ബലിതർപ്പണം 44

“അയ്യേ എന്ത് ജീവിയാണ് അതു….. ഛീ…. പോ അവിടന്ന്… “

അച്ഛനിടക്കിടെ പിറു പിറുത്തു.

“എന്താമ്മേ…. അച്ഛനെന്തൊക്കെയാ ഈ പറയണേ……”

എന്റെ കണ്ണും നിറഞ്ഞൊഴുകി…

“അറിയില്ലടാ സന്ധ്യയായപ്പോ തുടങ്ങിയതാ…. ആരോ കൊല്ലാൻ വരുന്നുന്നു പറഞ്ഞു പിച്ചും പേയും പറയുന്നു..”

അമ്മ കരച്ചിൽ നിർത്താനാകാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“അച്ഛാ എന്താച്ഛാ ഇത്. എന്തിനാ അവരെ ഇങ്ങനെ പേടിപ്പിക്കുന്നെ…”

ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു..

“അയ്യോ മോനെ അടുത്തേക്ക് പോകല്ലേ അച്ഛന്റെ കയ്യിൽ വാക്കത്തിയുണ്ട്… ഇപ്പൊ ഞങ്ങളെ ആരെയും തിരിച്ചറിയുന്നില്ല….”

അമ്മ എന്നെ തടഞ്ഞു…

അന്ന് രാത്രി അച്ഛന്റെ ചെയ്തികളെല്ലാം നിറകണ്ണുകളോടെ ഞങ്ങൾ നോക്കി നിന്നു. മനോനില തെറ്റിയ ഒരു ഭ്രാന്തനെ പോലെ അച്ഛൻ ആ രാത്രി ഒന്നുകൂടി ഭയാനകമാക്കി. നേരം പുലരാറായപ്പോൾ അച്ഛനൊന്നു മയങ്ങി. അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ മനസ്സിനകത്തു വല്ലാത്ത ഭയമായിരുന്നു. എന്റെ അച്ഛൻ ഒരു ഭ്രാന്തനായോ.?

ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ അച്ഛന് ഇന്നലെ നടന്നതൊന്നും ഓർമയില്ല. അച്ഛൻ പഴയതുപോലെയായി.

“നിങ്ങളുടെ അച്ഛന് മഞ്ഞപിത്തമാണ് അതു ലിവറിനെ പിടികൂടിയിരിക്കുകയാണ്. ഇനിയും അദ്ദേഹം കുടിക്കുകയാണെങ്കിൽ കരൾ പൂർണമായും നശിക്കും. അതിന്റെ റിയാക്ഷൻസാണ് ഇന്നലെ രാത്രി നിങ്ങൾ കണ്ടത്. മദ്യപാനം ഒഴിവാക്കിയാൽ മാത്രമേ മരുന്നുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ…”

ഡോക്ടറിന്റെ വാക്കുകൾ അച്ഛനെയും വല്ലാതെ മാറ്റിയതായി തോന്നി. അതിനു ശേഷം ചികിത്സയൊക്കെയായി ആശുപത്രിയിൽ കുറച്ചുനാൾ കയറിയിറങ്ങി. വീട്ടിലെത്തിയപ്പോഴും അച്ഛൻ പുറത്തൊന്നും പോകാതെ ഞങ്ങൾക്ക് സമാധാനം നൽകി… വീട്ടിലിരുന്നു മടുത്ത അച്ഛൻ ഇടയ്ക്കെപ്പഴോ പുറത്തു പോയി തുടങ്ങി. ഇനി അച്ഛൻ കുടിക്കില്ല എന്ന വിശ്വാസം തകർത്തു കൊണ്ട് അച്ഛന്റെ അരയിൽ നിന്നും വീണ മദ്യക്കുപ്പി കണ്ടപ്പോൾ എനിക്കു എന്റെ അച്ഛനോട് പുച്ഛമാണ് തോന്നിയത്.

“ഇനി ഞാൻ നിങ്ങളെ അച്ഛാ എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല…”

അവസാനമായി അച്ഛനോട് പറഞ്ഞ വാക്കുകളാണിത്. ഒന്നും വകവയ്ക്കാതെ അച്ഛൻ കുടിച്ചുകൊണ്ടിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും മദ്യം നുണഞ്ഞു കൊണ്ട്. ഭക്ഷണം പോലും കഴിക്കാതെ അച്ഛൻ കുടിച്ചു. ലിവർ സിറോസിസിന്റെ അവസാന ലക്ഷണം. വയർ ബലൂൺ പോലെ വീർത്തു വന്നു.

“അച്ഛാ അച്ഛന്റെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടോ…”

ഒന്നുമറിയാത്ത കുഞ്ഞു പെങ്ങളുടെ ചോദ്യം കേട്ട് വീട്ടുകാർ ഒന്നടങ്കം ചിരിച്ചു. പക്ഷെ എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. അന്ന് കടൽ തീരത്തു ഇരുന്നു കുറെ കരഞ്ഞു. എന്നും കരഞ്ഞുകൊണ്ടിരിക്കുന്ന കടലിനല്ലേ മറ്റുള്ളവരുടെ സങ്കടം തിരിച്ചറിയാനാകൂ..

ട്രിങ്….ട്രിങ്….ട്രിങ്..

“ഹലോ… എന്താ അമ്മേ….”

“അച്ഛന് തീരെ വയ്യടാ… നിന്നെ ഒന്ന് കാണണം എന്ന്….”

“ഇല്ല ഇനി ആ മനുഷ്യൻ മരിക്കാൻ കിടക്കുകയാണേൽ പോലും എന്നോട് പറയണ്ട……”

ദേഷ്യത്തോടെ ഫോൺ കട്ടാക്കിയെങ്കിലും അച്ഛനെ കാണാതിരിക്കാൻ മനസ്സനുവദിച്ചില്ല. വീടിന്റെ മുറ്റത്തു നിന്ന് അമ്മയുടെ നിലവിളി കേട്ട് ഞാൻ അകത്തേക്ക് കയറി… കട്ടിലിൽ വായ തുറന്നു കിടക്കുകയാണ് അച്ഛൻ. വായിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്. കണ്ണ് മേലേക്ക് തുറിച്ചു നിന്നിരുന്നു. അതു എന്നെ സഹതാപത്തോടെ നോക്കുന്നത് പോലെ തോന്നിച്ചു.

“മോനെ… അച്ഛൻ പോയെടാ….. “

അമ്മ എന്റെ നെഞ്ചത്ത് വീണു പൊട്ടി കരഞ്ഞു. ഒരു നിമിഷം എന്നിലെ മകൻ മരിച്ചപോലെ തോന്നി. ഭിത്തിയിലേക്ക് ചാരി പതിയെ നിലത്തേക്കൂർന്നിരുന്ന എന്റെ കണ്ണുനീരും ഊർന്നിറങ്ങി.

മരണവീടിന്റെ അലങ്കാരവുമായി ആളുകൾ കൂടി. പലരും സഹതപിച്ചു. കണ്ണീർ പൊഴിച്ചു അച്ഛന്റെ വീർത്ത വയറിനെ നോക്കി കളിയാക്കി ചിരിച്ചവർ കണ്ണീരുമായി വിരുന്നു വന്നു. നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രം. അച്ഛനോടൊപ്പം കൂട്ടുകൂടി കുടിച്ച സുഹൃത്തുക്കൾ മുൻ പന്തിയിൽ തന്നെ നിന്ന് ദഹന കർമ്മങ്ങൾ ഭംഗിയാക്കി… കൂട്ടുകാരന്റെ വേർപാടിൽ സങ്കടം തീർക്കാൻ മദ്യത്തിന് വേണ്ടി അവർ എന്റെ മുന്നിൽ കൈനീട്ടി… മദ്യപാനികളോട് സഹതാപം തോന്നിയ നിമിഷം.

ഇന്ന് ഞാൻ ഈ മണപ്പുറത്തു നടത്തിയ ബലിതർപ്പണം എന്റെ അച്ഛന് വേണ്ടി മാത്രമല്ല. മദ്യമെന്ന വിലാപത്തിൽ തകർന്നു പോയ ആലംബഹീനരായവർക്ക് കൂടിയായിരുന്നു….