വിധി [Neethu M Babu] 56

വിധി

Author : Neethu M Babu

 
കാലത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടുമടുത്ത കണ്ണടയിലൂടെ, പിന്നില്‍ തൂക്കിയിട്ട ചുവർചിത്രത്തിലെ ഗാന്ധി, എസ്‌.ഐ. സുധാകരന്‍പിള്ളയെ തുറിച്ചുനോക്കി. ആറിത്തണുത്ത ചായഗ്ലാസിനടിയിലെ രണ്ടായിരം രൂപാനോട്ടിലിരുന്ന്‌ പുതിയ ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.
“അപ്പോ, കൈകൊടുക്കുവല്ലായോ സാറേ?’
മാത്തുക്കുട്ടിയച്ചായന്റെ കൈകള്‍ ഒരു വിഷനാഗം പോലെ തന്റെ നേർക്ക്‌ ഇഴഞ്ഞുവരുന്നത്‌ അയാളറിഞ്ഞു. അയാള്‍ നിശ്ചലനായിരുന്നു. ഗോപാലന്‍ ചായ കൊണ്ടുവച്ചിട്ട്‌ ഏറെനേരമായി. അപ്പോള്‍ തെല്ലൊരാശങ്കയോടെയാണ്‌ അയാള്‍ അവനെ നോക്കിയത്‌.
ഈ ഇടപാട്‌ അവനെങ്ങാനം മണത്തറിഞ്ഞാല്‍…ഈശ്വരാ…!!
നാട്ടുമ്പുറത്തെ കാവിലെ പൂരത്തിനു കെട്ടിയാടുന്ന കോമരങ്ങളെ കാട്ടി ഒരുനിമിഷം ഭൂതകാലം അയാളെ ഭയപ്പെടുത്തി.
ഗോപാലന്റെ നോട്ടത്തില്‍ എന്തോ പന്തിയല്ലെന്ന ഭാവം നിറഞ്ഞു നിന്നു. ചായ മേശപ്പുറത്തുവച്ചിട്ട്‌ അയാള്‍ മുറിക്കു പുറത്തേക്കുപോയി.
“അപ്പോ, ഞാന്‍ പറഞ്ഞുവന്നത്‌ എന്നാന്നുവെച്ചാ..’
പറഞ്ഞുതുടങ്ങിയ മാത്തുക്കുട്ടിയെ ഗോപാലന്റെ മടങ്ങിവരവ്‌ അസ്വസ്‌ഥനാക്കി. 
“എന്താടാ?’
അല്ല സാറേ, ഇന്ന്‌ പരിപ്പുവട മറന്നു. സാറ്‌ ചോദിച്ചുമില്ല.’
രോഷം കടിച്ചമർത്തി സുധാകരന്‍ പിള്ള വെറുതെ ഒന്നു മൂളുകമാത്രം ചെയ്‌തു. ഗോപാലന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ ഒന്നു നെടുവീർപ്പിട്ടു. മുപ്പതുവർഷത്തെ സർവീസില്‍ ഇന്നുവരെ കൈക്കൂലി വാങ്ങിയിട്ടില്ല. മാളുവിന്റെ മുഖം മനസ്സില്‍ തെളിഞ്ഞുകൊണ്ടേയിരിക്കുന്നു..
കൊട്ടും കുരവയും നിലവിളക്കുമെല്ലാമായി നാലാള്‍ കാണ്‍കെ അവള്‍ സുമംഗലിയാകുന്ന ധന്യനിമിഷം വരെ അയാളുടെ ചിന്തകള്‍ പാഞ്ഞുപോയി.
വരും വരായ്‌കകളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ നേരമില്ല. മാളുവിന്റെ നല്ലഭാവിക്ക്‌ പണം കൂടിയേ തീരൂ.
ചിന്തകളില്‍ നിന്നും അയാളുണരുമ്പോള്‍ തനിക്കുനേരെ നീണ്ട മാത്തുക്കുട്ടിയുടെ കൈ അയാള്‍ കണ്ടു.
പത്തിവിടർത്തിയ രാജനാഗത്തെപ്പോലെ, അഞ്ചുവിരലിലും തിളങ്ങുന്ന വജ്രമോതിരങ്ങളും പേറി അതു തനിക്കുനേരെ നില്‍ക്കുന്നു. സർപ്പദംശനത്തിന്‌ ഇത്രമേല്‍ വശ്യതയോ എന്നമ്പരന്നുകൊണ്ട്‌, അയാള്‍ കൈകൊടുത്തു. 
“അങ്ങനെ ഭൂമിയില്‍ മറ്റൊരു കുറ്റകൃത്യം കൂടി ഭംഗിയായി നിറവേറ്റുന്നതില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു’ തിന്‍മ നന്‍മയെ നോക്കി പല്ലിളിച്ചുകൊണ്ടു പറഞ്ഞു.

4 Comments

  1. കൊള്ളാം❤️
    അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്

  2. നിധീഷ്

    ഒതുക്കത്തിൽ പണിതു… ♥♥♥

  3. വിച്ചൂസ്

    നല്ല എഴുത്… തുടർന്നു എഴുതുക

  4. വിച്ചൂസ്

    1st ?

Comments are closed.