പാർവതി…!
“എടി പാറുവേ…, ഒന്ന് നിക്കെടി…”
പിന്നാലെ വിളിച്ച് കൂവി വരുവാണ് രേഷ്മ. അഭിയെ കുറിച്ച് പറയാൻ തന്നാ., ഇവൾക്ക് നാണമില്ലേ അവന് വേണ്ടി വക്കാലത്ത് പറയാൻ…!
“എന്താ…?”
“നിനക്കെന്താ ഇത്രക്ക് ദേഷ്യോന്ന് പറ…!”
“നിക്കൊരു… ദേഷ്യോല്ലാ., നീയൊന്ന് പോയേ…”
“എന്റെ പാറു, രണ്ട് മാസോടെ കഴിഞ്ഞാൽ എക്സാമാ. അതും കഴിഞ്ഞാൽ പലരും പല വഴിക്ക്. ആ ചെറുക്കൻ ക്ലാസ്സ് തുടങ്ങിയ ദിവസം മുതലെനിക്ക് സ്വയിരം തരുന്നില്ല…! ആദ്യമൊക്കെ ഞാനും വട്ടാണെന്ന് തന്നാ വിചാരിച്ചേ, പക്ഷെ ഇപ്പൊ അങ്ങനല്ലാന്ന് തോന്നുന്നെടി. ജസ്റ്റ് ഒന്ന് സംസാരിച്ചാൽ മാത്രം മതി നീ, വേറൊന്നും വേണ്ടാ…!”
“ഞാനെന്തിനാ അവനോട് സംസാരിക്കണേ, പോയി പണി നോക്കാൻ പറഞ്ഞോ അവനോട്., എന്റെ അഭിപ്രായം ഞാൻ ആദ്യമേ നീ വന്നിത് പറയുമ്പോ തന്നെ പറഞ്ഞതാ. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല…!”
“എടി നല്ല പയ്യനാടി…!”
“ആണോ എന്നാ മോള് തന്നെ അങ്ങ് പ്രേമിക്കേ കെട്ടേ ചെയ്തോ, എന്നെ വിട്ടേക്ക്…!”
അന്നും എന്നത്തേയും പോലെ അവളോട് തർക്കിച്ച് ഞാൻ പോയി, അപ്പോഴും നല്ലൊരു കൂട്ടുകാരിയായ അവളോടും ഒളിപ്പിച്ച് വക്കുവായിരുന്നു ഞാൻ, ആ പൂച്ച കണ്ണനോടുള്ള പ്രേമത്തെ…!
വീട്ടിലേക്ക് ചെന്നാദ്യം ചെയ്തതേ, ഡയറിയിൽ ഒളിപ്പിച്ച അവന്റെ ഫോട്ടോ എടുത്ത് നോക്കുന്നതാ. ഇതൊക്കെ എന്നും പതിവുള്ള കാര്യം തന്നാണ്…!
ഒരൊറ്റ കാര്യത്തിലേ ന്റെ പൂച്ചകണ്ണനോട് എനിക്ക് ദേഷ്യോള്ളൂ., അത് വേറൊന്നുമല്ല ഓരോ ദിവസോം ഞാൻ ആശിക്കും, ഇന്നവൻ വരും എന്റെ മുഖത്ത് നോക്കി ഇഷ്ട്ടാന്ന് പറയും എന്നൊക്കെ. അതേ പ്രതീക്ഷയോടെയാണ്, സ്കൂളിലേക്ക് പോവുന്നത് തന്നെ. പക്ഷെ എന്നും അവന്റെ ഉള്ളിലെ ഇഷ്ട്ടം തുറന്ന് പറയാൻ വരുന്നത് രേഷ്മയാണെന്ന് മാത്രം.
“നീ എന്താടാ പൂച്ചകണ്ണാ ഇങ്ങനെ…? നീ ഒന്ന് ഇഷ്ട്ടാന്ന് പറയാൻ കൊതിച്ചിരിക്കുന്ന ഒരു പാവം പിടിച്ച പെണ്ണല്ലേ ഞാൻ., പിന്നെന്തിനാടാ വെറുതെ നീ രേഷ്മയെ പറഞ്ഞ് വിടണേ…?”
ഫോട്ടോയിലേക്ക് നോക്കി ഞാൻ തിരക്കി. പിന്നീട് ചെറു ചിരിയോടെ, നിറ ചുംബനം. തിരിച്ച് ഡയറിക്കുള്ളിൽ ഭദ്രമായി തന്നെ ഫോട്ടോ വച്ച്, ഞാൻ കുളിക്കാനായി കേറി.
…. …. …. …. …. …. …. ❤️
“പാറുവേ…”
“എന്താമ്മേ…?”
“ഇതുവരെ കുളിച്ചിറങ്ങിയില്ലേ പെണ്ണേ നീ…?”
“ഇറങ്ങിയമ്മ., ഒരുങ്ങുവാ…!”
“ഒരുങ്ങി കല്യാണത്തിന് പോവുവല്ലേ, വന്ന് ചായ കുടിച്ചേ പെണ്ണേ ചൂടാറും മുന്നേ…!”
“അഹ് വരുവാന്നേ…”
കുഞ്ഞിയൊരു പൊട്ടും വച്ചോടി ചെല്ലുവായിരുന്നു, ഇല്ലേൽ പോരാളി ചിലപ്പോ രാക്ഷസി ആയേക്കും…!