അരവി ചൂടായി. അവൻ പറയുന്നത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു. പക്ഷേ എനിക്കതിനു കഴിയില്ല.
“ജോണ്ടി നാളെ നമുക്കൊരിടം വരെ പോവണം.”
എവിടെയാണെന്നവൻ ചോദിച്ചില്ല.
” അരവീ എനിക്കെന്തായാലും ഇന്ന് ഫംഗ്ഷന് ഇനി പറ്റില്ല. എന്നെയൊന്ന് വീട്ടിൽ വിടാമോ?”
ഒരു ടാക്സിയിൽ ഞങ്ങൾ യാത്ര തിരിച്ചു.
പരസ്പരം ആരും സംസാരിച്ചില്ല. വീടിനു മുമ്പിൽ ഇറങ്ങുമ്പോൾ ഞാൻ ജോണ്ടിയോട് പറഞ്ഞു.
“ജോണ്ടി കാലത്ത് അഞ്ച് മണിയാകുമ്പോൾ ഇവിടെത്തണം. “
അത്താഴത്തിന് മുമ്പിലിരിക്കുമ്പോൾ വിശപ്പ് കെട്ടിരുന്നു. എങ്കിലും ഒരു ചപ്പാത്തി കഴിച്ചു.
മുറിയിലെത്തി . ഒത്തിരി പ്ലാനിംഗ് ഉണ്ട്.
ഡയറി അയച്ച ഫ്രം അഡ്രസ്സ് തിരക്കിയിറങ്ങണം, പിന്നെ തീർത്ഥ.
എന്തോ എവിടെയോ ഞാൻ കണക്റ്റായി കിടക്കുന്നുണ്ട്.
മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു.
ഞാൻ ഓപൺ ചെയ്തു.
ഒരു Sai Siva
ഒരു ഇമേജാണ്, ഒരു ചെറിയ ഓടിട്ട വീടിന്റെ.
മനോഹരമായ ആ വീടിന്റെ മുന്നിൽ നിറയെ പലതരത്തിലും വർണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.
വീടിനോട് ചേർത്തുവെച്ച ഒരു ചെറിയ സൈക്കിൾ. സൈക്കിളിന്റെ മീതെ ഒരു ടെഡിബിയർ. സൂം ചെയ്ത് നോക്കിയപ്പോൾ ആ ടെഡിബിയറിനു ഒരു കണ്ണു മാത്രമേ ഉള്ളൂ എന്ന് മനസിലായി.
അപരിചിതരയക്കുന്ന മെസ്സേജിന് മറുപടി കൊടുക്കാറില്ല.
നെറ്റ് ഓഫ് ചെയ്തിട്ട് തലയിണ ക്രാസിയിൽ ചാരി ഇരുന്നു. എതിരെയുള്ള ചുമരിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ഞാൻ സെറ്റിയിലിരിക്കുന്ന ഒരു ഫോട്ടോ .
അച്ഛനായിരുന്നു എല്ലാത്തിന്റേയും ഗുരു.ആദർശങ്ങളിൽ മുറുക്കിപ്പിടിച്ച അഡ്വക്കേറ്റ് പരമേശ്വരൻ
ജേർണലിസം ചെയ്യണമെന്നു പറഞ്ഞപ്പോൾ അമ്മയേക്കാൾ സപ്പോർട്ട് ചെയ്തത് അച്ഛനായിരുന്നു.അഡ്വക്കേറ്റ് ദമ്പതികളുടെ മകൾ ജേർണലിസ്റ്റാവുന്നതിൽ അമ്മയുടെ കുടുംബക്കാരിൽ പലർക്കും ഇഷ്ടമായില്ല.
എന്തിനും ശക്തി തന്നത് അച്ഛനുമമ്മയും തന്നെയായിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ പ്രശ്നങ്ങൾ ഇത്രയധികം സങ്കീർണമാവില്ലായിരിക്കും.
ഇടതും വലതും ഓരോ തലയിണവെച്ച് അച്ഛനുമമ്മയും ആണെന്ന് സങ്കൽപിച്ച് ഞാനുറങ്ങി.
പുലർച്ചെ ഉണർന്ന് റെഡിയാകുമ്പോൾ ഗേറ്റിൽ ബൈക്കിന്റെ ഹോണടി ശബ്ദം തകർക്കുന്നു.
“സുനിതേച്ചീ…. ജോണ്ടിയാവും ഗേറ്റ് തുറന്നുകൊടുക്ക്.”
ഇറങ്ങാൻ സമയം ലേറ്റായി.5.17 കഴിഞ്ഞിട്ടുണ്ട്.
nice