ചെക്കൻ ഗൾഫ് ഗേറ്റ് ആണ് [ചിപ്പി] 73

ചെക്കൻ ഗൾഫ് ഗേറ്റ് ആണ്

Chekkan Gulf Gate Aanu | Author : Chippi

 

പെണ്ണുകാണൽ അതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുമ്പോഴാണ് എപ്പൊഴും അളിയൻ ആ വാചകം തട്ടി വിടുക.” അതേ…ഒരു കാര്യം പറയാനുണ്ട് … കാര്യം വല്യ ദോഷം ഒന്നുമല്ലെകിലും നമ്മൾ ഒന്നും മറച്ചു വക്കാൻ പാടില്ലല്ലോ …. ചെക്കൻ ഗൾഫ് ഗേറ്റ് ആണ് ട്ടാ…”
പെണ്ണിന്റെ വീട്ടുകാർ മുഖത്തോടു മുഖം നോക്കും …” എന്തൂട്ട് ???? ചെക്കന് ജോലി എയർ പോർട്ടിൽ ആണെന്നല്ലേ പറഞ്ഞെ ??”
“അതൊക്കെ ശരി തന്നെ …നമ്മുടെ പയ്യൻ സ്വല്പം കഷണ്ടി ആണ് ..അതോണ്ട് ഗൾഫ് ഗേറ്റ് മുടി വച്ചിട്ടുണ്ട് കുറച്ച് … ആ കാര്യമാ പറഞ്ഞത് … ”
പല തവണ ഈ സംഭാഷണം നടക്കുന്ന നേരത്ത് പെണ്ണിന്റെ മുഖത്തു വരുന്ന നവരസങ്ങൾ ഞാൻ ശ്രദ്ധിച്ചു കണ്ടിട്ടുണ്ട് … ആദ്യം ഒന്ന് ഞെട്ടും എന്നിട്ടെന്റെ മുടിയിലേക്ക് തറപ്പിച്ചൊരു നോട്ടം …പിന്നെ നോക്കിയ നോട്ടം പിൻവലിക്കാൻ ഒരു ചാട്ടം… ഇനീപ്പോ ഇത് തലേലവോ എന്നൊരു ആത്മഗതം ..തുടർന്ന് വീട്ടുകാരുടെ മുഖത്തേക്ക് അതി ദയനീയമായ ഒരു നോട്ടം …നിനക്ക് വേണ്ടെങ്കി വേണ്ടെടി പെണ്ണെ എന്ന് അമ്മയുടെ ഒരു ആംഗ്യം ..
“എന്നാ പിന്നെ ചെറുക്കനും പെണ്ണും കൂടെ വല്ലതും മാറി നിന്ന് സംസാരിച്ചോട്ടെ ” . കഞ്ഞീൽ മണ്ണ് വാരി ഇട്ടിട്ട് അളിയൻ തെണ്ടിടെ അടുത്ത ഡയലോഗ് …
“എന്തൂട്ടിന് ???” എന്ന ചോദ്യചിഹ്നം പോലെ മിഴിച്ചു നിൽക്കുന്ന പെണ്ണ് മിണ്ടിയാലായി. പലപ്പോഴും അതിനു മുൻപേ പെണ്ണിന്റെ ‘അമ്മ ..” ഞങ്ങൾ ബ്രോക്കറോട് വിവരം അറിയിക്കാം ” എന്നും പറഞ്ഞു പെണ്ണിന്റെ മുന്നിൽ കേറി തട പിടിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്
അളിയൻ തെണ്ടിയെ ഒരുപാട് ഉപദേശിച്ചു നോക്കി … “പൊന്നളിയാ നിങ്ങക്കിതെന്തിന്റെ കേടാണ് … പെണ്ണിന് കണ്ടു പിടിച്ചു കഴിഞ്ഞാ ഒന്ന് രണ്ടു ഫോൺ വിളി ഒക്കെ കഴിഞ്ഞിട്ട് കാര്യം പറഞ്ഞ പോരെ ???… ഒന്ന് സെറ്റ് ആയി കഴിഞ്ഞാ പിന്നെ ഇട്ടേച്ചു പോവത്തില്ലല്ലോ.??”
“പൊന്നു മോനെ ..നിശ്ചയം കഴിഞ്ഞിട്ട് ചെക്കൻ ചതിച്ചൂന്ന് പറഞ്ഞു കല്യാണം മൊടങ്ങിയാലത്തെ നാണക്കേട് ഒന്നാലോചിച്ച് നോക്കിയേ നീ ..”
പണ്ടാരക്കാലൻ കരിനാവെടുത്തു കൂടുതൽ വളച്ചു കൂട്ടും മുൻപ് ഞാൻ ആ വിഷയം അങ്ങ് വിടും …കാര്യം അളിയനോട് എനിക്ക് ചൂടാകാൻ പറ്റില്ല .. പെങ്ങളേം പിള്ളേരേം അതുപോലെ ആണേ നോക്കുന്നത് .. അച്ഛനും അമ്മേം അവളെ ഇത്രേം കൊഞ്ചിച്ചിട്ടുണ്ടാകില്ല .
അങ്ങനെ വീണ്ടുമൊരു ഞായറാഴ്ച ചായ വല്ലവന്റേം വീട്ടിൽ നിന്നും ആക്കം എന്ന് മാത്രം കരുതി അളിയനേം കൂട്ടി പെണ്ണ് കാണാൻ ഇറങ്ങി .. പോകും വഴിക്കു അളിയന്റെ ഒരു ചോദ്യം ..”എന്താടാ നിനക്കൊരു ഉഷാറില്ലാത്തെ…ഇത് ഓക്കെയാ.. നീ നോക്കിക്കോ …”
“ഒന്ന് പോ അളിയാ …അളിയൻ വായ തുറന്നാൽ ഗൾഫ് ഗേറ്റ് ന്നല്ലേ ആദ്യം പറയു … അപ്പൊ തന്നെ തീർന്നു കിട്ടും .. ചായ കുടിച്ചു കഴിയണ വരെ ഒന്ന് വെയിറ്റ് ചെയ്യണം ട്ടാ .”
അളിയന്റെ മുഖത്തൊരു കോൾഗേറ്റ് പുഞ്ചിരി വിരിഞ്ഞു … ” നിനക്കെന്നോട് ദേഷ്യം ഉണ്ടോടാ ??.”
എനിക്കും ആകെ വല്ലാണ്ടായി ..”ഇല്ലാളിയാ … എന്നാലും ഒരു പെണ്ണിന് പോലും ഇന്നേ വരെ എന്നെ ഇഷ്ടമായോ ഇല്ലയോ എന്ന് പോലും ഇത് വരെ അറിയാൻ പറ്റിയിട്ടില്ല …ഞാൻ ഇങ്ങനെ ജീവിത കാലം മുഴുവൻ ഒരു കന്യകൻ ആയി നിക്കേണ്ടി വരോ ?”..എന്റെ ഉള്ളിൽ അടക്കി വച്ച ഗദ്ഗദം മുഴുവൻ പുറത്തു ചാടി .
“എന്ന ഒരു കാര്യം ചെയ്യാം …ഇത്തവണ ഞാൻ ഒന്നും മിണ്ടണില്ല …റിസൾട്ട് എന്താ നോക്കാലോ ..” അളിയൻഇത് പറഞ്ഞപ്പോൾ പറ്റിക്കാനാണെന്ന കരുതിയെ … പെണ്ണ് കണ്ടു ..പെണ്ണിനോട് സംസാരിച്ചു ..നല്ല കുട്ടി … നല്ല മുടിയും നിറവും ….എനിക്ക് പിടിച്ചു ..എങ്കിലും ആഗ്രഹിക്കാൻ തോന്നിയില്ല ..അനുഭവം അതാണല്ലോ …എന്നാലും ചുമ്മാ നമ്പർ കൊടുത്തു പോന്നു..
വീട്ടിൽ എത്തി ഒരു അര മണിക്കൂറു കഴിഞ്ഞില്ല .. പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഫോൺ വന്നു ..അവർക്കു പൂർണ്ണ സമ്മതം … നിശ്ചയം ഉടനെ നടത്തണം ..കുട്ടിയുടെ അച്ഛന് ദുഫായിലേക്ക് മടങ്ങാറായത്രേ …എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് ‘അമ്മ ഫോണെടുത്തു സകല ബന്ധുക്കൾക്കും വിളി കഴിഞ്ഞു …എനിക്ക് നെഞ്ചിൽ വെള്ളിടി വെട്ടി …കാര്യം കൊച്ചിനെ എനിക്ക് പെരുത്തിഷ്ടായി …അവൾക്കും ഇഷ്ടായി എന്നറിഞ്ഞ സന്തോഷം ഉണ്ട് .. എന്നാലും കാര്യം പറഞ്ഞിട്ടില്ലല്ലോ.. ഇനി ഇപ്പൊ ഇതറിയുമ്പോ എന്താകുമോ ??… വാലിനു തീപ്പിടിച്ച പോലെ ഞാൻ വീടിനുള്ളിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു .. അളിയന് ഫോൺ വിളിച്ചിട്ടു എടുക്കുന്നതും ഇല്ല ..
രാത്രി കിടന്നിട്ടു ഉറക്കവും വരുന്നില്ല …നാളെ നേരം വെളുത്തിട്ട് ആദ്യം പെണ്ണിന്റെ വീട്ടിൽ പോയി കാര്യം പറയണം എന്ന് ഉറപ്പിച്ചാണ് ഉറങ്ങിയത് . നേരം വെളുത്തു പല്ലു തേച്ചു ഫോൺ നോക്കിയപ്പോൾ ഒരു വാട്സ്ആപ് മെസ്സേജ് …” ചേട്ടാ ഒരു പത്തു മണിക്ക് റിലാക്സ് കോഫി ഷോപ്പിൽ വച്ച് കാണാമോ ?”
