിക്കുനവർ മാത്രം അല്ല.. അല്ലാത്തവരും ചെയ്യുന്നുണ്ട്..
    സ്നേഹത്തോടെ❤️

    1. തീർച്ചയായും.. മദ്യപിച്ചാലും ഒരുപദ്രവവുമില്ലാതെ ജീവിക്കുന്നവരും ഉണ്ട് ?.. കുറെയൊക്കെ സ്വഭാവവും ഫാക്ടർ ആണ്.. പിന്നെ സ്വബോധവും..♥️

  3. വളർത്തി വലുതാക്കിയ achaneyum അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങുമ്പോ അവരുടെ കണ്ണിലെ വിഷമം കണ്ടില്ലന്ന് നടിക്കുമ്പോ ചിലപ്പോ ദൈവം തന്നെ നൽകിയ ശിക്ഷയാകും അത്. പ്രണയത്തെ കുറ്റം പറഞ്ഞെ അല്ല പ്രണയം കൊണ്ട് മാതാ പിതാക്കളെ മറക്കരുത് എന്നെ ഉദ്ദേശിച്ചുള്ളൂ. നല്ല കഥയായിരുന്നു.

    1. പ്രണയം കണ്ടെത്തുന്നതിലോ പ്രണയിക്കുന്നതിലോ മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല.. തീർച്ചയായും അതൊരു വ്യക്തിയുടെ മാത്രം ചോയ്സ് ആണ് ?.. പക്ഷെ മാതാപിതാക്കളെ അവഗണിക്കാതിരിക്കാൻ ശ്രമിക്കുന്നത് നന്നാവും.. സ്നേഹത്തോടെ പറഞ്ഞാൽ സ്നേഹിക്കുന്നവർ കേൾക്കാതിരിക്കുമോ..ഇവിടെ അവൾക്ക് പെട്ടെന്നാരും ഇല്ലാതായത് കാണിക്കാൻ ആ അവസ്ഥ കാണിച്ചെന്നെ ഉള്ളൂ..

  4. Swathathryam theerchayayum durvyaakyanikkapedunnund….

    1. എല്ലാവർക്കും സ്വാതന്ത്ര്യം വേണ്ടത് തന്നെയെന്ന് എല്ലാവരും ഓർത്താൽ ഒരു പരിധി വരെ ഒരുപോലെ കാണാൻ സാധിക്കും… പിന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് നഷ്ടപ്പെടുത്തുന്നത് അർഹതപ്പെട്ടവർക്കുള്ള നീതിയാണ്

  5. കോന്ത്രാപ്പി

    കഥയിലായാലും കുഞ്ഞു പൈതലിനെ കൊന്നുകൊണ്ടൊക്കെ ഭാവനയുണ്ടാക്കാൻ പറ്റുന്നത് കഥാകൃത്തിനുള്ളിൽ ഒരു സാഡിസ്റ്റ് ഉളളതു കൊണ്ടാണ്, രചയിതാവിൻ്റെ ചിന്തയുടെയോ ആഗ്രഹത്തിൻ്റെയോ പ്രതിഫലനമാണ് രചന

    ഒന്നിരുത്തി ചിന്തിക്കുക കഥക്കവസാനം കോറിയിട്ട വരികളിലെ ക്രൂരത തനിക്കുളളിലും ഇല്ലേയെന്ന്

    1. തീർച്ചയായും ?

    2. പിന്നെ ലഹരിയുടെ അമിതപ്രയോഗത്തിൽ യഥാർത്ഥ ജീവിതത്തിലും പലതും നടക്കാറുണ്ട് സഹോ…

  6. ഞാൻ എറ്റവും കൂടുതൽ വെറുക്കുന്ന കാര്യം ആണ് ഇത് സ്ത്രീകളെ ബഹുമാനിക്കാത്തത്.
    കാരണം അനുഭവം ആണ്. അതിലെ സ്ത്രീ മറ്റാരുമല്ല എന്റെ ഉമ്മയാണ് അത്. പക്ഷേ ഇപ്പോൾ അങ്ങനെ അടിപിടി ഇല്ല. ഒരു ദിവസം അങ്ങേരുടെ ചൊറിച്ചിൽ സഹിക്കാൻ വയാതെ ഞാൻ അങ് പേട്ടിചു.uppaye alla ketto ummante randam kettyon.

    1. ഇന്നത്തെ കാലത്ത് ഒരു പരിധി വരെ ആളുകൾ മരിച്ചിന്തിച്ചു കഴിഞ്ഞു.. എന്നാലും പല സ്ഥലങ്ങളിലും ഇപ്പോഴും ഇത്തരം കാര്യങ്ങൾ നടക്കുന്നത് വസ്തുതയാണ്..അമിത മദ്യപാനവും കാരണമാകുന്നു.. Respect everyone..ല്ലേ

      1. *മാറിചിന്തിച്ചു

Comments are closed.