ചിലപ്പോൾ കാര്യമില്ലാതെ പിണങ്ങും , പിണക്കം മാറ്റുവാൻ മാത്രമായി ചിലരുണ്ട് അവരാണ് റൂമിലെ നിയമങ്ങൾ കൊണ്ടുവരുന്നവർ. രാത്രി എല്ലാവരും ചേർന്നുണ്ടാക്കിയ ഭക്ഷണം കൂടിയിരുന്നു കഴിക്കുമ്പോഴായിരിക്കും കഴിഞ്ഞുപോയ പ്രവാസത്തിലെ നൊമ്പരങ്ങളും, ചിരി പടർത്തുന്ന അനുഭവങ്ങളും പങ്കുവെക്കൽ അതുംകൂടിയായാൽ വയറിൽ പിന്നെ നിറയാൻ സ്ഥലമുണ്ടാവാറില്ല.
കഴിഞ്ഞതെല്ലാം
ഓരോന്ന് ആലോചിച്ചു മുന്നോട്ട് പോകുന്ന കാറിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ഈന്തപ്പന മരങ്ങൾ എന്നെ യാത്രയാക്കുന്നത് പോലെ തോന്നി. വർഷങ്ങൾക്ക് മുൻപൊരു രാത്രി ഇതിലൂടെ വരുമ്പോൾ മരുഭൂമിയുടെ മാറ്റ് കൂട്ടുന്ന ഈ മരങ്ങൾക്കിത്ര ഭംഗി തോന്നിയിരുന്നില്ല.
കാർ ഡ്രൈവർ പരിചയക്കാരനായ ഒരു പാക്കിസ്ഥാനി സുഹൃത്താണ്. നാട്ടിൽ പോകുന്നവന്റെ സന്തോഷം മനസ്സിലാക്കിയ അവനെന്നോട് വിശേഷങ്ങൾ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു .
അവനോട് സംസാരിച്ചു കൊണ്ടുള്ള അരമണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ റിയാദ് ഇന്റർ നാഷണൽ ഐർപോർട്ടിലേക്ക് പ്രവേശിച്ചു. ലെഗേജും ഹാൻഡ് ബാഗുമെല്ലാം ട്രോളിയിൽ വെച്ച് പട്ടാണി നല്ലൊരു ആലിംഗനവും സമ്മാനിച്ചു എയർപോർട്ടിന് ഉള്ളിലേക്ക് നടക്കാൻ പറഞ്ഞു. അവനോട് യാത്ര പറഞ്ഞു ഞാൻ ഉള്ളിലേക്ക് നടന്നു.
സൗദിയിലേക്ക് വരുമ്പോൾ കൂടെ കണ്ണൂർ സ്വദേശിയായ ഒരുത്തനും കൂടിയുണ്ടായിരുന്നു. ഇന്ന് തിരികെ പോകുമ്പോൾ ഒറ്റക്കാണ് പക്ഷേ അതിന്റെ ഭയം ഉണ്ടായിരുന്നില്ല കാരണം വരുമ്പോൾ പറയാനറിയാത്ത അറബി ഭാഷ ഈ ഏഴു വർഷം കൊണ്ട് പഠിച്ചിരുന്നു. ആരെന്ത് ചോദിച്ചാലും തിരിച്ചു മറുപടി കൊടുക്കാനറിയാം. പിന്നെ പിറന്ന മണ്ണിലേക്ക് പോകുമ്പോൾ ആർക്കാണ് സങ്കടവും പരിഭവവും കാണുക.
ലഗേജ് വിട്ട ശേഷം ഹാൻഡ് ബാഗുമായി ഞാൻ യാത്രക്കാർ വെയിറ്റ് ചെയ്യുന്ന ഭാഗത്തേക്ക് നടന്നു.ഊദിന്റെയും, അത്തറിന്റെയും മണം വിലസുന്ന ഐര്പോര്ട്ടിനുള്ളിൽ തിങ്ങി നിറഞ്ഞ ആളുകളെയും അലങ്കാരങ്ങളെയും നോക്കി നടന്നു നീങ്ങുമ്പോഴെല്ലാം ഞാനൊരാളെ തിരയുകയായിരുന്നു.
എന്റെ കൂടെ നാട്ടിലേക്ക് പോകുവാൻ മൂന്നര വർഷം നാട്ടിൽ പോകാതെ കാത്തിരിക്കുകയും അവന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ വേണമെന്ന് പറഞ്ഞു എന്റെ ടിക്കറ്റ് വരെ എടുക്കുകയുംഅത് അയച്ചു തരികയും ചെയ്ത ബുറൈദയിൽ ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശി അൻവർ.
ആരംഭം നന്നായി….പോകേപ്പോകേ എന്താവുമെന്ന് കണ്ടറിയാം….??