ആളാരാ….നമ്മുടെ കൊച്ചു തന്നെ …. പത്തു മണി ഒന്നും ആക്കാൻ നിന്നില്ല..നേരെ വണ്ടിയെടുത്തു വിട്ടു …ഒരു കോർണർ ടേബിൾ ഉം സംഘടിപ്പിച്ചു അവിടെ ഇരുന്നു …. കൊച്ചു ഇന്നലെ കണ്ടതിലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയാ വന്നത് …അവളെ കണ്ടതും പറ്റിച്ചു കല്യാണം നടത്തിയാലോ എന്നാണു ആദ്യം തോന്നിയത് … അന്തിയാവോളം വെള്ളം കോരിയിട്ടു കലം ഉടക്കണം എന്ന അവസ്ഥ ..എന്റെ ഒരു വിധിയെ പഴിച്ചു ഞാൻ അവളേം നോക്കി അങ്ങനെ ഇരുന്നു …
“കുട്ടീ എനിക്കൊരു കാര്യം …” എന്ന് നാവെടുത്തു വളച്ചതും ….” ആ വെപ്പുമുടി ഒന്ന് ഊരിയിട്ട് ഒറിജിനൽ എങ്ങനെയാണെന്ന് കാണിച്ചു തരാമോ ?” എന്നവൾ ഇങ്ങോട്ട്
എന്റെ കിളി പോയി …. “കുട്ടിക്കെങ്ങനെ അറിയാം …”
“എന്റെ അച്ഛനും ചേട്ടന്റെ അളിയനും തമ്മിൽ വല്യ സുഹൃത്തുക്കളാ…”
“അളിയാ …അളിയന്റെ പാദാരബിംബങ്ങളിൽ മനസ്സാൽ ഞാനൊന്നു വീണു കുമ്പിടട്ടെ …” എന്റെ കണ്ണൊക്കെ വരെ നിറഞ്ഞു വന്നു … ഒന്നും നോക്കിയില്ല ..ഗൾഫ് ഗേറ്റ് ഊരി ഞാൻ അവളുടെ മുൻപിൽ വച്ചു…ആ നേരത്തു ധൈര്യം എവിടെ നിന്നു വന്നോ ആവൊ …
“ചേട്ടന് ഇതില്ലാത്തതാ ഭംഗി … എന്നാലും വച്ചോളു എല്ലാർക്കും ഇതല്ലേ കണ്ടു പരിചയം … ” ആ വിഗ്ഗ് തിരിച്ചു എടുത്തു വാക്കും മുൻപ് ഞാൻ അവളെയും ചേർത്ത് എന്റെ ജീവിതം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു

12 Comments

  1. നല്ല കഥ

    1. Thank u

  2. ഹിഹി … മുടി നല്ല സീൻ ആണല്ലേ… ഭാഗ്യം അതു പോയിട്ടില്ല ?

  3. ലൗ ലാൻഡ്

    Super

  4. ❤️

  5. Pwolichu machane
    Enne pole kalyanam kazhiyatha kashandi ullavarku oru santhosham kittum ee kadha vaayichu kazhiyumbol
    Enikum kittumayirikum ithupole oru pennu? ??

  6. അടിപൊളിയായി എഴുതി..സൂപ്പർ??

  7. കൊള്ളാം കേട്ടോ..,,
    നന്നായിരിക്കുന്നു..,,
    സിംപിൾ ആയി പറഞ്ഞു..,,നൈസ്..
    ???

  8. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ??

  9. നന്നായിട്ട് എഴുതി..
    കോംപ്ലെക്‌സ് ആയൊരു കാര്യം, സിംപിൾ ആയി, ഭംഗിയായി പറഞ്ഞു..??

  10. Shae kurachu twist pretheekshichu. Pettannu theernnapolae. Ennalum kuzhappamilla. Kollam ishttapettu

Comments are closed.