അമ്മയുണ്ടായിരുന്നപ്പോൾ
Ammayundayirunnappol | Author : Sreee
(ന്റെ കുട്ട്യേ കിടപ്പാണ് നേരം എത്രായിന്നറിയോ ?ഇങ്ങിനെ കിടന്നാലെങ്ങിനേയാ ഹരികുട്ടന് പോവണ്ടായോ ?)
-അഞ്ചാവുന്നുള്ളു അമ്മേ , ഇച്ചിരി കൂടെ കിടക്കട്ടെ ..
(കുട്ടി ന്താച്ചാ ചെയ്തോ !).
-‘അമ്മ ഉണ്ടായിരുന്നപ്പോ ഒന്നും അറിഞ്ഞിട്ടില്ലലോ .കുഞ്ഞുട്ടനെ പെറ്റിട്ടും കുട്ടിക്കളി മാറീല്ലന്ന് പറയും എപ്പോഴും .
(നീ ഇവിടെ നിക്കാ ! ഹരിക്ക് പോവണ്ടേ കുട്ട്യേ) .
-അയ്യോ സമയം ഏഴാകുന്നു ഈശ്വര ഇനി എപ്പോഴാ ചോറും കറിയും വെക്കുന്നേ .ഉച്ചക്ക് ഉണ്ണാൻ വരാൻ പറയാം അല്ലാതെ എപ്പോ ഉണ്ടാക്കി കൊടുക്കാന് ഇതൊക്കെ . ഇത്ര നാളും ഇതൊന്നും അറിഞ്ഞില്ലാലോ താൻ .കാലത്തെണീറ്റു എല്ലാം ചെയ്യുന്നത് അമ്മയായിരുന്നു . ഹരിയേട്ടന്റെം കുഞ്ഞുട്ടന്റെം കാര്യങ്ങൾ നോക്കും കൂടാതെ അമ്മിണിയും അമ്മേടെ മോളായിരുന്നുള്ളു അവളേം പൊന്നുപോലെ നോക്കിരുന്നു . അതും എഴുപതാം വയസിൽ ആണെന്നോർക്കണം. അന്നൊന്നും തനിക്കിതൊന്നും അറിയേണ്ടി വന്നിട്ടില്ല. എന്റെ ദേവിയെ, ഈ ഇരുപത്തഞ്ചാം വയസിൽ ഞാൻ നട്ടം തിരിയുന്നേ നീ കാണുന്നില്ല്യാന്നുണ്ടോ .അമ്മയും എന്നെ പോലായിരുന്നില്ലേ രണ്ടു കൈകളും രണ്ടു കാലുകളും .വേറെ എക്സ്ട്രാ ഫിറ്റിങ്സ് ഒന്നും ഞാൻ അമ്മയിൽ കണ്ടിട്ടില്ല .
-നാല് മണിക്കെഴുന്നേറ്റു കുളിച്ചു വിളക്ക് വെച്ചു തൊഴുതു നിൽക്കുന്നത് കാണേണ്ടത് തന്നെയാണ്‌ട്ടോ . ഞങ്ങളുടെ സ്വകാര്യ അഹങ്കാരം തന്നെയാണത് . ഒരു മിനിറ്റ് പോലും വെറുതെ ഇരുന്ന് കണ്ടിട്ടില്ല ഉച്ചമയക്കം പുള്ളിക്കാരിയുടെ അജണ്ടയിൽ ഇല്ല .തനിക്കാണെലോ എങ്ങനേലും ഉച്ച ആയികിട്ടിയേൽമതി.
ധിം ..ഠപ്പ് ..ഠ പ്പ് …
ദാണ്ടെ കിടക്കുന്നു ചട്ടീം കലവും നീ കൂടെ ഇങ്ങിനെ തുടങ്ങിയാൽ അമ്മ കഷ്ടപ്പെട്ട് പോവുല്ലോ കുഞ്ഞാ !
മ്പേ …മ്പേ ….
-ന്റെ അമ്മിണിയേ നിക്ക് ഓർമയുണ്ട് നീ ഇച്ചിരി കൂടെ ക്ഷമിക്ക് ഹരിയേട്ടൻ ഇപ്പൊ വരും കഴിക്കാൻ ഇതൊന്നു കാലാക്കിക്കോട്ടെ .ന്റെ കൃഷ്ണ ‘അമ്മ ഇതൊക്കെ എങ്ങിനെയാ ചെയ്തോണ്ടിരുന്നേ ..സമ്മതിക്കണംട്ടോ ..
ലക്ഷ്മിയേ …
-ഹ ഹരിയേട്ടൻ വന്നുല്ലോ ഒന്ന് പതുക്കെ വിളിയെന്റെ ഏട്ടാ , ഒരു കണക്കിന് കുഞ്ഞുട്ടനെ കിടത്തി ഉറക്കിയേ . നൂറുട്ടം പണിയുണ്ട് ചെയ്തു തീർക്കാൻ
ങേ ..ങേ
-ഹാ അമ്മേടെ വാവ എഴുന്നേറ്റോ …വാവോ ..വാവാവോ ഇച്ചിരി കൂടെ കിടന്നുറങ്ങിക്കോ .. അമ്മേടെ പണിയൊന്നും തീർന്നിട്ടില്ലാട്ടോ.
(നേരം ശ്ശി ആയേക്കുന്നു കുട്ട്യേ അമ്മിണിക് നീ ന്തേലും കൊടുത്തോ?ഓള് കുറെ നേരായി കരയുന്നു .പാവം മിണ്ടാപ്രാണിയല്ലേ അത് .നമ്മളുണ്ണും മുന്നേ അതുങ്ങളെ ഊട്ടണം കുട്ട്യേ ഇല്ലേൽ അത് പ്രാക്കാണ് ..)
-ഇപ്പൊ കൊടുക്കാം അമ്മെ .കുഞ്ഞുട്ടന്റെ കൂടെ കിടന്നു ഉറങ്ങേ പോയി .
-ന്റെ അമ്മിണിയെ പറഞ്ഞാൽ നിനക്കു എന്തേലും മനസ്സിലാകുമോ ആവോ ?ന്നോട് ക്ഷെമിക്കുട്ടോ നി ക്ക് ഇതൊന്നും ശീലമില്ലാത്ത കൊണ്ടാണ് .ഞാൻ അഭിനയിച്ചു ശീലിയ്ക്കാണ് അമ്മയുടെ റോൾ .’അമ്മ അഴിച്ചു വെച്ച വേഷം ഇനി ഞാൻ എടുത്തണിയട്ടെ .ഒരു ജന്മം കൊണ്ട് പോലും ആ കടം വീട്ടാൻ എനിക്കാവില്ല .എങ്കിലും ഹരിയേട്ടനേം കുഞ്ഞുട്ടനേം ഞാൻ അമ്മയായി തന്നെ നോക്കും .
പെരുത്തിഷ്ടായി
?????
❤️❤️❤️❤️❤️❤️❤️❤️❤️❤️??
thank you