പനി കൊണ്ടും ക്ഷീണം കൊണ്ടും തളർന്ന മിഴികളിൽ ഉത്സാഹത്തിന്റെ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് അയാൾ ശ്രദ്ധിച്ചു. ആശുപത്രിയുടെ വിശാലമായ കോറിഡോറിലൂടെ അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി ഒരു പൂമ്പാറ്റയെപ്പോലെ അവൾ നീങ്ങി. മൂന്നു ദിവസങ്ങൾക്കു മുൻപ് കടുത്ത പനിയും ശ്വാസതടസ്സവുമായി ആശുപത്രിയുടെ എമർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുവരുമ്പ്ൾ മകൾ വാടിയ ഒരു ചേമ്പിൻതണ്ടു പോലെയായിരുന്നു എന്നയാൾ ഓർത്തു. മകളിൽ നിറഞ്ഞിരിക്കുന്ന പുതിയ ഊർജ്ജം അയാളെയും ഏറെ സന്തോഷിപ്പിച്ചു. മൂന്നാം നിലയിൽ നിന്നും താഴേക്കു പോകുന്ന ലിഫ്റ്റിൽ കയറുമ്പോൾ മകളുടെ കവിളിലും ഉച്ചിയിലും അയാൾ കുസൃതി നിറഞ്ഞ അരുമയോടെ ചൊറിഞ്ഞു.
അയാളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ടു ഒരു മത്സ്യത്തെ പോലെ പിടഞ്ഞുകൊണ്ട് മകൾ കിലുങ്ങി ചിരിച്ചു.
‘നിച്ചു ഇക്കിളി കൂടാണ് അച്ഛാ…’
ലിഫ്റ്റിൽ നിന്നുമിറങ്ങി ഔട്ട് ഡോറിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനരികിലേക്കു നടക്കുമ്പോൾ പ്രധാനകവാടത്തിന് അല്പം മാത്രം ദൂരത്തായി നിൽക്കുന്ന കൂറ്റൻ യൂക്കാലി മരം ശ്രദ്ധയിൽപ്പെട്ടു. പൊളിഞ്ഞടർന്ന നേർത്ത പുറംതൊലിക്കുള്ളിൽ മിനുത്ത, വെണ്മയോടുകൂടിയ തായ് ത്തടി. അത് മറ്റേതോ ഇനത്തിൽപ്പെട്ട വൃക്ഷമാണെന്നു അയാൾ ആദ്യം തെറ്റിദ്ധരിച്ചു. ചുവട്ടിൽ വീണുകിടക്കുന്ന ചുവപ്പും പച്ചയും കലർന്ന നീണ്ടു നേർത്ത ഇലകൾ അയാളിലെ കുട്ടിത്തത്തെ ഉണർത്തി. കാറ്റിൽ പറന്നു വീണ ഇലകളിൽ ഒന്ന് കുനിഞ്ഞെടുത്തു വിരലുകൾക്കിടയിൽ ഞെരടിച്ച് അയാൾ വാസനിച്ചു. സ്കൂളിലേക്കുള്ള യാത്രയിൽ വഴിയരികിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ചുവട്ടിൽ നിന്നും
പെറുക്കിയെടുക്കുന്ന ഉണങ്ങാത്ത ഇലകളെ ഞെരടിപ്പിച്ചു മണപ്പിക്കുന്ന ബാല്യത്തിന്റെ കുതൂഹലത്തോടെ തന്നെ.
‘രുക്കൂനേം മണപ്പിക്കച്ച’. മകൾ കൊഞ്ചി.
‘അമ്പടി സൂത്രക്കാരി. നീ അതും ശ്രദ്ധിച്ചോ’.
വിരൽത്തുമ്പ് മകളുടെ മൂക്കിൽ മണപ്പിച്ചുകൊണ്ടു അയാൾ പറഞ്ഞു.
‘ഊം…’
‘നല്ല നാറ്റം’. മൂക്കിലേക്ക് വലിച്ചെടുത്ത യൂക്കാലിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് മകൾ പറഞ്ഞു.
അയാൾ ഉറക്കെ ചിരിച്ചു. ‘നല്ല നാറ്റമല്ല റുക്കൂ, നല്ല മണം എന്ന് പറയണം’.
