ആ കാഴ്ച കണ്ട് ജനങ്ങൾ ഹർഷോന്മാദത്താൽ ആർത്തുവിളിച്ചു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച കുഴലൂത്തുകാരനെ അവർ ആരവങ്ങളോടെ എടുത്തുയർത്തി നഗരത്തിന് ചുറ്റും പ്രദക്ഷിണം നടത്തി. അന്ന് ആ പകൽ അവർക്ക് ആഘോഷത്തിന്റെ പകലായിരുന്നു.
ആ കുഴലൂത്തുകാരൻ അവരുടെയാ ആഘോഷത്തിലെ മുഖ്യാതിഥിയുമായി.
ജനങളുടെ ആഘോഷങ്ങൾക്ക് ശേഷം അന്നേദിവസം രാത്രി മേയർ ഷൂൾട്സ്, കുഴലൂത്തുകാരനോടുള്ള ബഹുമാനാർഥം നടത്തിയ വിരുന്നിൽ ഉപവിഷ്ടനായിരിക്കവേ കുഴലൂത്തുകാരൻ, തനിക്ക് വാഗ്ദാനം ചെയ്തിരുന്ന വെള്ളിപ്പണത്തിനായി നിക്കോളസിനെ സമീപിച്ചു.
“വിഡ്ഢി.. കുഴലുവായിച്ച് നൃത്തം ചെയ്തതിന് നിനക്ക് ഞാൻ ആയിരം വെള്ളിപ്പണം തരുമെന്നാണോ നിന്റെ മോഹം. ഒരു മുപ്പത് വെള്ളിപ്പണം തരാം. അതും വാങ്ങി പൊയ്ക്കൊള്ളുക…” നിക്കോളസ്, തന്റെ കീശയിലിരുന്ന ഒരു കിഴി അയാളുടെ മുഖത്തേക്കെറിഞ്ഞു കൊണ്ട് പരിഹസിച്ചു. അതുകണ്ട് മേയറുടെ കുടുംബാംഗങ്ങളും, പരിചാരകരും പൊട്ടിച്ചിരിച്ചുകൊണ്ട് അയാളെ പരിഹസിച്ചു.
ഒരു നാൾ ഞാൻ തിരിച്ചുവരുക തന്നെ ചെയ്യും.. ഏവരും കാത്തിരുന്നോളു ആ ദിവസത്തിനായി.” അയാൾ തിരിച്ചൊന്നും പറയാതെ ആ കിഴിയുമെടുത്ത് അപമാനഭാരത്താൽ തലതാഴ്ത്തി കോട്ടയ്ക്ക് പുറത്തേക്ക് മടങ്ങുമ്പോൾ കുഴലൂത്തുകാരൻ ആരോടെന്നില്ലാതെ ഈവിധം മന്ത്രിക്കുന്നുണ്ടായിരുന്നു.
അത് കേട്ട പാറാവുകാരിൽ ചിലർ അയാളെ ഭ്രാന്തനെന്ന് വിളിച്ച് പരിഹസിച്ചുകൊണ്ടിരുന്നു.
എന്നാൽ തങ്ങളെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച അയാളെ അപമാനിച്ചു വിടുന്നത് ശരിയെല്ലെന്നും അത് വീണ്ടും തങ്ങളെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അയാളുടെ മടക്കയാത്ര കണ്ടുനിന്ന ജനങ്ങളിൽ ചിലർ മനസ്സിൽ കരുതി. അതിനുശേഷം പിന്നീടാരും അയാളെ കണ്ടിട്ടില്ല…
ഹാനോൾഡ് വോൺ ഷ്മിത്ത് എന്നാണ് ഹാമെൽൻ നഗരത്തിലേക്ക് കടന്നുവന്ന എലിപിടുത്തക്കാരന്റെ പേരെന്ന് ഫ്ളോക്വറ്റ് ഇവിടെ പരാമർശിക്കുന്നുണ്ട്.
1254 ഡിസംബർ എഴിന് അന്നത്തെ മാർപ്പാപ്പയായിരുന്ന ഇനസൻറ്റ് നാലാമന്റെ അന്ത്യദിനത്തിൽ, ഇന്നത്തെ റിപ്പബ്ലിക് ഓഫ് ഓസ്ട്രിയയിലെ വിയന്നയിലാണ് ജനിച്ചതെന്ന വിവരമല്ലാതെ ഹാനോൾഡ് ഷ്മിത്തിനെകുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
****************************************************************
എന്നാൽ മൂന്നാഴ്ചകൾക്ക് ശേഷം സെന്റ് ജോണിന്റെയും സെന്റ് പോളിന്റെയും തിരുനാൾ ദിനമായ ജൂൺ 26 തീയതി, നഗരവാസികൾ നിദ്രയിലാണ്ട നേരത്ത് അർധരാത്രിയിൽ വെസർ തുറമുഖത്ത്, യഥാക്രമം ചാരവർണം, കറുപ്പ്, ചുവപ്പ്, വെള്ള, എന്നീ നിറങ്ങളുള്ള കൊടികളോട് കൂടിയ നാല് പടുകൂറ്റൻ കാരാവൽ യുദ്ധകപ്പലുകൾ ഒഴുകിവന്ന് തുറമുഖത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് നങ്കൂരമിട്ടു.