ഹാമെൽൻ ദേശത്തെ അശ്വാരൂഢനായ കുഴലൂത്തുകാരൻ : അന്തിക്രിസ്തു അവതരിച്ച നാൾ. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] Like

ഹാൽമെൻ നഗരരൂപകല്പനയനുസരിച്ച് കെട്ടിടനിർമിതികളെല്ലാം തന്നെ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നതിനാലും കാറ്റിന്റെ ദിശയും വേഗവും സേനയ്ക്ക് അനുകൂലമായതിനാലും തീ അവിടെമാകെ വളരെവേഗം പടർന്നുപിടിച്ചു.

തീവയപ്പുകാർ അതിനുശേഷം നഗരത്തിന്റെ പ്രവേശന കവാടത്തിലേക്ക് തിരികെ ചെന്ന്,
താക്കോലില്ലാതെ അകത്തുനിന്ന് മാത്രം പൂട്ടാൻ കഴിയുന്ന നഗരകവാടം അടച്ച് അതിനുമുന്നിൽ കാവൽ നിന്നു.

ബാക്കി മൂന്നുസേനകളിൽ നിന്ന് നഗരവാസികൾ രക്ഷപ്പെട്ട് പ്രധാന കവാടത്തിലൂടെ നഗരം വിട്ടു
പോകാതിരിക്കാനായിരുന്നു അത്‌. പിന്നീട് അങ്ങനെ രക്ഷപെട്ടവരെ തീവെയ്പ്പുകാർ ചുട്ടുകൊല്ലുകയാണുണ്ടായത്.

ചതുരംഗസേനയുടെ ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ച ഭൂരിഭാഗം ജനങ്ങളെയും സേനയുടെ ഒന്നാം ഘടകം, തലയറ്റ കബന്ധങ്ങളാക്കി ഹാമെൽൻ നഗരത്തിന്റെ തെരുവോരങ്ങളിൽ കുന്നുകൂട്ടികൊണ്ടിരുന്നു.

അവരെ പ്രതിരോധിക്കാൻ കഴിയാതെ വന്ന വയോധികർ, അംഗപരമിതർ, രോഗബാധിതർ എന്നിങ്ങനെയുള്ള ദുർബലർ വളരെ പെട്ടന്നുതന്നെ ഒന്നാം ഘടകത്തിന്റെ ആയുധത്തിലടങ്ങിയിരുന്ന ഏതോ അജ്ജാതമായ രോഗാണുവിന്റെ ആക്രമണത്തിന് വിധേയരാക്കപ്പെട്ട് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നു.

സ്വഭവനങ്ങൾക്ക് തീപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ പതിനെട്ടുവയസ്സിൽ കുറയാത്ത മുതിർന്ന പെൺകുട്ടികളെയും ജൂത മതവിഭാഗത്തിൽ പെട്ട കൊച്ചുകുട്ടികളെയും ഒഴികെ എല്ലാവരെയും രണ്ടാം സൈനികഘടകം, തങ്ങളുടെ വിഷം കലർത്തിയ അമ്പുകൾക്കിരയാക്കി മൃത്യുലോകത്തേക്കയച്ചുകൊണ്ടിരുന്നു.

അവിടെയുണ്ടായിരുന്ന സൈനികരിൽ ശേഷിച്ചവർ ആ മുതിർന്ന പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ബന്ദികളാക്കി നഗരത്തിലെ നഗരചത്വരത്തിലേക്ക് കൊണ്ടുപോയി.

പുറത്തെ കോലാഹലങ്ങൾ കേട്ട് നിദ്ര വിട്ടുണർന്ന് വന്ന മേയർ ഷൂൾട്‌സും കുടുംബവും തങ്ങളുടെ കോട്ടയുടെ മട്ടുപ്പാവിൽനിന്ന് നഗരത്തെരുവുകളിലെ ഭീതിദമായ രംഗങ്ങൾ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ചകിതരായി നിൽക്കവേയാണ്, ചതുരംഗസേനയുടെ നാലാം ഘടകം, കോട്ടയുടെ സംരക്ഷണ സംവിധാനങ്ങളെല്ലാം തകർത്തെറിഞ്ഞുകൊണ്ട് കോട്ടയുടെ അകത്തേക്ക് ഇരമ്പിയാർത്തുവരുന്നത് മേയർ ശ്രദ്ധിച്ചത്.

തന്റെ മരണമടുത്തുവെന്ന് മനസ്സിലാക്കിയ മേയർ തന്റെ കുടുംബത്തോടൊപ്പം, കോട്ടയിലെ രഹസ്യവഴികളിലൂടെ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും നാലാം ഘടകത്തിലെ സൈനികർ അവരെ വളഞ്ഞുകഴിഞ്ഞിരുന്നു…
**********************************************************
ചതുരംഗസേനയുടെ ആക്രമണം ആരംഭിച്ച് ഏഴര നാഴികനേരത്തിന്നുള്ളിൽ ഹാമെൽൻ നഗരമാകെ നരകലോകത്തിന് സമാനമായ അവസ്ഥയിലായി. അപ്പോഴവിടെ ശേഷിച്ചിരുന്നത് രണ്ടായിരത്തോളം വരുന്ന മുതിർന്ന പെൺകുട്ടികളും കൊച്ചുകുട്ടികളും മാത്രമായിരുന്നു.

ഇതിനുശേഷം ഹാമെൽൻ നഗരത്തിൽ സംഭവിച്ച അതിപൈശാചികമായ സംഭവങ്ങൾ അന്തിക്രിസ്തുദൂതരുടെ പ്രവർത്തികൾ എന്ന പേരിലാണ് മധ്യകാല യൂറോപ്പിന്റെ ഇരുണ്ട ചരിത്രത്തിൽ അറിയപ്പെടുന്നത്.

വൈകാതെ തന്റെ സേന അവരുടെ ലക്ഷ്യം കൈവരിച്ചുവെന്ന് ദൂതർ വന്നറിയിച്ചതനുസരിച്ച് ചതുർസേനയുടെ നേതാവ് തന്റെ കപ്പലുകളിലെ ജോലിക്കാർക്ക് എന്തോ നിർദ്ദേശങ്ങൾ നൽകിയിട്ട് അംഗരക്ഷകരോടൊപ്പം നഗരത്തിലേക്ക് കാൽനടയായി പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *