പാതി തിന്ന സാന്റ് വിച്ചിലേക്കു നോക്കി മകൾ പറഞ്ഞു, ‘നിച്ചു മതിയച്ചാ, വയറു വേദനിക്കണൂ’.
‘അത് നുണ, രുക്കു ഒട്ടും തിന്നേയില്ലലോ, വയറു വേദനിക്കാൻ’.
‘വയറ് നറഞ്ഞു അച്ഛാ, നിക്കിനി തിന്നാൻ പറ്റൂല്ല’.
‘എന്നാൽ ഈ യോഗാർട്ട് കൂടി കഴിച്ചു നിർത്താം’.
‘ഉം…’ വൈമനസ്സ്യത്തോടു കൂടിയുള്ള മൂളൽ. രണ്ടു സ്പൂൺ പോലും കഴിക്കുന്നതിനു മുൻപേ മകൾ പറഞ്ഞു, നിച്ച് ഈ യോഗാർട്ടിഷ്ടൂല്ല’.
‘പിന്നെയെന്താണ് രുക്കൂണിഷ്ടം? അച്ഛൻ കൂട്ടില്ല’. അയാൾ വീണ്ടും പിണക്കം ഭാവിച്ചു.
‘നിച്ചു ചോക്കലേറ്റ് ഫ്ലായ്‌വേര് ഇഷ്ടാ’.
‘അതച്ഛൻ പിന്നെ വാങ്ങി തരാം. ഇപ്പൊ ഇത് കഴിക്കാം’.
അയാളുടെ പ്രലോഭനങ്ങളിലും പരിഭവങ്ങളിലും മയപ്പെട്ടു മകൾ കുറച്ചുകൂടി കഴിച്ചു.
പാതി തിന്ന സാന്റ് വിച്ചും പൂർത്തിയാക്കാത്ത യോഗാർട്ടും ട്രേയിലേക്കു തിരികെവച്ച് നിവരുമ്പോൾ വാതിലിൽ മുട്ടിവിളിച്ച് നേഴ്സ് അകത്തേക്ക് വന്നു. പരിശോധനകൾക്കു ശേഷം അവർ പറഞ്ഞു. ‘ഹാർട്ട് ബീറ്റും ഓക്സിജൻ ലെവലും വളരെ പുരോഗമിച്ചു കഴിഞ്ഞു. ഇൻഹേലറിന്റെ ഉപയോഗം രണ്ടുമണിക്കൂറിൽ നിന്നും മൂന്നുമണിക്കൂറിലേക്കു സ്ട്രെച് ചെയ്യാം. ഡോക്ടർ ഉച്ച കഴിഞ്ഞേ വരികയുള്ളൂ…’
പുറത്തു മഴ പിന്നെയും തുടങ്ങി. കുന്നിൻ മുകളിലെ നിഴൽക്കൂത്ത് അവസാനിച്ചു കഴിഞ്ഞു. ഉച്ചക്ക് ശേഷം ഡോക്ടർ വന്നു. ശ്വാസകോശത്തിന്റെ ചുരുക്കത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. പക്ഷെ, കുട്ടിയുടെ തൂക്കത്തിന്റെ കാര്യത്തിൽ അവർക്കുള്ള സന്ദേഹം പറയുകയും രക്തപരിശോധന വേണമെന്ന് കൂടെയുള്ള നഴ്സിനോട് നിർദ്ദേശിക്കുകയും ചെയ്തു. കുട്ടിയുടെ ഭക്ഷണക്രമത്തിൽ കൃത്യമായ പ്ലാൻ തയ്യാറാക്കുന്നതിന് ഡയറ്റീഷ്യനെയും അവർ തന്നെ റഫർ ചെയ്തു.
ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ മകൾ പിന്നെയും ചോദിച്ചു.
‘എപ്പഴാ വീട്ടിൽ പോകുന്നെ അച്ഛാ?’
‘നാളെ രാവിലെ. അപ്പോഴേക്കും രുക്കൂന്റെ അസുഖം മാറും’.
‘നിച് അമ്മേനെ കാണണം’. മകൾ വാശിപിടിച്ചു ചിണുങ്ങാൻ തുടങ്ങി…
‘അച്ചൂന് ചിക്കൻപോക്സല്ലേ റുക്കൂ… അതല്ലേ അമ്മ വരാത്തത്. നാളെ രാവിലെ രുക്കൂന് പോകാന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. രാവിലെ തന്നെ പോകാട്ടോ…’ അയാൾ കുട്ടിയെ ആശ്വസിപ്പിച്ചു.
‘നിച്ച് ഇവിടെ ഇഷ്ട്ടല്ലച്ചാ..’ അയാളുടെ മനം അലിഞ്ഞു.
എങ്കിലും ഒരു ഉപായം കണ്ടെത്തേണ്ടതുണ്ട്.