ഇംഗ്ളീഷും മലയാളവും കൂട്ടിക്കലർത്തിയാണ് മകൾ സംസാരിക്കുന്നത്. വർഷങ്ങളായി വിദേശരാജ്യത്തു ജീവിക്കുന്ന അയാളും ഭാര്യയും മകൾ ജനിച്ചപ്പോൾ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്ന്, കുട്ടിയെ തങ്ങളുടെ മാതൃഭാഷ പഠിപ്പിക്കണമെന്നുള്ളതാണ്. ആ തീരുമാനത്തിൽ അഭിമാനിക്കാൻ അവർക്കിപ്പോൾ കാര്യമായ വകയുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ബീച്ചിനരികിലൂടെ വീട്ടിലേക്കുള്ള യാത്രയിൽ മകൾ കൊലയാളി തിമിംഗലങ്ങളെക്കുറിച്ച് അയാളോട് ചോദിച്ചു. അത്തരം തിമിംഗലങ്ങളെക്കുറിച്ചു മകളോട് പറഞ്ഞുകൊടുത്തിട്ടുള്ളത് അയാൾ തന്നെയാണ്. സമുദ്രത്തിന്റ ആ ഭാഗത്തു അപൂർവമായി അവ തിരണ്ടികളെ തേടി വരാറുണ്ട്. ചോദ്യോത്തര വേളകൾക്കിടയിൽ എപ്പോഴൊ മകൾ ക്ഷീണം കൊണ്ട് ഉറക്കത്തിലായി. സ്റ്റീയറിങ് വീലിൽ താളമിട്ട് അയാൾ വാഹനം ഓടിച്ചുകൊണ്ടിരുന്നു. എപ്പോഴോ റോഡിന് സമാന്തരമായി കുന്നിനു മുകളിലൂടെ നീണ്ടു പോകുന്ന റെയിൽ പാതയിലൂടെ ഒരു കുട്ടിട്രെയിൻ അതേദിശയിൽ തന്നെ ഓടി ഒരു തുരങ്കത്തിനുള്ളിലേക്കു മറയുമ്പോൾ, പിറകിലെ കാർസീറ്റിൽ മയക്കത്തിൽ നിന്നും പെട്ടെന്നുണർന്ന മകൾ ഉറക്കച്ചടവോടെ വലിയ ഒരു പരിഭവം പരാതിയായി പറയുന്നത് അയാൾ കേട്ടു. ‘അമ്മ അച്ചൂന് പാല് കൊടക്കും. റുക്കൂന് തരില്ല അച്ഛാ’.
വാഹനത്തിന്റെ പിൻകാഴ്ചകൾക്കുള്ള കണ്ണാടിയിലൂടെ അയാൾ മകളെ നോക്കി. കാർ സീറ്റിൽ തല വശത്തേക്ക് ചായ്ച്ച് മകൾ വീണ്ടും
ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് അയാൾ കണ്ടു. അയാളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചിരിയിൽ അഞ്ചു വയസ്സിലും അനിയത്തിയോടൊപ്പം അമ്മിഞ്ഞമുണ്ട തന്റെ ബാല്യത്തിന്റെ ലജ്ജ കൂടി കലർന്നിരുന്നു. ഉപബോധമനസ്സിൽ നിന്നും വഴുതി വീണ വലിയ പരിഭവം ഭാര്യക്കുള്ള മകളുടെ നിവേദനമായി അയാൾ മനസ്സിൽ കരുതി.
ടണൽ കടന്ന ട്രെയിൻ വീണ്ടും കുന്നിൻചെരിവിൽ പ്രത്യക്ഷമായി വാഹനത്തിന് സമാന്തരമായി ഓടുവാൻ തുടങ്ങി.
ഒരിക്കൽക്കൂടി അയാൾ പിൻസീറ്റിലേക്ക് നോക്കി. ഉറക്കത്തിൽ ഞൊട്ടിനുണയുന്ന ചുണ്ടുകൾ ….
തനിക്കു മാത്രം കേൾക്കുന്ന ശബ്ദത്തിൽ അയാൾ അരുമയോടെ നീട്ടി വിളിച്ചു. ‘അച്ഛേടെ മുത്തേ…’
THANKS
SUNIL THARAKAN
Author. From Kothamangalam. Lives in Wellington, New Zealand
SUNIL THARAKAN’s ANOTHER STORY PLEASE CLICK HERE TO READ
ഈ സൈറ്റില്‍ ആദ്യമായി വായിക്കുന്ന കഥയാണ്. എന്താ പറയുക..അതിമനോഹരം. അസാധ്യ രചന. അസൂയാവഹം. അച്ഛനും മകളും കുടുംബവും പ്രകൃതിയും സ്നേഹവും നൊമ്പരവും എല്ലാം ഒരു കുഞ്ഞു കഥയില്‍ ഉള്‍ക്കൊള്ളിച്ച് മനസ്സില്‍ വിവിധ നന്മാവികാരങ്ങള്‍ സൃഷ്ടിച്ച താങ്കള്‍ ഒരു അസാധ്യ എഴുത്തുകാരന്‍ തന്നെ. നന്ദി, ആശംസകള്‍.