അജ്ഞാതന്‍റെ കത്ത് 2 39

ജോണ്ടിക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു അതുറപ്പായി.
അകാരണമായ ഭയത്താൽ ഞാനിടയ്ക്കിടെ പിൻതിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
ലുലു പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് അവനൊപ്പം ഞാനെത്താൻ ഓടുകയായിരുന്നു.
സ്പാർക്കിയിലെ തിരക്കിൽ അരവിന്ദ് ആരെയോ തിരക്കി നടന്നു. ഒടുവിൽ ജോണ്ടിയെ ഞങ്ങൾ കണ്ടു.
അവനാകെ ഭയന്നു വിറച്ചിരിക്കയായിരുന്നു. ഞങ്ങളെ കണ്ടപാടെ അവൻ ഓടി വന്നു. എന്തേലും ചോദിക്കുന്നതിനു മുൻപേ അരവിന്ദ് അവനേയും കൂട്ടി നടന്നിരുന്നു. അവന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടായിരുന്നു.

താഴെ എത്തിയപ്പോൾ അരവിന്ദ് പറഞ്ഞു.
” ബൈക്ക് യാത്ര എന്തായാലും സേഫല്ല. നമുക്ക് പിന്നിൽ ആരോ ഉണ്ട്.ഞാൻ യൂബർ വിളിക്കാം.”

മൂന്ന് മിനിട്ടിനുള്ളിൽ യൂബർ വന്നു. എനിക്ക് ചോദിക്കാനും പറയാനും കുറേ ഉണ്ടായിരുന്നെങ്കിലും അപരിചിതനായ ഡ്രൈവറെ ഭയന്ന് മൂന്നു പേരും സംസാരിച്ചില്ല.
വിഷൻ മീഡിയായിലെ എന്റെ ക്യാബിനിൽ എത്തുംവരെ ആരും സംസാരിച്ചിരുന്നില്ല.
എന്റെ ക്ഷമ നശിച്ചിരുന്നു.

“എന്താ ജോണ്ടി ണ്ടായത്?”

“ചേച്ചിയാദ്യം ഇതെല്ലാം കോപ്പി ചെയ് .എന്റെ കൈയിലിത് സേഫല്ല.”

ക്യാമറയെടുത്തവൻ സിസ്റ്റത്തിനടുത്തു വെച്ചു.

“നിങ്ങളവിടുന്നു പോന്നതിന് ശേഷം ഞാൻ നേരെ പാർട്ടിക്ക് പോവാമെന്നോർത്തതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എനിക്ക് പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ വന്നു. എത്ര സൈഡ് കൊടുത്തിട്ടും അത് കയറി പോയില്ല. എനിക്ക് എന്തോ പന്തികേട് തോന്നി. തൊട്ടടുത്ത ജംഗ്ഷനിൽ ഞാൻ വണ്ടിയൊതുക്കി അവിടെയൊരു കടയിൽ കയറി. സ്ക്കോഡ ജംഗ്ഷൻ കടന്നു പോയി.പിന്നീടെന്തോ ഒറ്റയ്ക്ക് വരാൻ ധൈര്യമില്ലായിരുന്നു. നിങ്ങളെ രണ്ടു പേരേയും വിളിച്ചുകൊണ്ടിരിക്കവെ ഫോണിലെ ചാർജ്ജും തീർന്നു.എന്നിൽ നിന്നും ആ റെക്കോർഡ്സ് നഷ്ടാവാതിരിക്കാൻ ഞാനൊരുപായം കണ്ടു. പിന്നീട് വന്ന കാറിനു കൈ കാണിച്ചു. അതൊരു തമിഴന്റെ വണ്ടിയായിരുന്നു. അവരുടെ കൂടെ ലുലുവിൽ എത്തി. കാറിൽ ഫോൺ ചാർജ്ജലിട്ടതിനാൽ വിളിക്കാൻ പറ്റി. “

” അതേ വൈറ്റ് സ്ക്കോഡ തന്നെയാവാം ഒരുപക്ഷേ നമ്മളേയും ഫോളോ ചെയ്തത്.”

അരവി പറഞ്ഞു.
ഞാനപ്പോഴേക്കും ഓഫീസ് സിസ്റ്റത്തിലും എന്റെ ഹാർഡ്ഡിസ്ക്കിലും കൂടാതെ അച്ഛന്റെ മെയിലിലേക്കും അവ സെന്റ് ചെയ്തു. പ്രധാനപ്പെട്ട എല്ലാ മെയിലുകളും ഞാൻ ഇതേ പോലേ അയക്കാറുണ്ട്.

Updated: September 26, 2017 — 8:47 pm

1 Comment

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nice

Comments are closed.