“എനിക്കെന്റെ അഡ്വക്കേറ്റിനോട് സംസാരിക്കണം, “
“അതെല്ലാം സ്റ്റേഷനിൽ എത്തിയിട്ട്. നടക്ക് “
അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ നടന്നു. എതിരെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു.അതെന്നെ പോലെ അലോഷിയും കണ്ടിരുന്നു
പോലീസ് വാഹനത്തിലിരിക്കെ ഒരു സംശയം എന്നിൽ ജനിച്ചു. ഞാൻ ഹോസ്പിറ്റലിലായിരിക്കമ്പോൾ എന്റെ ഫോൺ സ്റ്റുഡിയോയിൽ ആണ്. ആ സമയം എന്നെ ഗായത്രി വിളിച്ചത് അലോഷ്യസിന്റെ നമ്പറിലേക്കാണ്. അ നമ്പർ എങ്ങനെ അവർക്കു കിട്ടി? അലോഷ്യസിനു മാത്രമറിയാവുന്ന ആ നമ്പർ എങ്ങനെ?
സ്റ്റേഷനിൽ എത്തിയപ്പോഴും CI വളരെ മാന്യമായി തന്നെയാണ് പെരുമാറിയത്.
“വേദ ഇരിക്കൂ.”
CI യുടെ മുറിയിലെ ചെയർ ചൂണ്ടി നൈനാൻ കോശി പറഞ്ഞു. ഞാനിരുന്നു.
” ക്ഷമിക്കണം നിങ്ങളും അരവിന്ദും ചേർന്നാണ് ബോഡി മോഷ്ടിച്ചതെന്ന് ദൃക്സാക്ഷിയായ മോർച്ചറി സൂക്ഷിപ്പുകാരന്റെ മൊഴി. അനുസരിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.നിങ്ങളുടെ കൈവശം മൊബൈ ഫോൺ ഉണ്ടെങ്കിൽ ഇവിടെ വെക്കൂ.”
ഫോൺ മേശ പുറത്ത് വാങ്ങി വെച്ചു.
“സർ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ അറസ്റ്റ് ചെയ്തത്.സജീവിന്റെ ബോഡി എനിക്കെന്തിന് ?”
ശബ്ദം തെല്ലുയർന്നുവോ എന്റെ?
” മോർച്ചറി സൂക്ഷിപ്പുകാരന്റെ തലയ്ക്കടിച്ചു ബോഡി ആംബുലൻസിൽ കയറാൻ നേരം നിങ്ങൾക്കൊപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞത് ‘വേദാ പരമേശ്വർ വേഗം വരു’ എന്നാണെന്ന് ബോധം മറയും മുന്നേ അയാൾ കേട്ടെന്ന്. പിന്നെ സംഭവസ്ഥലത്തു നിന്നും അരവിന്ദിന്റെ ഐഡി കാർഡും കിട്ടിയിട്ടുണ്ട്. ഇതൊക്കെ പോരെ തെളിവിന്.മാന്യമായ പെരുമാറ്റം ഇതൊരു മാതൃകാ പോലീസ് സ്റ്റേഷനായതിനാൽ മാത്രമാണ്. “
“ഞാൻ സാറിനെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു. ഞാൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാം.
“സർ എനിക്കൊന്നു അഡ്വക്കേറ്റിനെ ഫോൺ ചെയ്യണം.”
“നിങ്ങൾക്കിവിടുത്തെ ലാന്റ് ഫോൺ ഉപയോഗിക്കാവുന്നതാണ് “
തുടർന്ന് CI ഒരു കോൺസ്റ്റബിളിനെ വിളിച്ച് കാര്യം പറഞ്ഞു.
ഞാൻ അഡ്വക്കേറ്റ് ജയപ്രകാശിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തെറ്റു ചെയ്യാത്തതിനാലാവാം ഭയം ഒട്ടുമില്ലായിരുന്നു.
ഒരു വനിതാ പോലീസുകാരി വന്നു എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. മരത്തിന്റെ ഒന്നു രണ്ട് ബെഞ്ചുകൾക്കൊപ്പം ചുവന്നു നരച്ച അഞ്ചാറ് ഫൈബർ കസേരകളും, തലേ ദിവസം നൈറ്റ് പെട്രോളിംഗിനിറങ്ങിയവർ പൊക്കിയ വാടിക്കരിഞ്ഞ മുല്ലപ്പൂ ചൂടി മുറുക്കിച്ചുവപ്പിച്ച രണ്ട് സ്ത്രീകൾ ബെഞ്ചിന്റെ അങ്ങേത്തലയ്ക്കലായിരിക്കുന്നു.
അവയിലൊരാൾ എന്നെ നോക്കി ചിരിച്ചു. അവർക്ക് ചിരപരിചിതമായ സ്ഥലമായതിനാലാവാം അവരുടെ മുഖത്ത് കൂസലില്ലാഴ്മ.
ഞാനവരിരിക്കുന്നതിനടുത്ത് നിന്ന് ഏറ്റവും ദൂരയുള്ള ഇരിപ്പിടത്തിൽ ഇരുന്നു.
5th part ille??