ദേവകിയമ്മ
Devakiyamma bY Anamika Anu
“അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു.
“ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “
ദേവകിയമ്മയും വിട്ടു കൊടുത്തില്ല.
“അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “
“അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ മാറ്റിയിട്ടില്ലെങ്കിൽ ഈ വിവാഹം നടക്കും. “
ദേവകിയമ്മയെ മറി കടക്കാൻ ആർക്കും ആകില്ലെന്ന് അറിയാമായിരുന്നിട്ടും ഹരി തന്റെ ചേച്ചി ദീപ്തിയുടെ അരികിലെത്തി.
“നോക്കു ചേച്ചി എവിടെയോ കിടക്കുന്നവളെ വീട്ടിൽ കേറ്റാൻ പോകുവാ.. ചേച്ചി അവൾക്കു എന്റെ കൂടെ നിൽക്കാനും മാത്രം സൗന്ദര്യം ഇല്ല എന്നതോ പോട്ടെ പണവും പ്രതാപവും ഒന്നുമില്ലാത്തവളെ ആണോ അമ്മ എനിക്ക് വേണ്ടി കണ്ടെത്തിയത്? “
പണം എന്ന് കേട്ടാലേ ചേച്ചി ചാടി വീഴും എന്നറിയാമായിരുന്നിട്ടു തന്നെയാണ് ഇഷ്ടമില്ലാത്ത വിഷയം ആയിട്ടു കൂടി ഹരി അത് എടുത്തിട്ടത്. എങ്ങനെയും ഹരിയ്‌ക്കു ഈ വിവാഹം മുടക്കണം.
കേട്ട പാതി കേൾക്കാത്ത പാതി ദീപ്തി അമ്മയുടെ അടുക്കലേക്കു പോയി.
ദൈവം എന്നോട് ക്ഷമിക്കും എന്ന് മനസ്സിലോർത്തു ഹരി മുറിയിലേക്ക് പോയി.
ദീപ്തി :”അമ്മ എന്ത് പരുപാടിയാ അമ്മേ കാണിച്ചേ? ഒരു ഭംഗിയും ഇല്ലാത്ത ഒരു പെണ്ണിനെയാണോ അമ്മ അവനു വേണ്ടി കണ്ടെത്തിയേ? “
ദേവകിയമ്മ അവളെ ഒന്ന് അടിമുടി നോക്കി.
വയസ്സ് 24 ഒള്ളു എങ്കിലും കണ്ടാൽ 38 തോന്നിക്കും. ഒന്ന് പെറ്റെണീറ്റപ്പോഴേക്കും വീപ്പ കുറ്റി പോലായി. ദേവകിയമ്മ പുച്ഛഭാവത്തിൽ മുഖം തിരിച്ചു ബാക്കി ജോലി നോക്കി .
അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നോണം ദീപ്തി സൗന്ദര്യത്തെ കുറിച്ച് പിന്നെ ഒന്നും മിണ്ടീല.
“അമ്മ എന്ത് ഉദ്ദേശത്തിലാ ഉരിയ അരിയ്ക്കു വകയില്ലാത്ത ഒരുത്തിയെ ഇങ്ങോട്ട് കൊണ്ട് വരുന്നത്? ഇവളുമാരൊക്കെ പൈസ കണ്ടാൽ പിന്നെ ഞെളിയാൻ തുടങ്ങും. “