ഇടക്കിടക്ക് ഉമ്മ വരുന്നുണ്ടോന്ന് നോക്കാൻ ആ വീട്ടിലേക്ക് ചെന്നു നോക്കിയെങ്കിലും ഉമ്മ വരാഞ്ഞത് കണ്ടപ്പോൾ തിരികെ പൊന്നു.
അൽപ്പം കഴിഞ്ഞ് ഞാനുമ്മയെ നോക്കാൻ വീണ്ടും ചെന്നപ്പോൾ ഉമ്മയെ ആ ഭാഗത്ത് കണ്ടതും അടുത്തേക്ക് വിളിച്ച് .. ” ഉമ്മാ റൈഹാനത്ത് എവിടെ.. ? നിങ്ങള് കണ്ടോ അവളെ.. ? “എന്ന് ചോദിച്ചപ്പോൾ “അവളവിടെ കരഞ്ഞു കിടക്കുന്നുണ്ട് ” എന്ന് പറഞ്ഞതും പിന്നെ എനിക്ക് സഹിച്ചില്ല ഉമ്മയോട് പറഞ്ഞു ” ഉമ്മാ… ഇങ്ങളോളോട് വിഷമിക്കരുതെന്ന് അൻവർ പറഞ്ഞിട്ടുണ്ടെന്ന് ഒന്ന് പറയാമോ..? എനിക്കോളെ നേരിട്ട് കാണാൻ വയ്യാത്തോണ്ടാ ‘” എന്ന് പരിഭവത്തോടെ പറയുന്നത് കേട്ട ഉമ്മ എന്നെ വല്ലാത്തൊരു നോട്ടം നോക്കിയപ്പോഴാണ് ആ സമയത്ത് ഞാനറിയാതെ ഉമ്മയോടെന്റെ ഖൽബാണാ സംസാരിച്ചതെന്ന് തിരിച്ചറിയുന്നത് .
“ഞാൻ പറയാം നീ കണ്ണ് തുടക്ക് ആളുകൾ നോക്കുന്നു ” എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയതും അടക്കിപ്പിടിച്ച് നിർത്താൻ കഴിയാത്ത ആ വേദനയൊന്നു കുറക്കാൻ പാടുപെട്ട് ആളുകൾക്കിടയിൽ ഞാനങ്ങനെ നിന്നു.
എന്റെ സ്നേഹത്തിന്റെ സിംഹാസനത്തിലിരുത്തി
പൊന്നുപോലെ നോക്കുവാൻ കൊതിച്ചിരുന്ന എന്റെ കിനാവിലെ രാജകുമാരിയെ വിധി തട്ടി കൊണ്ട് പോയി അകറ്റിയിട്ടും വേദനിപ്പിക്കാതെ നോക്കാൻ കഴിഞ്ഞില്ലെന്നൊക്കെ പറഞ്ഞ് റൈഹാനത്തിന്റെ പനിനീര് മണക്കുന്ന ഓർമ്മകൾ ദുഖങ്ങളുടെ ഭാരം കൂട്ടി കൊണ്ടിരുന്നു …
നെടുവീർപ്പുകൾ കൊണ്ട് മനസ്സിന്റെ കണ്ണീര് തുടച്ച് ഞാനവിടെ അവളെ കാണാൻ വയ്യാതെ മാറി നിൽക്കുമ്പോൾ ഉമ്മ അടുത്തേക്ക് വന്നു . ” നേരം കുറെയായി വാ പോകാം… റൈഹാ ഇദ്ദ ഇരിക്കാനൊരുങ്ങാണ്. രണ്ടീസം കഴിഞ്ഞിട്ട് വരാമെന്നു” പറഞ്ഞ് ഉമ്മ വണ്ടിയെടുക്കാൻ പറഞ്ഞു . “
ബൈക്കിൽ കയറി വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ കുറച്ചകലെ നാട്ടിലേക്ക് പോകുന്ന വഴിക്ക് ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയതും ഉമ്മ ബൈക്ക് നിർത്താൻ പറഞ്ഞു . ബൈക്കിൽ നിന്നും ഇറങ്ങിയ ഉമ്മ എന്നെ നോക്കി കൊണ്ട് പ്രതീക്ഷിക്കാതെ ചോദിച്ചു ” നീ റൈഹാനത്തിനെ സ്നേഹിച്ചിരുന്നോ.. ?? ” ചങ്കിലെ വെള്ളം വറ്റി പോയി ഉമ്മയുടെ പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യം കേട്ടപ്പോൾ.. !
ഒന്നും പറയാതെ മിണ്ടാതെ നിൽക്കുന്ന എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഉമ്മ അടുത്ത ചോദ്യവും ചോദിച്ചു
” അവള്ക്ക് നിന്നെയും ഇഷ്ടമായിരുന്നല്ലേ.. ??? നിങ്ങളിതെന്തേ രണ്ടാളും ഞങ്ങളോട് ആരോടും പറയാതെ മറച്ചു വെച്ചത് ?? അവളാ മുറിയിൽ കരഞ്ഞ് തളർന്ന് കിടക്കുന്ന നേരത്താ നീ അവളോട് വിഷമിക്കരുതെന്ന് പറഞ്ഞ കാര്യം ഞാൻ പറഞ്ഞത് കേട്ടതും അവളെന്നെ നോക്കാതെ പിറകിൽ നീയുണ്ടോന്ന് തിടുക്കത്തിൽ നോക്കിയപ്പോഴല്ലേ അവളും ന്റെ കുട്ടിയും ഇത്രക്ക് ഇഷ്ടപെട്ടാണ് പിരിഞ്ഞതെന്ന് ഞാനറിയുന്നത്… “
ഉമ്മയുടെ ആ വാക്കുകൾ കേട്ടതോടെ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് എല്ലാം പറയേണ്ടി വന്നു .
അവളെ സ്നേഹിച്ചിരുന്ന കാലത്ത് ഒരുപാടുവട്ടം ഉമ്മയോടെങ്കിലും പറയാൻ തോന്നിയിരുന്നു. പക്ഷേ ക്രൂരമായി ഞങ്ങളെ വേദനിപ്പിക്കാൻ സാഹചര്യങ്ങളെ പ്രണയമഭിനയിച്ച് വശീകരിച്ച വിധി ഞങ്ങളെ അതിൽ നിന്നും പിന്തിരിയിപ്പിച്ച് പറയാനനുവദിച്ചില്ല..
??