ടൗൺ കഴിഞ്ഞാൽ പിന്നെയുള്ളത് മൂന്നുകിലോമീറ്റർ റബ്ബർ തോട്ടങ്ങളാണ്. റോഡിന്റെ രണ്ടുവശങ്ങളിലും ചെറുതും വലുതുമായ നിരവധി റബ്ബർ മരങ്ങൾ. രാത്രിയുടെ നിശബ്ദത എങ്ങും തിങ്ങിനിൽക്കുന്നുണ്ടയിരുന്നു. നിലാവ് ചൊരിഞ്ഞ നീലാകാശം പെട്ടന്ന് ഇരുണ്ടുകൂടി. റോഡിൽ നിറയെ കോടവന്നുനിറഞ്ഞതുകൊണ്ട് മുന്നോട്ടുള്ള യാത്ര എബിയെ സാരമായി ബാധിക്കുന്നുണ്ടായിരുന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ചം കോടമഞ്ഞിനെ കീറിമുറിക്കാൻ പാകമുള്ളതായിരുന്നില്ല. ആയതുകൊണ്ടുതന്നെ എഴുപതു കിലോമീറ്റർ വേഗത്തിൽ പോയിരുന്ന മാരുതി സ്വിഫ്റ്റ് കാർ നിമിഷനേരംകൊണ്ട് മുപ്പത് കിലോമീറ്റർ വേഗതയിലേക്ക് ചുരുങ്ങി.
കോടമഞ്ഞും, അന്തരീക്ഷവും എബിയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
മുൻഭാഗത്തെ ഗ്ലാസിൽ മഞ്ഞുവീണ് ഈർപ്പം കെട്ടിനിന്നതുകൊണ്ട് എബി വൈപ്പർ ഓൺ ചെയ്ത് ഈർപ്പത്തെ തുടച്ചുനീക്കി. ഹെഡ്ലൈറ്റ് ബ്രൈറ്റ് ചെയ്തപ്പോൾ മുന്നിൽ ഒരു പെൺകുട്ടിയുടെ രൂപം മിന്നിമാഞ്ഞു. പെട്ടന്ന് എബി കാർ ചവിട്ടിനിറുത്തി.അവൻ വീണ്ടും ഹെഡ് ലൈറ്റ് ബ്രൈറ്റ് ചെയ്തുനോക്കി. പക്ഷെ അങ്ങനെയൊരു രൂപം അവിടെയെന്നും എബി കണ്ടില്ല.
“ഇനി എന്റെ തോന്നലാകുമോ? ആണെങ്കിലും ഞാൻ കണ്ട ആ രൂപം?”
കാറിന്റെ പാർക്കിങ്ലൈറ്റ് ഇട്ട് എബി പുറത്തേക്ക് ഇറങ്ങി.
കോടമഞ്ഞിനൊപ്പം ഒഴുകിനടന്ന പാലപ്പൂവിന്റെ ഗന്ധം പ്രകൃതിയിൽ വ്യാപിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നിശയുടെ പാതി കൊഴിഞ്ഞുവീണിരുന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ നായ്ക്കൾ ഓരിയിടുന്ന ശബ്ദം അവന്റെ കർണ്ണപടത്തിൽ തട്ടി പ്രതിധ്വനിച്ചു. ഭയം അവന്റെ പാദത്തിൽ നിന്നും ഉയർന്നുവന്നു.
പതിയെ അവന്റെ മുൻപിൽ ഒരു രൂപം തെളിഞ്ഞുവന്നു.
“ഇത് തോന്നലല്ല ശരിക്കും അവിടെ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. കർത്താവേ ഇത് ഞാൻ കാണുന്ന സ്വപ്നമാണോ? ആണെങ്കിൽ ആരായിരിക്കും ആ കുട്ടി.?
എബി സ്വയം ചോദിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
വെളുത്ത ഫ്രോക്ക് ധരിച്ചുകൊണ്ട് ഒരു പെണ്കുട്ടി തന്നെ നോക്കിനിൽക്കുന്നു. അവളുടെ കാലുകൾമൂടി ഫ്രോക്കിന്റെ അടിഭാഗം നിലത്ത് പരന്നു കിടക്കുന്നുണ്ടായിരുന്നു.
അനുജത്തി എമിക്കുമുണ്ടായിരുന്നു അതുപോലെയെരു ഉടുപ്പ്. പെട്ടന്ന് നോക്കിയാൽ തന്റെ യാത്രക്കിടയിൽ അനുഗ്രഹവുമായി വന്ന ഒരു മാലാഖയെ പോലെ.
കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് അവൻ ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് ആലോചിച്ചു. പെട്ടന്ന് അവൾ കൈകൾ ഉയർത്തി എബിയെ മാടിവിളിച്ചു.
തുടരും..
Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?