‘അച്ഛ മൗഗ്ളിയുടെ കാർട്ടൂൺ വച്ചുതരട്ടെ, മുത്തിന്?’
‘നിച്ച് ഇഷ്ട്ടൂല്ല ആ കാർട്ടൂൺ. നിച്ച് ശിർക്കാനേ പേടിയാ…’
‘എന്നാൽ അച്ഛ ഒരു കഥപറയാം… സ്വർണത്തലമുടിയുള്ള സുന്ദരിയായ ഒരു രാജകുമാരിയുടെ’.
മകളുടെ മുഖം പെട്ടെന്ന് പ്രസന്നമായത് അയാൾ കണ്ടു. ഒപ്പം സ്വന്തം മുടിയിഴകൾ കൈയിൽ എടുത്തുനോക്കികൊണ്ടുള്ള ചോദ്യം ഉള്ളിൽ ഒരു അങ്കലാപ്പും സൃഷ്ട്ടിച്ചു.
‘ന്റെ മുടി എന്താ അച്ഛേ കറുപ്പ് ? നിച്ച് സ്വർണ്ണത്തലമുടിയാ ഇഷ്ട്ടം’. പ്രസരിപ്പോടെയാണെങ്കിലും ഇച്ഛാഭംഗത്തിന്റെ സ്വരം തിരിച്ചറിയുവാൻ കഴിഞ്ഞു. ഒന്ന് കുഴങ്ങിയെങ്കിലും അഭ്യാസിയുടെ തഴക്കത്തോടെ ആ വൈതരണിയെ അയാൾ വിദഗ്ധമായി തരണം ചെയ്ത് കഥയിലേക്കു കടന്നു.
‘പണ്ടു പണ്ട്… ഒരിടത്തൊരു…’ അയാൾ കഥ തുടങ്ങി. മകൾ ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെയും കഥപറച്ചിൽ തുടർന്ന് കൊണ്ടിരുന്നു.
പിറ്റേദിവസം രാവിലത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർ ഡിസ്ചാർജ് എഴുതി. ഇൻഹേലറിന്റെ ഉപയോഗം നാല് മണിക്കൂറിൽ നിന്നും മൂന്നു മണിക്കൂർ ആക്കി ചുരുക്കി, അടുത്ത നാല് ദിവസം കൂടി അതിന്റെ ഉപയോഗം തുടരേണ്ടതുണ്ട്. ഡയറ്റീഷ്യൻ ഓരോ നേരത്തും കഴിക്കേണ്ട ആഹാരത്തിന്റെ ഒരു പട്ടിക നേരത്തെ തയ്യാറാക്കി നൽകിയിരുന്നു. കൂടാതെ രാത്രിയിലെ ഭക്ഷണത്തിനു ശേഷം ഒരു ന്യൂട്രീഷൻ ഡ്രിങ്ക് കൂടി അവർ റഫർ ചെയ്തു.
അൽപ സമയത്തിനുള്ളിൽ ചണസഞ്ചിയിൽ സാധനങ്ങളെല്ലാം പെറുക്കിവച്ച് മകളെയും കൊണ്ട് അയാൾ റൂമിനു പുറത്തിറങ്ങി.
നേഴ്സുമാരുടെ ഡ്യൂട്ടി റൂമിനു മുൻപിൽ എത്തിയപ്പോൾ ഒരു നിമിഷം അവർ അവിടെനിന്ന് രണ്ടു വാക്കിൽ പുഞ്ചിരിയോടെ എല്ലാവരോടും നന്ദി പറഞ്ഞു. കുട്ടിയെ നോക്കി എല്ലാവരും വാത്സല്യത്തോടെ ശീഘ്രസുഖവും യാത്രാമംഗളവും നേർന്നു. കുട്ടിയും യാത്ര പറഞ്ഞു, ഒപ്പം വീണ്ടും വരാമെന്നുള്ള അവളുടെ വാഗ്‌ദാനം അവരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി. അയാളും അവരോടൊപ്പം ആ ചിരിയിൽ പങ്കുചേർന്നു. അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടപക്ഷിയെപ്പോലെയായിരുന്നു കുട്ടി.
ഈ സൈറ്റില്‍ ആദ്യമായി വായിക്കുന്ന കഥയാണ്. എന്താ പറയുക..അതിമനോഹരം. അസാധ്യ രചന. അസൂയാവഹം. അച്ഛനും മകളും കുടുംബവും പ്രകൃതിയും സ്നേഹവും നൊമ്പരവും എല്ലാം ഒരു കുഞ്ഞു കഥയില്‍ ഉള്‍ക്കൊള്ളിച്ച് മനസ്സില്‍ വിവിധ നന്മാവികാരങ്ങള്‍ സൃഷ്ടിച്ച താങ്കള്‍ ഒരു അസാധ്യ എഴുത്തുകാരന്‍ തന്നെ. നന്ദി, ആശംസകള്‍.