ചെന്നിക്കുത്ത് 18

ഒരു പുരുഷനെയും സ്നേഹിക്കുവാൻ വയ്യ.
അവന്റെ ഗന്ധം, നെഞ്ചിലെ വനനിബിഡത..
അനുപമ കണ്ണുകളിറുക്കി അടച്ചു – അവളുടെ മനസ്സിൽ ഇരുന്ന് ആരോ ‘പോണ്ടാ’ന്ന് വിവേകിനോട് യാചിച്ചു. നഷ്ടപ്പെടാൻ ഒരുങ്ങി നില്ക്കുന്ന ലാളനകളെ തിരികെ വിളിച്ചു.
രണ്ടു ദിവസങ്ങൾക്ക് ശേഷം അനുപമയ്ക്ക് വീണ്ടും എഴുത്തിന്റെ വിളി വന്നു.

അനുപമയുടെ ഫേയ്സ്ബുക്ക് കഥ – രണ്ടാം ഭാഗം

തുറന്ന വാതിലിനപ്പുറത്തു നിന്ന് രവിയങ്കിൾ അമ്മുവിനെ നോക്കി പുഞ്ചിരിച്ചു.
അവൾക്ക് ചിരി വന്നില്ല.
അങ്കിളിന്റെ ചിരി അമ്മുവിന് ഇഷ്ടമായിരുന്നില്ല.
ചിരി മാത്രമല്ല, പലതും!
രവിയങ്കിൾ കൈയിൽ പിടച്ചിരുന്ന ചെറിയ പാക്കറ്റ് അവൾക്കു നേരെ നീട്ടി.

‘അമ്മുക്കുട്ടിക്ക് സർപ്രൈസ്.. എന്താണെന്ന് പറയ്യോ..? ‘

താത്പര്യമില്ലാതെ തളർന്ന കണ്ണുകളോടെ അമ്മു അയാളെ നോക്കി. രവിയങ്കിളിനോട് മിണ്ടിയില്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യം വരുമെന്ന് അവൾക്ക് അറിയാം.
അച്ഛനോട് മിണ്ടിയാലാണ് ദേഷ്യം. പലതരം ദേഷ്യങ്ങൾക്കിടയിൽ ഞെരിഞ്ഞ് ശ്വാസം മുട്ടിയാണ് ഒരു കുഞ്ഞു ജീവിതം.
ദേഷ്യപ്പെടാൻ ഇപ്പോൾ അമ്മയില്ലല്ലോ എന്ന ധൈര്യത്തിൽ അമ്മു മിണ്ടാതെ നിന്നു.
വാത്സല്ല്യച്ചിരിയോടെ രവിയങ്കിൾ അമ്മുവിനെ വാരിയെടുത്തു.

‘അമ്മ പറഞ്ഞല്ലോ മോൾടെ സ്കെച്ച് പെൻസ് തീർന്നൂന്ന്… ഇത് അങ്കിളു വാങ്ങിയതാ..’

അയാളുടെ മീശ അസ്വസ്ഥ പടർത്തി അമ്മുവിന്റെ മുഖത്തുരഞ്ഞു.
അച്ഛൻ ഉമ്മ വയ്ക്കുന്നത് അമ്മുവിന് ഇഷ്ടമായിരുന്നു.
അച്ഛന്റെ മീശയ്ക്കു പോലും മോളെന്ന കരുതൽ ഉണ്ടായിരുന്നു.
നോവിക്കാതെ, മുറുകാതെ അച്ഛൻ ഉമ്മ വച്ചു.
അച്ഛന്റെ കരുതൽ ഇല്ലാത്ത ഉമ്മകളിൽ അമ്മുവിന് ശ്വാസം മുട്ടി.

‘വാ നമുക്ക് കളറു ചെയ്യാം..’

