“പോടാ…”
“നീ വാക്ക് തന്നതാ എനിക്ക്…! എന്നോട് അല്പമേലും ഇഷ്ട്ടോണ്ടങ്ങീ കാണിക്കും നീ…!”
അത്ര മാത്രം പറഞ്ഞു, പിന്നെ അവനും offline ആയി. സങ്കടമാണോ കുറ്റബോധമാണോ അതോ സന്തോഷമാണോ ഒന്നുമറിയില്ല., എന്നാൽ ഇതെല്ലാം ഞാൻ ചെയ്യുന്നത് അവന് വേണ്ടിയാ, അവന്റെ സന്തോഷം കാണാൻ വേണ്ടിയാ…!
…. …. …. …. …. …. …. …. …. …. ?
ഇന്നമ്മയുടെ ജന്മദിനമാണ്., വൈകിട്ട് അമ്മയോടൊപ്പം ഒന്നമ്പലത്തിൽ പോയിരുന്നു.
ദുർഗ ദേവിയെ കണ്ടു, തൊഴുതു വല്ലാത്തൊരു ഉണർവ് തന്നായിരുന്നു ആ ദേവീ മനസ്സിന് നൽകിയത്. ശാന്തമായി പുഞ്ചിരിയോടെയാണ് ആ അമ്മയുടെ മുഖം ഉള്ളത്, എന്നിലുമാ ശാന്തത തന്നായിരുന്നു.
കണ്ണുകൾ അടച്ച് ഏറെ നേരം പ്രാർഥിച്ചു. പിന്നീട് നെറ്റിയിൽ അനുഭവപ്പെട്ട ഇളം തണുപ്പാണ് ഉണർത്തിയത്.
“പോവാം മോളെ…?”
നെറ്റിയിൽ ചന്തനകുറി ചാർത്തി അമ്മ തിരക്കി.
“അമ്മ നടന്നോളൂ, ഞാൻ വന്നേക്കാം…!”
“മ്മ്…”
പിന്നും കൈകൾ കൂപ്പി കേണു., അവനെ എനിക്ക് തന്നെ കിട്ടണമേ എന്നാഗ്രഹത്തോടെ. അതും കഴിഞ്ഞവന് വേണ്ടിയുള്ള പ്രാർഥനയായിരുന്നു. എന്റെ ജീവനായി കണ്ട അവന് വേണ്ടി…!
“അമ്മ കൈ നോക്കീട്ട് പോവാം… വായോ…”
തിരിച്ച് നടക്കവേ ആൽമര ചോട്ടിലിരുന്ന ഒരു മുത്തശ്ശിയെ കണ്ട് ഞാൻ അങ്ങോട്ട് നടന്നൂ.
“ഈ പെണ്ണിന്റീ വട്ട് ഇതേ വരെ മാറിയില്ലേ…?”
പണ്ടൊക്കെ മിക്കപ്പോഴും അമ്പലത്തിൽ വരുമായിരുന്നു, അന്നൊക്കെ ഈ മുത്തശ്ശിക്കടുത്ത് കൈ നോക്കിയേ പോവാറുമുള്ളൂ., അതാവാം പിന്നാലെ പറഞ്ഞമ്മ വന്നത്.
“കൊറേ നാളായല്ലോ അമ്മേം മോളേം കണ്ടിട്ട്…!”
മുഖം തിരിച്ചറിഞ്ഞപ്പോ പല്ലില്ലാ മോണ കാട്ടി ചിരിച്ചാ മുത്തശ്ശി കുശലം തിരക്കി.
“അഹ് മുത്തശ്ശി., കൈ നോക്കി ഐശ്വര്യങ്ങള് മാത്രം പറഞ്ഞേ…!”
കുറുമ്പോടെ ഞാനെന്റെ വലം കൈ നീട്ടി. സാധാരണ നല്ലത് മാത്രം പറയുന്നാ മുത്തശ്ശിക്കും പിഴച്ചിരുന്നു., ഒരുപക്ഷെ വെറുതെ എങ്കിലും ഈ പൊട്ടിപ്പെണ്ണിനെ വിഷമിപ്പിക്കാതിരിക്കാനെങ്കിലും നല്ലത് പറയാമായിരുന്നു.
“മോളെ, നീ എന്ന പെണ്ണിനെ അവൻ മുറിവേൽപ്പിച്ചു അല്ലേ…?”
ആ ചോദ്യം എന്നെ അന്ന് ചിന്തിപ്പിച്ചിരുന്നില്ല. എന്നാൽ…
“അവനാൽ ഇനിയും നീ വേദനിക്കും കുഞ്ഞേ… അവൻ നിന്നെ അടിമയാക്കും. ഇന്നീ ദിവസം പുലരും മുന്നേ ആയിരിക്കാം നീ സന്തോഷിച്ചിരിക്കുവാ., ഇനി സന്തോഷിക്കാൻ കൂടി പറ്റുമോന്നറിയില്ല…!”
“സന്തോഷായില്ലേ പാറു നിനക്ക്…? ഓരോരോ വട്ടും കൊണ്ടിറങ്ങും., ദാ കാശ്…! വാ ഇങ്ങോട്ട്…”