ബലിതർപ്പണം
Balitharppanam Author : SP
“പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….”
അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ മനസ്സിനാകുന്നില്ല… അങ്ങ് ദൂരെയെവിടെയോ യാത്ര പോയിരിക്കുവാണെന്ന തോന്നലാണ് മനസ്സിൽ… പക്ഷെ അച്ഛന്റെ ഓർമദിവസങ്ങളിൽ അതു വെറും നുണയാണെന്ന് തിരിച്ചറിയും.
എന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എനിക്കു അതു വലിയ കുറച്ചിലായിരുന്നു. ഞാൻ ഒരു നല്ല മകനായിരുന്നോ എന്നുപോലും എനിക്കറിയില്ല. പക്ഷെ ഇന്ന് ഞാൻ എന്റെ അച്ഛനെ ഒരുപാട് സ്നേഹിക്കിന്നുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനം ശൂന്യമായത് എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട്. ഒരു മദ്യപാനി എന്നതിലുപരി ഒരു നല്ല അച്ഛനാകാൻ ആ മനുഷ്യനു കഴിഞ്ഞിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണം ഞാൻ തന്നെയാണ്. എന്നിൽ കാണുന്ന നന്മകൾ എല്ലാം അച്ഛന്റെ സംഭാവനകൾ തന്നെയാണ്.
അച്ഛന്റെ അന്ത്യദിനങ്ങളിലൂടെ ഓർമ്മകൾ സഞ്ചരിച്ചു. മദ്യപാനത്തിന്റെ ഭയാനകഭാവം ഞാൻ അച്ഛനിൽ കണ്ടു തുടങ്ങി. അച്ഛന്റെ അമിതമായ മദ്യപാനം ശ്രദ്ധയിൽ പെട്ടെങ്കിലും അതിനെ എതിർക്കാനും തിരുത്താനുമുള്ള പ്രായവും പക്വതയും അന്നെനിക്കില്ലായിരുന്നു.
ലിവർ സിറോസിസ്… മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം. ഒരു ഫിക്സിലൂടെയാണ് അച്ഛനിൽ ആദ്യമായി അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മദ്യപാനികൾ എല്ലാം നിർത്തി എന്ന് പറയുമെങ്കിലും അവരുടെ മനസ്സിനും ശരീരത്തിനും അതിന്റെ ലഹരിയെ പൂർണമായും ഉപേക്ഷിക്കാൻ ആവില്ല.
അന്ന് രാത്രി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു. സഹോദരങ്ങളെ ചേർത്ത് പിടിച്ചു കട്ടിലിന്റെ ഒരുമൂലയിൽ മതിലിനോട് ചേർന്നിരുന്നു കരയുന്ന അമ്മയെ ആണ് ഞാൻ കണ്ടത്. അവർ ഒന്നും പറയാനാകാതെ വിതുമ്പുകയായിരുന്നു.
“എന്താ അമ്മേ…. അച്ഛനെവിടെ….”
പാതി നിറഞ്ഞ വെളിച്ചത്തിൽ അലമാരയുടെ മുകളിലേക്ക് വിരൽ ചൂണ്ടി അമ്മ പൊട്ടി കരഞ്ഞു.
അലമാരയുടെ മുകളിൽ പേടിച്ചു വിറച്ചു തലമുട്ടുക്കാലിനോട് ചേർത്ത് വെച്ച് കരയുന്ന അച്ഛനിടയ്ക്കിടെ എന്തോ പറയുന്നുണ്ട്.