അനന്യ 38

തന്റെ ഭാരം കുറയുന്നതായി അയാൾക്കുതോന്നി കാലുകൾ തളരുന്നപോലെ… അയാൾ ചുമരിൽപിടിച്ചു പതുക്കെ നിലത്തിരുന്നു.
അല്പം ആശ്വാസംതോന്നിയപ്പോൾ എഴുന്നേറ്റു കുറച്ചുനേരം കസേരയിൽ ഇരുന്നു

തീവണ്ടിപോകും പോലെ ഹൃദയ മിടിപ്പിന്റെ ശബ്ദം അയാളുടെ നെഞ്ചിൽ നിന്നും മുഴങ്ങിക്കേൾക്കാമായിരുന്നു..
ആ താളങ്ങൾക്കൊപ്പം തന്റെ ഓളമുള്ള ഓർമ്മകൾ പിന്നോട്ട് പായുന്നത് അയാൾ അറിയുന്നുണ്ടായിരുന്നില്ല.

“ഏട്ടാ,,,”
“നമുക്കൊരു പെണ്കുഞ്ഞുവേണ്ടേ..?”

തന്റെ ജീവിതത്തിന്റെ നല്ലപാതി ദേവികയുടെ ചോദ്യംകേട്ട് ഒരുപാട് ചിരിച്ചത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.
ഒരു പെൺകുഞ്ഞിനെ ഓമനിക്കാൻ തനിക്കും ഒരുപാട് മോഹമുണ്ടായിരുന്നെങ്കിലും അവളെ സമാദാനിപ്പിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

“അതിനെന്താ നമുക്ക് ഒന്നല്ല മൂന്ന് പെണ്മക്കളെ കിട്ടുമല്ലോ”

മൂന്ന് ആൺമക്കളുടെ ഭാര്യമാരായി മൂന്നു പെണ്മക്കൾ വരുമെന്ന് ഭാര്യയെ ബോധ്യപ്പെടുത്തി.

“ഏട്ടന് എപ്പോഴും തമാശയാണ്. എനിക്കത് പിടിക്കുന്നില്ലാട്ടോ..?”

അവൾ പരിഭവംപറഞ്ഞു.

പിന്നീടൊരിക്കൽ കുളികഴിഞ്ഞു മുല്ലപ്പൂവ് ചൂടി സാരിയുടുത്ത് ക്ഷേത്രത്തിൽ പോകാനിറങ്ങി ദേവിക പറഞ്ഞു

“ഏട്ടാ…ഇന്നോരുകൂട്ടം പറയാനുണ്ട് ക്ഷേത്രത്തിൽ പോയിവന്നിട്ടുപറയാം”

അയാൾക്കൊന്നും മനസ്സിലായില്ല,

“എന്താ…? ഒന്നു തെളിച്ചുപറ”

“അതൊക്കെയുണ്ട്..”

അതുംപറഞ്ഞു അവൾ നടത്തത്തിനു വേഗതകൂടി….

ഞങ്ങൾക്കൊരു കുഞ്ഞുകൂടേ പിറക്കാൻപോകുന്നെന്ന സന്തോഷത്തിലായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. പെണ്ണായിരിക്കണേ എന്ന പ്രാർത്ഥനയിലും വൈവാടിലുമായി ഒൻപത് മാസം തികഞ്ഞു അവിടുന്നങ്ങോട്ട് കാത്തിരിപ്പിന്റെ രസമുള്ള നിമിഷങ്ങളായിരുന്നു.