“അതേ ഇസബെല്ല… നിങ്ങളോട് പൊറുക്കാൻ ഞാൻ കർത്താവോ മാലാഖയോ അല്ല… നിന്റെ മാതാവ് പറഞ്ഞത് പോലെ നാം സാത്താനാണ്. ഞാൻ ഖായേനിന്റെ കടുത്ത ഉപാസകനായ സാക്ഷാൽ അസ്മോഡിയസ് ആകുന്നു. യൂദാസിന്റെ വിശുദ്ധ വേദഗ്രന്ഥം, നിന്നോട് എന്റെ വ്യഭിചാരിണിയാകുവാനും, ഖായേനിന്റെ സന്താനോൽല്പാദനത്തിനുള്ള എന്റെ ഉപകരണമാകുവാനും ആവശ്യപ്പെടുന്നത് ശ്രവിച്ചാലും. ”
അയാളത് പറയുമ്പോഴേക്കും അവളെ ഭൂമിയിൽ നിന്ന് മുടിക്ക് കുത്തിപിടിച്ചുനിർത്തി.
പെട്ടന്ന് തങ്ങളുടെ സഹോദരിയുടെമേൽ ഒരു പരദേശി നടത്തുന്ന അതിക്രമം തടയാനായി ഓടിയെത്താൻ ശ്രമിച്ച ഇസബെല്ലയുടെ ഇരട്ടസഹോദരന്മാർ, ബെനഡിക്റ്റസിന്റെയും അലെക്സിയസിന്റെയും പാദത്തിലേക്ക് ഹാനോൾഡിന്റെ സൈനികർ അമ്പയച്ചു
വീഴ്ത്തി. ആ കാഴ്ച കണ്ട് ഹൃദയം തകർന്ന ഇസബെല്ല തേങ്ങികരയാനും തുടങ്ങി.
ഹാനോൾഡ്, തന്നിൽ നിന്ന് കുതറികൊണ്ടിരുന്ന ഇസബെല്ലയുടെ വലതുകവിൾ, കൊയ്ത്തുവാൾ ഉപയോഗിച്ച് ആഴത്തിൽ കീറിമുറിച്ചുകൊണ്ട് ഹീബ്രുവിലെ ‘𝘷𝘢𝘷’എന്ന അക്ഷരം രൂപപ്പെടുത്തിയ ശേഷം മരണവേദനയും ഭയവും കൊണ്ട് നിലവിളിയ്ക്കാനാഞ്ഞ അവളുടെ അധരങ്ങളെ അതിഗാഢമായി നുണഞ്ഞുകൊണ്ടവൻ കടിച്ചുമുറിച്ചു..!
2 വിനാഴിക നേരം നീണ്ടുനിന്ന ആ അതിനീച പ്രവർത്തിയ്ക്ക് ശേഷം ഇസബെല്ലയിൽ നിന്ന് പിൻവാങ്ങുമ്പോൾ ഹാനോൾഡിന്റെ അധരങ്ങളിൽ നിന്ന് ഇസബെല്ലയുടെ രക്തം ഇറ്റിറ്റുവീഴുകയായിരുന്നു…!
ശേഷം തന്റെ അതിമൃഗീയമായ ആ പ്രവർത്തിയോടെ അൽപപ്രാണൻ മാത്രമായ, ദുർവിധിയാൽ ശപിക്കപ്പെട്ട കേവലം ഇരുപത്തിയഞ്ച് വയസ്സ് മാത്രമുള്ള, ആ സുന്ദരിയെ സൈനികർക്ക് നേരെ വലിച്ചെറിഞ്ഞ്, തന്റെ കപ്പലിലേക്ക് കൊണ്ടുപോകാൻ ആജ്ഞ നൽകിയിട്ട് മേയറുടെ നേർക്ക് ഹാനോൾഡ് തിരിഞ്ഞു.
“ഇപ്പോൾ നിങ്ങൾ നാലുപേരില്ലേ. താനുൾപ്പടെ നാലുപേരുടെയും വധശിക്ഷ എന്റെ ചതുർസേന നടപ്പാക്കും. പിന്നെ വേറൊന്നുകൂടി.. ” അയാൾ തന്റെ കീശയിലുണ്ടായിരുന്ന ഒരു കറുത്ത കിഴിയെടുത്ത് നിക്കോളസിന് നേരെ നീട്ടിക്കൊണ്ട് വീണ്ടും തുടർന്നു.
“മൂന്നാഴ്ചകൾക്ക് മുൻപ് താനെനിക്ക് തന്ന ഈ മുപ്പത് വെള്ളിപണമുണ്ടല്ലോ. ഇത് തനിക്കുതന്നെ തിരിച്ചുതരുകയാ. തനിക്കത് തീർച്ചയായും ഉപകരിക്കും.
തന്റെ മകൾ നേരിട്ട ദുർവിധി കണ്ട് ഹൃദയം പാതിനിലച്ച നിക്കോളസിനോടും കുടുംബത്തോടും ഹാനോൾഡ്, അത്രയും പറഞ്ഞിട്ട് അവിടെനിന്നും മാറി തന്റെ കഴുത്തിൽ കിടന്ന കുഴലെടുത്ത് കാഹളം മുഴക്കിയതും ദൂരെ നഗര കവാടവാതിൽ തുറന്ന് ഹാനോൾഡിന്റെ അനുചരർ ഏതാനും പേരറിയാത്ത പീഡനോപകരണങ്ങളും മറ്റു മാരകയുധങ്ങളുമായി അവിടേക്കെത്തി.
“ഹേ ചതുർസേനാ മേധാവികളേ.. ഹാമെൽൻ ദേശത്തിന്റെ അന്ത്യക്രിയകൾക്ക് തുടക്കം കുറിച്ചാലും. ഇന്ന് പ്രഭാതമാകുമ്പോഴേക്കും ഒരുപിടി ചാരമല്ലാതെ യാതൊന്നും ഇവിടെയുണ്ടാകാൻ പാടില്ല.”