അറിയാൻ വൈകിയത് 3 21

എപ്പോഴാണ് എങ്ങനെയാണ് എന്നറിയില്ല, മുറി കൂടുന്ന അനിയുടെ മനസ്സിൽ ലക്ഷ്മിമോളും കൂടി. എല്ലാവരോടും ഉള്ളപോലെയാണ് അവൾ അനിയോടും പെരുമാറിയത്, പക്ഷേ അവന് എന്തോ ഇഷ്ടം തോന്നിയിരുന്നതായി എനിക്ക് തോന്നി. അതൊക്കെ അവന്റെ പ്രായത്തിന്റെ ചാഞ്ചാട്ടമായിട്ടേ എനിക്ക് തോന്നിയുള്ളൂ. പിന്നെ അവർ രണ്ടാളും തമ്മിൽ ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല. ഇവന്റെ കഥകളൊക്കെ ഞാൻ ആ മോളോട് പറയുകയും ചെയ്തിരുന്നു, അത്കൊണ്ട് ഇവനെ ഒരിക്കലും ഇഷ്ടപ്പെടാനും കഴിയില്ല’

‘എന്നിട്ട്?’

‘അനിയുടെ അച്ഛൻ കോണ്ട്രാക്റ്റ് വർക്കിന്‌ വന്ന് എന്നെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടിയതാണ്. കൂലിപ്പണിക്കാരായ എന്റെ വീട്ടുകാർക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കെട്ട് കഴിഞ്ഞ് ഞങ്ങളെ വിട്ട് പോകുന്നത് വരെയും അദ്ദേഹം എന്നെ വിഷമിപ്പിച്ചിട്ടില്ല, ഇത്തിരി മുൻകോപം ഉണ്ടെന്നേയുള്ളു. അത്കൊണ്ട് പ്രേമത്തെപ്പറ്റി എനിക്കൊരു ധാരണ ഉണ്ടായിരുന്നു. പക്ഷേ എന്റെ ധാരണകൾ തെറ്റിച്ചത് ലക്ഷ്മി മോളായിരുന്നു, അവൾക്കും അവനോട് ഇഷ്ടം തോന്നിയിരുന്നു, എങ്ങനെയാണ് അത് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. മനസ്സിലോ ശരീരത്തിലോ എന്റെ മകന് വെളുപ്പ് ഉണ്ടായിരുന്നില്ല. ഇത് രണ്ടും ഉള്ളതാണ് ലക്ഷ്മിമോള്. രണ്ടാളും ഒരുമിച്ച് പോകുന്നത് കണ്ടാൽ ആളുകൾ കളിയാക്കും. എനിക്ക് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല മോൾക്ക് അവനെ ഇഷ്ടാവും എന്ന്.
പക്ഷേ അവന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഉള്ള വെളിച്ചം ആ കുട്ടി കണ്ടു, അതിനെ ആളിക്കത്തിച്ച് അവനെ ഒരു മനുഷ്യനാക്കി മാറ്റി. ലക്ഷ്മി മോള് തന്ന മരുന്നും, അവൾ പറഞ്ഞ വാക്കുകളുമാണ് അനിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അവരുടെ കളികളൊക്കെ ഞാൻ ആരുമറിയാതെ കാണുന്നുണ്ടായിരുന്നു, ഒടുവിൽ രണ്ടാളും കൂടിയാണ് എന്നോട് അവരുടെ കാര്യം പറഞ്ഞത്. എനിക്ക് അതിൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അർഹതയില്ലെങ്കിലും അനി മനസ്സിൽ കാണുന്നതിന് മുന്നേ എന്റെ മരുമകളായി അവളെ ഞാൻ ആഗ്രഹിച്ചിരുന്നു.
പിന്നെ അങ്ങോട്ട് അവിടം ആശുപത്രിയായിരുന്നില്ല, ഒരു പൂങ്കാവനം ആയിരുന്നു. എന്റെ കുട്ടികൾ അവിടെ ജീവിച്ച് തീർക്കുകയായിരുന്നു. അവിടെ എല്ലാവരും അവരുടെ കാര്യമൊക്കെയറിഞ്ഞു. അനിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുമ്പോൾ ലക്ഷ്മിയും കൂടെ വന്നു. ഈ മുറ്റത്ത് വരെയേ അവൾ വന്ന് നിന്നുള്ളൂ. അകത്തേക്ക് ഞാൻ വിളിച്ചതാ, അനിയുടെ താലി കഴുത്തിൽ ഇട്ടിട്ട് ഒരു നിലവിളക്കും പിടിച്ച് ഒരു ദിവസം ഈ പടി ചവിട്ടാം എന്ന് പറഞ്ഞാ മോള് പോയത്’

‘എന്നിട്ട്? ആ കുട്ടിയെ എന്താ ഏട്ടൻ കെട്ടാഞ്ഞത്?’

തുടരും…