ദേവകിയമ്മ 62

ഇവൾക്ക് അതിനൊക്കെയുള്ള ബുദ്ധി ഉണ്ടോ എന്ന് ആലോചിച്ചു ഹരി കോളേജിലെക് പോയി. ഹരി അവിടെ അടുത്തൊരു ഗവർമെന്റ് കോളേജിലെ അധ്യാപകനാണ്. കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ഹരിയെ കണ്ടു എല്ലാവരും ഞെട്ടി.

കുറച്ചു നാൾ ഹരിയുടെ പിറകെ നടന്ന ഒരു സുന്ദരി ആയിരുന്നു മാലതി.

മാലതി ആക്കിയ ഭാവത്തിൽ ചോദിച്ചു

“എന്താ സാറെ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ വന്നത്. “

“എന്റെ കല്യാണം പ്രമാണിച്ച് യൂണിവേഴ്സിറ്റി ഒരാഴ്ച അവധി ഒന്നും പ്രഖ്യാപിച്ചില്ലല്ലോ. അതോണ്ട് എന്റെ പീരിയഡ് ആരു എടുക്കും? “

ഹരിയും വിട്ടു കൊടുത്തില്ല. ഓരോ ചോദ്യവും ആയി വന്നോളും ഓരോ മാരണങ്ങൾ എന്നും പിറുപിറുത്തു ഹരി ക്ലാസിലേക്ക് പോയി. വൈകുന്നേരം ഹരിയെ കാത്തിരുന്ന മീനാക്ഷിയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ റൂമിലേക്ക്‌ പോയി. ചായയുമായി അവൾ റൂമിലേക്ക്‌ എത്തി.

ചായ ഗ്ലാസ്‌ തട്ടി തെറിപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു
“എനിക്ക് ചായ താരനും മാത്രം എന്ത് യോഗ്യതയാ നിനക്ക് ഉള്ളത്. നിന്നോട് ഞാൻ പറഞ്ഞതല്ലേ അമ്മയുടെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന്. “

“അമ്മയാണ് ഇത് തന്നു വിട്ടത്. അല്ലാണ്ട് ഞാൻ നിങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാൻ വന്നതൊന്നും അല്ല. “ഇതും പറഞ്ഞു മീനാക്ഷി പുറത്തേക് പോയി.

“അഹങ്കാരി “എന്നും പറഞ്ഞു ഹരി വേറെ ജോലികളിൽ മുഴുകി.

സമയം കിട്ടുമ്പോഴെല്ലാം അവളെ കുത്തി നോവിക്കുവാൻ തുടങ്ങി. ഉരുളക്കുപ്പേരി പോലെ മറുപടി പറയാൻ മീനാക്ഷിയും മറന്നില്ല. ആയിടെ ആണ് മീനാക്ഷിയുടെ അമ്മ മരിക്കുന്നത്. അവൾക്കു ആകെ സ്വന്തമായുണ്ടായിരുന്ന അമ്മ കൂടി പോയപ്പോൾ മീനാക്ഷി ഏറെ തളർന്നിരുന്നു. താങ്ങാവേണ്ട ഹരി അന്യനെ പോലെ മാറി നിന്നത് മീനാക്ഷിയ്ക് താങ്ങാനായില്ല. ആകെയുള്ളൊരാശ്വാസം ദേവകിയമ്മ ആയിരുന്നു.

ഹരിയുടെ സ്വഭാവം ദേവകിയമ്മയെ വല്ലാതെ ചൊടിപ്പിച്ചു. ഹരി വൈകുന്നേരം വന്നപ്പോൾ ദേവകിയമ്മ അവനെ അകത്തേയ്ക്കു കയറാൻ സമ്മതിക്കാതെ പിടിച്ചു നിർത്തി പറഞ്ഞു

“നീയെന്തു മനുഷ്യനാടാ? നീ എന്തിനാ ആ പാവത്തിനെ തള്ളി പറയുന്നത് ആർക്കു വേണ്ടിയാണ്? നിന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്നതും തളർന്നു വരുന്ന നിനക്ക് നിന്റെ ഇഷ്ട ആഹാരങ്ങൾ വയ്ക്കുന്നതും അമ്മയാണെന്നാണോ മോൻ വിചാരിച്ചത്. എങ്കിൽ തെറ്റി. നിനക്ക് വേണ്ടി ആ പാവമാ എല്ലാം ചെയ്യുന്നത്. ഒരു വേലക്കാരിയുടെ പരിഗണന പോലും നീ അവൾക്കു കൊടുത്തില്ല.അതും പോട്ടെന്നു വയ്ക്ക്. ആ കുട്ടീടെ അമ്മ മരിച്ചപ്പോൾ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നില്ലെ നീ. നിന്റെ ഒരാശ്വാസ വാക്കിനായി ആ പാവം എത്ര കൊതിച്ചു കാണും..കലപിലാ ഒച്ചവെച്ചു നടന്ന ആ പാവം പിന്നെ ഇത് വരെ ഒന്ന് മിണ്ടീട്ടു കൂടി ഇല്ല. നിന്നോടിത്തിനു ദൈവം പൊറുക്കില്ല ഹരി. “ദേഷ്യത്തിൽ ദേവകിയമ്മ അകത്തേയ്ക്കു കയറി.