ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1528

ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ

Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ

കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ
“നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു ……..
എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം……..
എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി കഴിഞ്ഞിരിക്കുന്നു ഹരിഗോവിന്ദൻ…
കൊൽക്കത്തയിലെ രാമകൃഷണ മിഷനിൽ നിന്നും സന്യാസം സ്വികരിച്ച് പരിത്യാഗത്തിന്റെ കർമ്മഭൂമിയിലേക്കുള്ള ശാപമോക്ഷവും തേടിയുള്ള
യാത്ര……
ഗംഗാനദിയുടെ കല്പടവുകൾ കയറി ശരീരത്തിന് കുറുകെ കാഷായവസ്‌ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും ധരിച്ച ശേഷം ഹരിദ്വാരിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന ട്രെയിനിന്റെ സെക്കന്റ്‌ ക്ലാസ്സ്‌ കമ്പാർട്ട്മെന്റിന്റെ ജനലരികിലുള്ള സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുമ്പോഴും പുറം കാഴ്ച്ചകൾ കാണാൻ താല്പര്യമില്ലാത്ത ഏകാഗ്രത നഷ്ടമായ തന്റെ മനസ്സ് ഓർമ്മകളുടെ നിലവറയിലേക്ക് കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ പായുകയാണ്……
പന്ത്രണ്ടു വർഷത്തെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ…പട്ടാമ്പിയിലെ തറവാട്ടിൽ നിന്നും ഹിമാലയം വരെയുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരത്തിൽ ചവിട്ടിമെതിച്ചു പോയ ജീവിതങ്ങൾ,വെട്ടിപ്പിടിച്ച സമ്പത്തുക്കൾ എല്ലാം എന്തിന്നു വേണ്ടിയായിരുന്നു.. “ഇന്ദുമതി” എന്ന സ്ത്രീയോടുള്ള പകയും പ്രതികാരവും മാത്രം ആയിരുന്നോ?……ഇന്ദുമതി ഒരു പുകമറ മാത്രമായിരുന്നു എല്ലാ തെറ്റുകളെയും പാപങ്ങളെയും ന്യായികരിക്കാൻ സൃഷ്ടിച്ച വെറുമൊരു പുകമറ….
ആ പന്ത്രണ്ടു വർഷത്തെ കീചകജന്മത്തിൽ അഴുക്കുചാലുകൾ നീന്തിക്കയറിയും ചതുപ്പുനിലങ്ങളിൽ മുങ്ങിത്താന്നും എന്തല്ലാം ചെയ്തു………
കാമാട്ടിപുറത്തെ കൂട്ടിക്കൊടുപ്പുക്കാരൻ മുതൽ ശവപൂജ ചെയുന്ന ആഭിചാരകാർമ്മികൻ വരെ.. എല്ലാം പൊന്നിനും പെണ്ണിനും വേണ്ടി…അവസാനം നശ്വരമായ ജീവിതത്തിൽ നേടിയതെലാം ഉപേക്ഷിച്ച് അനശ്വരത തേടിയുള്ള ഹിമാലയൻ യാത്ര….
പരമശിവന്റെ ഭൂതഗണങ്ങളുടെ പടത്തലവൻ ഭൈരവന്റെ മൂർത്തികളാണ് താങ്ങൾ എന്നു വിശ്വസിച്ചു ജീവിക്കുന്ന അഘോരികളുടെ കുടെയുള്ള ഹിമാലയം ജീവിതം.. കഞ്ചാവിന്റെയും ഭാംഗിന്റെയും മായികലോകത്തു നിന്നും പ്രയാഗിലെ കുംഭമേളയിലേക്കുള്ള യാത്രയിൽ താൻ പരിചയപ്പെട്ട സ്വാമി പൂർണ്ണതീർത്ഥാ…. കാട്ടാളജീവിതത്തിൽ നിന്നും വാത്മീകി മഹർഷിയെ പോലെ പരിവർത്തനം നേടി ജ്ഞാനത്തിന്റെ കൈലാസം കിഴടക്കിയ സന്യാസി ശ്രേഷ്‌ഠൻ…… അദ്ദേഹമൊത്തുള്ള സഹവാസം പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും മറ്റൊരു ലോകത്തേക്കുള്ള വാതിൽ തന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു….ആ മഹാനുഭാവനിൽ നിന്നും സന്യാസം സ്വികരിച്ചു അവിടത്തെ ശിഷ്യനായി മാനവസേവനത്തിനായി തന്റെ ശിഷ്ടകാലജീവിതം നയിക്കുന്നതിനാണ് ഈ യാത്ര…………..