ഒറ്റയാൻ – 2 29

Ottayan Part 2 by Mujeeb Kollam

Previous Part

ഹോ ഭയാനകമായിരുന്നു ആ കാഴ്ച്ച .ജോൺസണിന്റെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആരാണീ ക്രൂരത കാട്ടിയത്.ഗൗതമും അനീഷും ഫ്രെഡിയും മുഖത്തോട് മുഖം നോക്കി.മൂവരും പേടിച്ചിരുന്നു. ജോൺസണിന്റെ വീട്ടിൽ വിവരമറിയിച്ചു.പോലീസെത്തി ആ ശരീരം പരിശോധിച്ചു.ഗൗതമിനെയും കൂട്ടുകാരെയും വിളിച്ചു കാര്യങ്ങൾ തിരക്കി.ഗൗതം പറഞ്ഞു സർ ഇന്നലെ രാത്രിയിൽ ജോൺസണിന്റെ ഫോണിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. ആരാ വിളിച്ചത് .? എന്താ പറഞ്ഞത്.? സർ ആരാന്നറിയില്ല .ജോൺസണാണെന്ന് കരുതിയാ ഞാൻ സംസാരിച്ചത്. അല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ആരാന്ന് ചോദിച്ചു. ആരാന്നറിയണ്ട , ജോൺസൺ ഇപ്പോൾ അവിടെയെത്തുമെന്നു പറഞ്ഞു. നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ .? ഉണ്ടെങ്കിൽ പറയൂ.?ശത്രുക്കൾ ആയിട്ട് ആരെങ്കിലും .? ഇല്ല സർ .അപ്പോഴാണ് വണ്ടിയുടെ ഗ്ലാസിൽ എന്തോ എഴുതിയിരിക്കുന്നത് ഗൗതം ശ്രദ്ധിച്ചത്. സർ അവിടെ എന്തോ എഴുതിയിരിക്കുന്നു. “ഒറ്റയാൻ”… ഒറ്റയാനോ അതാരാ ..? ആരാണീ ഒറ്റയാൻ നിങ്ങൾക്കറിയുമോ .? ഇല്ലസർ ഞങ്ങൾ ആദ്യായിട്ട് കേൾക്കുവാ ഈ പേര്. ശരി ഞങ്ങൾ അന്വേഷിക്കട്ടെ . എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളെ അറിയിക്കണം. ഇനി ആരെങ്കിലും വിളിച്ചാലോ മറ്റോ. ഓകെ സർ അറിയിക്കാം. മൂന്ന് പേരും വളരെ വിഷമത്തിൽ ആയിരുന്നു. നാൽവർ സംഘത്തിലെ ഒരാൾ ഇന്നില്ല. അത് വിശ്വസിക്കാൻ തന്നെ അവർക്ക് പ്രയാസമായിരുന്നു. ഒറ്റയാൻ…. ആര്..? അത് ഉത്തരം കിട്ടാത്ത ചോദ്യം കണക്കെ അവശേഷിച്ചു.
കുറച്ച് ദിവസങ്ങൾ വിഷമിച്ച് പുറത്തിറങ്ങാതിരുന്ന ഗൗതമും കൂട്ടുകാരും വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. പഴയ പോലെ സന്തോഷമൊന്നും തോന്നിയിരുന്നില്ല.ജോൺസണിന്റെ കുറവ് അവരെ വേദനിപ്പിച്ചു. പോകുന്ന വഴിക്ക് അവർ ശ്യാമിനെ കണ്ടു .ഗൗതം വണ്ടി നിർത്തി .നീയിവിടെ ഒക്കെ ഉണ്ടായിരുന്നോ.? നിന്റെ കാമുകിയെ കാണാൻ വരാതിരുന്നത് കഷ്ടമായിപ്പോയി. അവസാനമായി ഒരുനോക്ക് കാണാനുള്ള അവസരമല്ലെ നീ പാഴാക്കിയത്. എന്തായാലും കൊള്ളായിരുന്നു നിനക്ക് ഭാഗ്യമില്ലാതായിപ്പോയി. അതാ ഇത്ര പെട്ടെന്ന് അവൾ പോയത്.
അതുവരെ പിടിച്ചു നിന്ന ശ്യാമിന്റെ സകല നിയന്ത്രണം വിട്ടു.ഗൗതമിനെ വലിച്ച് വണ്ടിയിൽ നിന്ന് തറയിലിട്ടു കലി തീരുന്നതുവരെ തല്ലി .
പിടിക്കാൻ വന്ന കൂട്ടുകാർക്കും കിട്ടി
നീയൊക്കെ എന്ത് കരുതി, അവളെ കൊണ്ട് പോയി കൊന്ന് തിന്നില്ലേ?
ഇവിടത്തെ പോലീസിനെയും നിയമത്തെയും വിലക്കെടുക്കാൻ കഴിഞ്ഞെന്ന് കരുതി അഹങ്കരിച്ചതല്ലേ.
എന്നിട്ട് കൂടെയുള്ള ഒരുത്തനെ കൊന്നിട്ട് എന്ത് ചെയ്തു നിന്റെ പോലീസ്.ആരും ചോദിക്കില്ലാന്ന് കരുതിയോ.? ദൈവത്തിന്റെ കോടതിയിൽ നീയൊക്കെ കണക്കു പറയേണ്ടി വരും.