“ശെരിയാ താൻ പറഞ്ഞേ, ആ സമയങ്ങളില് ഒരു പെൺകുട്ടികൾക്കും കാഴ്ചയുണ്ടാവില്ല…! എന്റെ മാളൂട്ടിക്കും അതേ അവസ്ഥ തന്നായിരുന്നു. അവസാനം ഒരൊറ്റ വ്യത്യാസം മാത്രം., അമ്മയ്ക്കും അച്ഛനും വേണ്ടി മണ്ടത്തരം ഒന്നും താൻ കാട്ടിയില്ല. പക്ഷെ… പക്ഷെ എന്തിന്…? എന്തിന് ന്റെ മാളൂട്ടി…? എന്തുകൊണ്ടാ ഞങ്ങളെ രണ്ടാളേം അവളോർക്കാത്തെ…?”
വേദന നിറഞ്ഞാ ചോദ്യം…! അതിനുത്തരം തേടി എവിടെല്ലാം ഞാൻ അലയണം…? പേരുള്ള ഏത് ദൈവത്തോട് ഞാൻ തിരക്കണം…?
“ഒരു ഡയറി., അതായിരുന്നു മാളൂട്ടി ഈ ഏട്ടായിയോട് പറയാൻ വിട്ടു പോയതത്രയും വിളിച്ച് പറഞ്ഞേ…!”
“എന്തിനാടോ തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നണേ…? എന്തിനാ തന്റെ ശരീരത്തോട് ഇത്രക്ക് അറപ്പ് തോന്നണേ…? എല്ലാം ചെയ്ത് വച്ചവൻ സുഖജീവിതം ജീവിച്ച് തീർക്കുമ്പോ, എന്തിനാ താനിങ്ങനെ നരകിച്ച് കഴിയണേ…?”
“എന്നിട്ടെന്ത് ചെയ്തു നിങ്ങൾ…?”
ചില ചോദ്യങ്ങൾ അങ്ങനെയാണ്. ചാട്ടുളി പോലെ ഹൃദയത്തിൽ പതിക്കും…!
ശെരിയാണ് ഞാനെന്താ അവൾക്കായി ചെയ്തേ…?
“പേടി., പേടി തന്നായിരുന്നു. അത് മറ്റുള്ളവരെ കുറിച്ചോ, എന്നെ കുറിച്ചോർത്തോ അല്ലാ. മിണ്ടാതെ പോയ മോൾടെ വേദന ആ അമ്മ മനസ്സില് ഇപ്പോഴും ഉണ്ട്. ന്റെ മാളൂനെ ഇല്ലാതാക്കിയവനെ കൊന്ന് കളയാനുള്ള ദേഷ്യോണ്ട്. ഉള്ളിലൊതുക്കുവാ ഞാനെല്ലാം. മുന്നും പിന്നും നോക്കാതെ എന്തേലും ചെയ്‌താൽ ആ അമ്മ മനസ്സ് ഇനിയും വേദനിക്കും. താങ്ങില്ലാ പാവം…!”
ചാരിയാ വാതിലിൻ വിടവിലൂടെ കാഴ്ച നീങ്ങി., കാണുവായിരുന്നു ഞാനെന്റെ അമ്മയേ ഏറെ നാൾക്ക് ശേഷം അല്പമെങ്കിലും ചിരിച്ച്…!
“ഇന്നെന്റെ അമ്മ മനസ്സിലെ നീറുന്ന സങ്കടത്തേ അവഗണിച്ച് ഒരു തരിയോളമെങ്കിലും സന്തോഷിക്കുന്നുണ്ടേൽ അതിന് കാരണമേ താനാ…!”
ഒരൊറ്റ നിമിഷം വെട്ടി വിറച്ചാ മിഴികളിൽ നിറയേ ഞെട്ടലായിരുന്നുവോ…? അതോ അത്ഭുതമോ…
“കാണാനേറെ കൊതിച്ച അമ്മയുടെ മുഖം, സർപ്പക്കാവില് വച്ച് ഞാൻ കണ്ടു. ആ നിമിഷം ഞങ്ങടെ തൊട്ടടുത്തായി തന്നെ താനും ഉണ്ടായിരുന്നു…! ഇന്നേറെ കൊതിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ടാ പാവം., തന്നെ മകളായിട്ട് കിട്ടാൻ…”
ചുവന്ന് കലങ്ങിയ മിഴികളിൽ ഏറെ പറയാനുള്ളത് പോലെ.
“ഇതാ അമ്മയുടെ ആഗ്രഹമായി മാത്രം കാണണ്ട, ഒരു പെണ്ണിന്റെ ജീവിതം കൂടിയാ. ഈ ശരീരം ഏതേലും നാലാള് കണ്ടാൽ മാത്രം പിഴച്ച് പോവുന്നതാണോ…? അല്ല., അതിലും വലുത് നിങ്ങളുടെ മനസ്സാണ്. ആത്മാർത്ഥമായി ഉള്ളിൽ തട്ടി ചോദിക്കുവാ, തനിക്കെന്നോടൊപ്പം ജീവിക്കാവോ…?”