ഹാമെൽൻ ദേശത്തെ അശ്വാരൂഢനായ കുഴലൂത്തുകാരൻ : അന്തിക്രിസ്തു അവതരിച്ച നാൾ. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] Like

ഹാമെൽൻ ദേശത്തെ അശ്വാരൂഢനായ കുഴലൂത്തുകാരൻ : അന്തിക്രിസ്തു അവതരിച്ച നാൾ.

Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]

[𝐑𝐞𝐥𝐚𝐭𝐞𝐝 𝐏𝐚𝐫𝐭]

Schäfer Files : Journal Entry No : 04.

                               Date of Entry : 21/07/1938.


“….യൂദാസിന്റെ നിയമസംഹിതയും ഖായേനിന്റെ പേരിലുള്ള കുഴലൂത്തുകാരും തമ്മിൽ ബന്ധമില്ലെന്ന് വിഖ്യാത ജർമൻ ചരിത്രകാരൻ ആദം പർഗ്സ്റ്റാൾ 1788ലെ ഗ്രന്ഥത്തിൽ പറയുന്നുണ്ടെങ്കിലും അത്‌ വിശ്വാസയോഗ്യമായ വസ്തുതയായി തോന്നുന്നില്ല.

ഇതിനു കാരണമായി പറയുന്നത് ക്രിസ്തുവർഷം 1284-ാം ആണ്ടിൽ ജർമൻ സംസ്ഥാനമായ ലോവർ സാക്സ്സണിലെ ഒരു പ്രമുഖ തുറമുഖപട്ടണമായ ഹാമെലിൻ പ്രവിശ്യയിൽ (ഹാമെൽൻ) അരങ്ങേറിയ കുപ്രസിദ്ധ ചരിത്രസംഭവമാണ്.

ഇതേപറ്റി ഗ്രിം സഹോദരന്മാർ ‘Der Rattenfänger Von Hameln’ അഥവാ ‘The Rat-Catcher of Hamelin’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള കഥാസമാഹാരത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും മൂലകഥയിൽ നിന്ന് ഏറെ വിഭിന്നമായ രീതിയിലാണ് അത്‌ അവതരിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഫ്രഞ്ച് ചരിത്ര പണ്ഡിതനായ ഒലിവിയർ ഫ്ളോക്വറ്റ് അദ്ദേഹത്തിന്റെ, Les sombres mystères de l’Europe médiévale ( The Dark Mysteries of Medieval Europe) എന്ന ചരിത്രഗ്രന്ഥത്തിൽ ഈയൊരു കുപ്രസിദ്ധ സംഭവത്തെകുറിച്ച് ഒരു അധ്യായത്തിൽ വളരെ വ്യക്തമായതും ആധികാരികമായതുമായ തെളിവുകൾ നിരത്തുന്നുണ്ട്.

യഥാർത്ഥ കഥ നടക്കുന്നത് അഞ്ജൗവിലെ ചാൾസ് ഒന്നാമന്റെ ഭരണത്തിന്റെ അവസാനകാലത്താണ്. അക്കാലത്ത് ലോവർ സാക്സ്സണിലെ പ്രവിശ്യകളിൽ ഭക്ഷ്യവിളകളുടെ ഉൽപ്പാദനത്തിൽ ഏറ്റവുമധികം മുന്നിട്ടുനിന്നിരുന്നത് ഹാമെലിൻ ആയിരുന്നു.

ഏതാണ്ട് അമ്പത്തിയാറായിരമായിരുന്നു അക്കാലത്ത് ഹാമെലിൻ നഗരത്തിലെ ജനസംഖ്യ. അതിൽ കാൽശതമാനത്തോളം പേർ യഹൂദരും, ബാക്കി മുക്കാൽ ശതമാനത്തിൽ താഴെ ക്രൈസ്തവവിഭാഗവുമായിരുന്നു.

ഭക്ഷ്യവിളകളുടെ ഉൽപ്പാദനം വളരെയധികമായതിനാൽ തന്നെ ഹാമെലിനിലെ പ്രധാന തുറമുഖമായ വെസർ തുറമുഖത്ത് സദാ തിരക്കായിരുന്നു. ചെറുതും വലുതുമായ അനേകം കപ്പലുകൾ ഗോതമ്പും ചോളവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതിയ്ക്കായി വന്നെത്തുന്നതുകൊണ്ട് രാവും പകലും തുറമുഖം ഉണർന്നിരിക്കും. വിളവെടുത്ത ചോളവും ഗോതമ്പും ശേഖരിച്ചു വെയ്ക്കാനായി ഒട്ടനവധി ധാന്യപ്പുരകളുമുണ്ടായിരുന്നു.

അവയിൽ മിക്കതും നിറഞ്ഞു കവിഞ്ഞതിനാൽ പുതിയ പുതിയ ധാന്യപ്പുരകളുടെ നിർമാണവും നടന്നുകൊണ്ടിരുന്നു. അതോടൊപ്പം ധാരാളം റൊട്ടിക്കടകളും ബേക്കറികളും നഗരത്തിൽ പല ഭാഗത്തായുണ്ട്. സവിശേഷരീതിയിലുള്ള റൊട്ടികൾക്കും പേസ്ട്രിയെന്ന് പേരുള്ള വിഭവത്തിനും പ്രശസ്തമായിരുന്നു ഹാമെൽൻ നഗരം.

ഇവയ്‌ക്കെല്ലാം ആവശ്യമായ ധാന്യങ്ങൾ പൊടിക്കുവാൻ അവിടെ ധാരാളം മില്ലുകളുമുണ്ടായിരുന്നു. എല്ലാംകൊണ്ടും അതിസമ്പന്നമായ നഗരമായിരുന്നു ഹാമെലിൻ. നഗരത്തിന്റെ പ്രശസ്തി പരന്നതു കൊണ്ട് ധാന്യങ്ങളും, ഭക്ഷ്യവിഭവങ്ങളും വാങ്ങിക്കുവാൻ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ജനങ്ങൾ ഹാമെലിനിലേക്ക് ഒഴുകിയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *