അവയിൽ നാലുകപ്പലുകളിലുമായി ആയിരത്തിമുന്നൂറോളം വരുന്ന ചതുരംഗ പടയുമുണ്ടായിരുന്നു. ആ ദിവസം ക്രൈസ്തവരുടെ വിശേഷപ്പെട്ട തിരുനാൾ ദിനമായതിന്നാൽ അനേകമാസങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച വെസർ തുറമുഖത്ത് അപ്പോൾ ആരും തന്നെയുണ്ടായിരുന്നില്ല.
ആദ്യം നങ്കൂരമിട്ട കറുത്തകൊടി കെട്ടിയ കപ്പലിൽ നിന്ന് അവരുടെ നേതാവെന് തോന്നിക്കുന്ന അശ്വാരൂഢനായ ഒരാൾ കരയ്ക്കിറങ്ങിയതോടെ അയാളുടെ ആജ്ഞയനുസരിച്ച് നാലു കപ്പലുകളിൽ നിന്നും ആയിരത്തിമുന്നൂറോളം പേർ വരുന്ന ഒരു ചതുർസേനയും കരയ്ക്കിറങ്ങി.
അയാളുടെ കൂടെയുണ്ടായിരുന്ന നാല് വിഭാഗത്തിലുള്ള സേന ഈ വിധമുള്ളതായിരുന്നു…
ഒന്നാം ഘടകം – വെളുത്ത നിറത്തിലുള്ള പടച്ചട്ടകളും, വെളുത്ത കൈയുറകളും ധരിച്ച ഇരുകരങ്ങളിലും നീണ്ട കൊയ്ത്തുവാളുകളേന്തിയ കാലാൾപ്പട, പകർച്ചവ്യാധിയെയും സർവ്വനാശത്തെയും പ്രതിനിധികരിക്കുന്ന ഒരു വെള്ള പതാക വഹിച്ചിരുന്നു.
രണ്ടാം ഘടകം – ചുവന്ന പടച്ചട്ടകൾ ധരിച്ച ധനുർധാരികളായ കുതിരപ്പട, രക്തരൂഷിതമായ യുദ്ധങ്ങളെയും, കലാപത്തെയും പ്രതിനിധികരിക്കുന്ന ഒരു ചുവന്ന പതാക വഹിച്ചിരുന്നു.
മൂന്നാം ഘടകം – കറുത്ത നിറത്തിലുള്ള പ്രേത്യേകതരം സംരക്ഷണ കവചമണിഞ്ഞ് കരങ്ങളിൽ അത്യുഗ്രമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന തീപ്പന്തവുമേന്തി നിന്ന തീവെയ്പ്പുകാരുടെ പട, ക്ഷാമത്തെയും ദാരിദ്ര്യത്തെയും പ്രതിനിധികരിക്കുന്ന ഒരു കറുത്ത പതാക വഹിച്ചിരുന്നു.
നാലാം ഘടകം – ശരീരമാസകലം മൂടുന്ന വിധത്തിൽ ചാരവർണത്തിലുള്ള തുകൽ വസ്ത്രവും കൊക്കിന്റെ മുഖത്തോട് സാദൃശ്യമുള്ള ബേസ്സിനിറ്റ് ശിരോകവചവുമണിഞ്ഞ് ചെറുകത്തികളും, അരയിൽ കറുത്ത ചതുരാകൃതിയിലുള്ള ഇരുമ്പുകൂടയുമേന്തി നിന്ന പട, മരണത്തെ പ്രതിനിധികരിക്കുന്ന ഒരു ചാരവർണമുള്ള പതാക വഹിച്ചിരുന്നു.
എന്നാൽ ഇതിന്റെയെല്ലാം സമ്മിശ്രമായിരുന്നു അവരുടെ നേതാവിന്റെ രൂപം…
തന്റെ ചാരവർണമുള്ള കുതിരമേൽ ആസനസ്ഥനായിരുന്നുകൊണ്ട് ആ പ്രദേശം ഇടുങ്ങിയ കണ്ണുകളാൽ വീക്ഷിച്ചു കൊണ്ടിരുന്ന അയാൾ ശരീരമാസകലം മൂടുന്ന വിധത്തിലുള്ള ചുവന്ന പടച്ചട്ടയോടൊപ്പം ശിരസ്സിൽ ബേസ്സിനിറ്റ് ശിരോകവചം ധരിച്ചിരുന്നു.. വെളുത്ത കൈയുറകൾ ധരിച്ചിരുന്ന കൈകളിലൊന്നിൽ ഒരു തീപന്തം. ചുമലിൽ ഒരു നീളൻ കൊയ്‌ത്തുവാൾ ഞാന്നുകിടന്നിരുന്നു. അരയിൽ കറുത്ത ചതുരാകൃതിയിലുള്ള തുകൽക്കൂട. കൂടാതെ അയാളുടെ കഴുത്തിൽ വലിയൊരു കറുത്ത ഓടക്കുഴൽ തൂങ്ങികിടന്നിരുന്നു..
പുതിയനിയമത്തിൽ പരാമർശിക്കപ്പെടുന്ന, ഗബ്രിയേൽ മാലാഖയുടെ കൊമ്പ് എന്നറിയപ്പെടുന്ന സുഷിരവാദ്യമാണ് ആ കറുത്ത കുഴലെന്ന് ഫ്ളോക്വറ്റ് പറയുന്നു.
എന്നാൽ ഇവയേക്കാൾ ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ആ കറുത്ത കുഴൽ, ചതുർസേനയിലെ എല്ലാവരുടെ പക്കലും ഉണ്ടായിരുന്നു എന്നുള്ളതാണ്. നേതാവിന്റെ പക്കലുണ്ടായിരുന്നതിന് മറ്റുള്ളവയെ അപേക്ഷിച്ച് വലുപ്പം കൂടുതലായിരുന്നുവെന്ന് മാത്രം.