വഴിയറിയാതെ പെട്ടു പോയ കുഞ്ഞാടിനെ കുറിച്ച് ഓർത്തപ്പോൾ അമ്മു വഴങ്ങി. രവിയങ്കിളിന്റെ മടിയിലെ അസ്വസ്ഥതയിലിരുന്ന് അവൾ ചുവന്ന സകെച്ച് എടുത്തു.
അന്ന് അമ്മ വൈകി തിരിച്ചു വരുമ്പോൾ അമ്മു ബോധമില്ലാത്ത ഉറക്കത്തിലായിരുന്നു.
ബാലമാസികയുടെ താളുകളിൽ അവൾ ആട്ടിൻ കുഞ്ഞിന് യഥാർത്ഥ വഴി കാണിച്ചു കൊടുത്തിരുന്നു.
പക്ഷേ അതിൻമേൽ കട്ടി കൂടിയ മറ്റൊരു ചുവപ്പു നിറം പടർന്ന് വഴി അവ്യക്തമായി തീർന്നിരുന്നു.
സ്കെച്ചിന്റെ ചുവപ്പിനേക്കാൾ അമ്മുവിന്റെ തുടകളിലൂടൊഴുകിയ രക്തത്തിനായിരുന്നു ചുവപ്പു കൂടുതൽ. അന്നു മുതൽ അമ്മുവിന് ഭയമായിരുന്നു. എല്ലാത്തിനേയും .. എല്ലാവരേയും ..

എല്ലായിടത്തും രവിയങ്കിൾ ഒളിച്ചു നിന്നു. ശ്വാസം മുട്ടിക്കും വിധം കെട്ടിപ്പിടിക്കാൻ കൈ നീട്ടി.
രക്തം കല്ലിക്കും വിധം ഞെരിച്ചു തടവാൻ വിരലുകൾ കൊണ്ട് പരതി.
ഇതിനിടയിൽ അവളുടെ അച്ഛന്റെ കത്തിമുനയിൽ കോർത്ത് ജീവൻ പറന്നു പോയിട്ടും രവിയങ്കിൾ ചിലതൊക്കെ ബാക്കി വച്ചിട്ടുണ്ടായിരുന്നു.
ചില ഗന്ധങ്ങൾ, നോട്ടങ്ങൾ, ചിരികൾ. വർഷങ്ങൾക്കിപ്പുറവും അവ അമ്മുവിനെ ശ്വാസം മുട്ടിച്ചു.
മനം പുരട്ടിച്ചു.
എല്ലാ അച്ഛനമ്മമാരും തിരക്കിട്ട് ഓടി നടക്കാതെ, വഴക്കിട്ട് പിരിയാതെ, സ്നേഹത്തിൽ മക്കളെ വളർത്തിയിരുന്നെങ്കിൽ എന്ന് അവൾ വെറുതെ ആശിക്കാറുണ്ടായിരുന്നു.. ഇപ്പോഴും..

(അവസാനിച്ചു)

അനുപമയ്ക്ക് തിരക്കിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.
ഫേയ്സ് ബുക്കിൽ കഥയുടെ അവസാന ഭാഗം പോസ്റ്റു ചെയ്തതിൽ പിന്നെ കയറിയിട്ടില്ല.
രഞ്ജിത ഒരു ദിവസം ലഞ്ച് ടൈമിൽ അവളോട് പരിഭവം പറഞ്ഞു.

‘ആ കഥ എഴുതെണ്ടായിരുന്നു അനൂ. വല്ലാതെ വിഷമം തോന്നി. നീ അതിനു വന്ന കമന്റ്സ് കണ്ടിരുന്നോ..?’

അനുപമ മിണ്ടിയില്ല.
അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങി ചെല്ലുമ്പോൾ വിവേക് മുറ്റത്തെ അക്കേഷ്യയുടെ ചുവട്ടിൽ പാർക്ക് ചെയ്ത ബൈക്കിൽ ചാരി നില്ക്കുന്നത് കണ്ടു.
അനുപമ അവനെ നോക്കാതെ പിൻവശത്തെ പാർക്കിംഗ് ഏരിയായിൽ വച്ചിരിക്കുന്ന തന്റെ സ്കൂട്ടിക്ക് അരികിലേക്ക് നടന്നു.