അയാളുടെ നാല് അംഗരക്ഷകരും ഓരോ വിഭാഗം സേനയെയും പ്രതിനിധികരിച്ചിരുന്നതോടപ്പം കോണോടുകോണായവിധത്തിൽ മേല്പറഞ്ഞ നാല് വർണ്ണങ്ങളടങ്ങിയ ഒരു പതാകയും അവർ ഓരോത്തരും വഹിച്ചിരുന്നു.
തന്റെ മുന്നിൽ നിരന്നുനിന്ന ആ വലിയ ചതുരംഗസേനയെ നേതാവ്, അഭിസംബോധന ചെയ്തു.
“യൂദാസിന്റെ വിശുദ്ധ വേദഗ്രന്ഥവും ഖായേനിന്റെ ആദ്യപാപവും നമ്മെ എന്നെന്നും നയിക്കുമാറാകട്ടെ… യൂദായുടെ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്ന സഹോദരങ്ങളേ… ഖായേനിന്റെ യഥാർത്ഥ സന്തതികളാണ് നാമെന്ന് തെളിയിക്കാനായി ഈ അന്ധകാരം ക്ഷണിക്കുന്നത് നിങ്ങളേവരും ദർശിക്കുന്നില്ലേയോ…
ഇന്ന് ഈ അന്ധകാരത്തിൽവെച്ച് ഈ ദേശത്തെ രക്തം മണ്ണിനോടും, മാംസമജ്ജാദികൾ രോഗരേണുക്കളോടും, ഭക്ഷ്യധനാദികൾ ചാരത്തോടും, തലകൾ മൃതിയോടും ഒന്നുചേരുമാറാകട്ടെ…
ഓർക്കുക, നാമേവരും അന്തിക്രിസ്തുവിന്റെ അന്ത്യവിധി വഹിക്കുന്ന ദൂതരാകുന്നു.” അയാൾ തന്റെ ഇടതുകരത്തിലെ തീ പന്തമുയർത്തികൊണ്ട് പ്രഖ്യാപിച്ച ശേഷം വീണ്ടും തുടർന്നു…
“Hodie urbs Hamelin Infernus fieri debet.” – [ഇന്ന് ഹാമെലിൻ നഗരം നരകമായി മാറും.] ചതുരംഗസേന ഒന്നടങ്കം ലാറ്റിൻ ഭാഷയിലുള്ള അയാളുടെയാ വാക്കുകൾ ഏറ്റു പറഞ്ഞുകൊണ്ട് വിജയഭേരി മുഴക്കി.
ശേഷം നേതാവ് തന്റെ നാല് സേനാമേധാവികളെയും വിളിച്ചു..
“ഇനി ഞാനേൽപ്പിക്കുന്ന ചില ദൗത്യങ്ങൾ ഈ കർമം പൂർത്തിയാക്കുമ്പോൾ നിങ്ങൾ നിശ്ചയമായും നടപ്പിലാക്കിയിരിക്കണം.”
എന്നിട്ടയാൾ ഏതാനും ചില ദൗത്യങ്ങൾ അവരെ ഏൽപ്പിച്ച ശേഷം ആ നഗരം ആക്രമിക്കാനെന്നവിധം തന്റെ കഴുത്തിലെ ഓടകുഴലെടുത്ത് യുദ്ധകാഹളം മുഴക്കിയതും ചതുരംഗസേന നഗരകവാടം ലക്ഷ്യമാക്കി നീങ്ങി…
തന്റെ ചതുരംഗസേന നടത്തുന്ന മുന്നേറ്റം അൽപ്പനേരം നോക്കിനിന്ന ശേഷം അയാൾ തിരികെ കപ്പലിലേക്ക് മടങ്ങി.
**********************************************************
തങ്ങളുടെ നേതാവിന്റെ യുദ്ധകാഹളം ശ്രവിച്ചതും അവർ നഗരത്തിന്റെ പിൻഭാഗത്തുള്ള തുറമുഖഭാഗത്ത് നിന്നും ഇരുട്ടിന്റെ മറവിൽ നഗരത്തെ ചുറ്റിവന്ന്, നഗരത്തെയാകമാനം സംരക്ഷിച്ചിരുന്ന ഉയർന്ന മതിലും കിടങ്ങും മറികടന്ന് അവിടെയുണ്ടായിരുന്ന പാറാവുകാരെ വളരെ നിശബ്ദമായി കൊല ചെയ്ത ശേഷം തങ്ങളുടെ കൈവശമുണ്ടായിരുന്ന കുഴലിൽ യുദ്ധകാഹളം മുഴക്കിക്കൊണ്ട് നഗരത്തിന്റെ പ്രവേശനകവാടമായ ഇരട്ട വാതിലുകളുള്ള പടിവാതിലിലൂടെ നഗരത്തിനകത്തേക്ക് പ്രവേശിച്ചു.
ആ അത്യുച്ചത്തിലുള്ള യുദ്ധകാഹളം കേട്ട് നഗരം ഉണർന്നുവരുമ്പോഴേക്കും ചതുരംഗസേന അവരുടെ നീക്കം ആരംഭിച്ചുകഴിഞ്ഞിരുന്നു.
ചതുരംഗസേനയുടെ യുദ്ധതന്ത്രമനുസരിച്ച് ആക്രമണത്തിലെ ആദ്യത്തെ നീക്കം സേനയുടെ മൂന്നാം ഘടകത്തിന്റേതായിരുന്നു..
നഗരത്തിന്റെ നാലുദിക്കിലേക്കും അതിവേഗത്തിൽ തീവെയ്പ്പുകാരുടെ പട കടന്നുചെന്ന് നഗരചത്വരത്തിൽ നിലന്നിരുന്ന, മേയറുടെ കോട്ടയൊഴികെ നഗരത്തിലെ മറ്റു കെട്ടിടങ്ങൾക്കും തോട്ടങ്ങൾക്കും വയലുകൾക്കുമുൾപ്പടെ സർവ്വതിനും തീപകർന്നു.