പ്രിയമാനവളെ
ഇന്ന് എന്താണാവോ നേരം പുലരാൻ വൈകുന്നത്. സാധാരണ ദിവസങ്ങളിൽ കിടക്കുന്നതും ഓർമ ഉണ്ട്, പെട്ടെന്ന് തന്നെ ഉറങ്ങുന്നതുമാണ്
എന്റെ മനസ്സ് മൊത്തത്തിൽ കലുഷിതമാണ്. നാളെയാണ് ഞാൻ നാട്ടിലേക്ക് പോകുന്നത്. അതിന്റെ ഒരു സന്തോഷമാണോ, ടെൻഷനാണോ എന്ന് അറിയില്ല, പതിവ് ക്വോട്ട അടിച്ചിട്ടും ഒട്ടും ഉറങ്ങുവാൻ സാധിക്കുന്നില്ല. മൊബൈൽ തോണ്ടി നേരം വെളുപ്പിക്കുക തന്നെ പരിഹാരം.
5 വർഷത്തിന് ശേഷം ബാംഗ്ലൂരിൽ നിന്നു നാട്ടിലേക്ക് പോകുവാണ് ഞാൻ.
വേറെ ഒന്നിനുമല്ല, നാട്ടിൽ ഉത്സവം കൂടുവാൻ.
പണ്ട് ഉത്സവം ഒരു സംഭവം തന്നെയായിരുന്നു.
ഉത്സവം തീരുന്നതു വരെ ഒരുമിച്ചു അമ്പലത്തിലെ എല്ലാ കാര്യത്തിനും ഉണ്ടാകും.പിന്നെ സുന്ദരിമാരായ പെൺകുട്ടികളുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാനും ഉള്ള ഒരു അവസരമാണല്ലോ. ഉത്സവം കൊടിയിറങ്ങുമ്പോൾ ഒരു സങ്കടമാണ്. എന്നാലും അടുത്ത വർഷം ഉണ്ടല്ലോ എന്ന് ഓർത്തു സമാധാനിക്കും.
ഇപ്രാവശ്യത്തെ ഉത്സവത്തിനു എന്റെ പഴയ ചങ്ങാതിമാരെല്ലാം വരുന്നുണ്ട്. അവരൊക്കെ ഉപജീവനമാർഗം തേടി ലോകത്തിന്റെ പല ഭാഗത്താണ്. എന്നാൽ ഒരു വർഷം മുൻപ് തന്നെ എല്ലാവരും മുൻകൂട്ടി നിശ്ചയിച്ചതാണ് ഈ പ്രാവശ്യം ഉത്സവ സമയത്ത് എല്ലാവരും നാട്ടിൽ ഉണ്ടാകണമെന്ന്.
എനിക്ക് പോകുവാൻ ഒരു താല്പര്യവുമില്ലാരുന്നു. എന്നാലും എന്റെ പഴയ കൂട്ടുകാരുടെ നിർബന്ധവും, സ്നേഹപൂർവമുള്ള ഭീഷണിയും കാരണം പോകാമെന്നു തന്നെ വിചാരിച്ചു.
എന്നെ പരിചയപെടുത്തിയില്ലല്ലോ.
ഞാനാണ് ശ്രീജിത്ത്.ആലപ്പുഴ ജില്ലയിലാണ് എന്റെ വീട്. ഒരു കൊച്ചു ഗ്രാമ പ്രദേശം.
എന്റെ അച്ഛൻ ഡോക്ടറാണ്. അമ്മ KSEB യിൽ എഞ്ചിനീയറും. എനിക്ക് ഒരു ചേട്ടനും ചേച്ചിയുമാണ് ഉള്ളത്. ചേട്ടനുമായി 12 വർഷവും ചേച്ചിയുമായി 9 വർഷവും പ്രായ വ്യത്യാസമുണ്ട്
അവർ രണ്ട് പേരും പഠിപ്പിസ്റ്റുകളാണ്.
എന്നാൽ ഞാൻ അങ്ങനെ അല്ല. നാട്ടിലെ പിള്ളേരുടെ കൂട്ടത്തോടൊപ്പം ക്രിക്കറ്റ് കളിയും, മാങ്ങാ ഏറിയലും ഒക്കെയാണ് എന്റെ ഹോബി.
അവധി ദിവസം രാവിലെ വീട്ടിൽ നിന്നു ഇറങ്ങിയാൽ, പിന്നെ തിരിച്ചു വീട്ടിൽ കേറുന്നത് നേരം വൈകി ആയിരിക്കും.
എന്റെ ഈ സ്വഭാവം കാരണമാണോ, അതല്ല ഇവരുടെ ജീവിതത്തിൽ ഞാൻ അപ്രതീക്ഷിതമായി കടന്ന് വന്നത് കൊണ്ടാണോ എന്നറിയില്ല വീട്ടിൽ എല്ലാവർക്കും എന്നെ കാണുന്നതേ കലിപ്പാണ്.
പരീക്ഷ ഫലം വരുമ്പോൾ ചേട്ടനും ചേച്ചിക്കും നല്ല മാർക്ക് ആയിരിക്കും. എന്നാൽ ഞാൻ കഷ്ടിച്ചു പാസ്സ് ആയാൽ ഭാഗ്യം.
അച്ഛൻ പേര് കേട്ട ഡോക്ടർ ആയതു കൊണ്ടു തന്നെ,മിക്കവാറും ജോലി തിരക്കിലായിരിക്കും. അതിനാൽ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
