നഗരത്തിലെ അന്തരീക്ഷത്തിൽ വെന്ത മനുഷ്യമാംസത്തിന്റെ അതിരൂക്ഷമായ ഗന്ധം തങ്ങിനിന്നതോടൊപ്പം അവിടെയെങ്ങും ജീവനറ്റ ശരീരങ്ങളും രക്തംവമിക്കുന്ന ശിരസ്സുകളും, ചാരമായ കെട്ടിടങ്ങളും അണയാത്ത കനലുകളും മാത്രമായിരുന്നു കാണുവാനുണ്ടായിരുന്നത്.
ചതുർസേനാ നേതാവിന്റെ വരവിനു അകമ്പടിയെന്നോണം പെൺകുട്ടികളുടെയും കൊച്ചുകുട്ടികളുടെയും രോദനത്തോടൊപ്പം, രോഗബാധയാൽ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നവരുടെ ദ്രുതഗതിയിലുള്ള ഹൃദയത്തുടിപ്പും തീർത്തും നിശബ്ദമായ ആ അന്തരീക്ഷത്തിൽ കേൾക്കാമായിരുന്നു.
ചതുർസേനയുടെ നേതാവ്, നഗരചത്വരത്തിലെത്തിയപ്പോഴേക്കും മേയറിനെയും കുടുംബത്തെയും കനത്ത കാരിരുമ്പിന്റെ വിലങ്ങണിയിച്ച് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിൽ നേതാവിന്റെ മുന്നിൽ കൊണ്ടുവന്നുനിർത്തി.
“പറയൂ നഗരപിതാവേ, ഏത് തരത്തിലുള്ള മരണം തിരഞ്ഞെടുക്കുവാനാണ് നിനക്കിഷ്ടം.” അപമാനഭാരത്താലും ഭയത്താലും തലതാഴ്ത്തിനിന്ന മേയറുടെ ശിരസ്സ്, തന്റെ ഇടതുകരത്തിലെ കൊയ്ത്തുവാൾത്തുമ്പിൽ ഉയർത്തികൊണ്ട് നേതാവ്, മേയറോട് ചോദിച്ചു.
“കുഴലൂത്തുകാരൻ ഹാനോൾഡ്…!” നേതാവിന്റെ സ്വരം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ മേയർ ഷൂൾട്സിന്റെ കണ്ഠത്തിൽ നിസ്സഹായതയുടെ ഒരു നിലവിളി കുടുങ്ങി.
“അപ്പോൾ താങ്കളെന്നെ മറന്നിട്ടില്ലല്ലോ അല്ലേ നഗരപിതാവേ..” തന്റെ ശിരസ്സിലുണ്ടായിരുന്ന ബേസിനെറ്റ് ശിരോകവചം ഇളക്കിമാറ്റിയ ഹാനോൾഡിന്റെ മുഖത്തപ്പോൾ ക്രൂരമായ ചിരിയുണ്ടായിരുന്നു.
“അരുത് ഹാനോൾഡ്… എന്നെ എന്തുവേണമെങ്കിലും ചെയ്തോ.. പക്ഷേ ദയവ് ചെയ്ത് എന്റെ കുടുംബത്തെയും ഈ പാവം കൊച്ചുകുട്ടികളെയും പെൺകുട്ടികളെയും വെറുതെ വിടൂ.. പകരം ഞാൻ നീ ചോദിക്കുന്നതത്രയും വെള്ളിപണം തരാം.”
മേയർ, ഹാണോൾഡിന്റെ മുഖത്തേക്ക് യാചന നിറഞ്ഞ മിഴികളോടെ ഉറ്റുനോക്കി.
“ഹ ഹ… എന്താടോ മരിക്കുമെന്നുറപ്പായപ്പോൾ തന്റെ ജനങ്ങൾക്ക് വിലയിടുന്നോ…” ഹാനോൾഡ് പരിഹാസചുവയോടെ ചോദിച്ചു.
“അരുത്… ഞാൻ ചെയ്ത തെറ്റിന് പകരമായി നിങ്ങൾ ആവശ്യപ്പെടുന്ന എന്തുവേണമെങ്കിലും തരാം. പകരം ഈ കുഞ്ഞുങ്ങളെ വെറുതെ വിടണേ..” മേയർ വിലപിച്ചുകൊണ്ട് തന്റെ അപേക്ഷ വീണ്ടുമാവർത്തിച്ചു.
“നീയെനിക്ക് എന്തും തരുമോ നിക്കോളസ് … എങ്കിൽ ഒരു ജീവൻ മാത്രം എനിക്ക് തന്നാൽ മതി. എന്നാൽ നിന്നെയും ഈ ജനങ്ങളെയും ഞാൻ വെറുതെ വിടാം. അതുപറയുമ്പോൾ ഹാനോൾഡിന്റെ കാമാസക്തി പൂണ്ട മിഴികൾ, തന്റെ നേർക്ക് നീണ്ടുവരുന്നത് നിക്കോളസിന്റെ മൂന്നുമക്കളിൽ മൂത്തവളായ ഇസബെല്ല തിരിച്ചറിഞ്ഞു.
“അരുതേ.. എന്റെ പിതാവ് അങ്ങേയോട് ചെയ്ത അവിവേകം പൊറുത്ത് ഞങ്ങളെ വെറുതെ വിടണേ..” ഇസബെല്ല പ്രാണഭയത്താൽ ഹാനോൾഡിന്റെ കാൽചുവട്ടിലേക്ക് വീണുകൊണ്ട് കരഞ്ഞപേഷിച്ചു.
“അരുത് മകളേ… അത് സാത്താനാണ് അവന്റെയടുത്തേക്ക് നീ പോകരുത്. ഇസബെല്ലയുടെ മാതാവ് ഹെലേന അവളെ വിലക്കാൻ ശ്രമിച്ചു.