ചെറുതായി മയക്കം പിടിച്ച് വന്ന ഞാൻ ഉണരുന്നത് അടുത്തിരുന്ന ഫോണിൽ സില്ലിനൊരു കാതൽ സിനിമയിലെ മുൻപേ വാ പാട്ട് കേക്കുമ്പോഴാണ്. അവന് വേണ്ടി മാത്രം ഇട്ടതാണാ റിങ് ട്യൂൺ പോലും…!
“അഭി…”
“എവിടെയാ…?”
“ഞാനൊന്ന് മയങ്ങി പോയടാ…!”
“മ്മ്., എന്തേ ഇത്ര നേരത്തേ…?”
“ഒന്ന് അമ്പലത്തിൽ പോയിരുന്നു, അമ്മയുടെ ജന്മദിനമായിരുന്നു. പോയിട്ട് വന്നൊന്ന് കിടന്നതാ. മയങ്ങിപ്പോയി…!”
“എണീച്ചോ…?”
“ആഹ്ടാ…!”
“എന്നാ ഞാൻ video call വരട്ടേ…?”
“അയ്യോ ഇപ്പഴോ…?”
“ഓ, അതിനെന്താ…?”
“ഇപ്പൊ വേണ്ടഭി. അമ്മയും അച്ഛനുമൊന്നും ഉറങ്ങീട്ട് കൂടിയില്ല. ഒരു പത്ത് മണി കഴിയട്ടെടാ…!”
“നീ എന്താ പെണ്ണേ ഇങ്ങനെ…? കാണിച്ച് തരാൻ പറഞ്ഞോണ്ട് അല്ലേ, നീ ഇങ്ങനോരോന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറാണേ…?”
“എന്താ അഭി ഇത്…? നീ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടല്ലേ…!”
“ഓഹ് അപ്പൊ ഞാൻ ചിന്തിച്ചിതാ തെറ്റ് അല്ലേ…?”
“അഭി…”
“ശെരി ഞാൻ വാക്കുവാ, നിനക്ക് സൗകര്യം ഉള്ളപ്പോ വിളിക്ക്…!”
പിന്നെ പറയാനുള്ളത് ഒന്നും കേക്കാതെ, അവൻ ഫോണും കട്ട് ചെയ്തിരുന്നു. ന്റെ ഭഗവതി എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കണേ…?
തിരിച്ച് രണ്ട് മൂന്ന് വട്ടം വിളിച്ചാണ് ഒരു വിധത്തിൽ അവൻ കാൾ എടുക്കുന്നത്…!
“അഭി ഫോൺ വക്കല്ലേ, ഞാനിപ്പോ വിളിക്കാം. ഈ വാതിലൊന്ന് അടച്ചോട്ടെ…”
“മ്മ്…!”
ഫോൺ കട്ടാക്കാതെ തന്നെ കട്ടിലിലേക്ക് വച്ച് ഞാൻ വെളിയിലേക്ക് നോക്കി, അച്ഛൻ വാർത്ത കാണുവാണ് അമ്മ അടുക്കളയിൽ ആവാം…!
“അമ്മാ…”
“എന്താടി…?”
“എനിക്ക് രാത്രിയിലേക്ക് ഒന്നും വേണ്ടേ…!”
“അതെന്താ…?”
“നല്ല തലവേദന അമ്മാ, ഒന്നുറങ്ങിയാ മതി.”
“നിനക്കെന്നും ഈ സൂക്കേട് ഉള്ളതാ. പിന്നെ ഞാനിതൊക്കെ ആർക്ക് വേണ്ടിട്ടാ വേവിച്ച് വക്കണേ…?”
“എന്റെ പൊന്നമ്മേ, വയ്യാത്തോണ്ടാ ഷെമിക്ക്…!”
“ഹോസ്പിറ്റലിൽ പണോ മോളെ…?”
“വേണ്ടച്ഛാ., ഞാൻ ഒരു ഡോളോ കഴിച്ചായിരുന്നു, ഇനിയൊന്ന് കിടന്നാ മാത്രം മതി…!”
പതിവായി നുണ പറയുന്നുണ്ട് ഞാനവരോട്, എല്ലാം അവന് വേണ്ടീട്ടായിരുന്നു. അവന്റെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി, അവന്റെ പിണങ്ങാതിരിക്കാൻ വേണ്ടി…! അത്രേം സ്നേഹിച്ചതല്ലേ ഞാനവനെ. എല്ലാ ആഗ്രഹവും സാധിച്ചും കൊടുത്തത് അല്ലേ ഞാനവന്… എന്നിട്ടും… എന്നിട്ടും… എന്തേ…
“ഹലോ…”
“ഇനി ചെയ്യട്ടെ…?”
“മ്മ്…!”
കാൾ കട്ടായി., നിമിഷങ്ങൾക്കകം തന്നെ വന്നിരുന്നു, വാട്സാപ്പിൽ നിന്നും video call…! ഹെഡ്സെറ്റ് കണക്ട് ചെയ്തതൊക്കെയും കൈ മെയ് അറിയാതെ.
“ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ…? പുതിയ പട്ടുടുപ്പും പാവാടയും ഒക്കെ നന്നായിട്ടുണ്ട്, എന്റെ പൊന്നിന് കണ്ണ് കിട്ടണ്ടിരുന്നാ മതി…!”