എന്നാൽ ആ പ്രവിശ്യയിൽ ആയിടെ ഭരണമേറ്റെടുത്ത മേയർ, നിക്കോളസ് ഷൂൾട്സിന്റെ മോശം നഗരശുചിത്വ പ്രവർത്തനങ്ങളും നഗരപരിപാലനരംഗത്തെ അഴിമതിയും കാരണം നഗരത്തിലെ മാലിന്യസംവിധാനം തകരാറിലായതോടെ തെരുവുകളിലും, ധാന്യപുരകളിലും എലികൾ പെറ്റുപെരുകാനിടയാകുകയും അതോടൊപ്പം പ്ളേഗ്, എലിപനി പോലെയുള്ള സാംക്രമിക രോഗങ്ങൾ പൊട്ടിപുറപ്പെടുകയും ചെയ്തതോടെ നഗരത്തിന്റെ സമ്പദ്വ്യവസ്ഥയും ജനജീവിതവും തകരാറിലായി.
സാംക്രമിക രോഗങ്ങൾ മറ്റു പ്രവിശ്യകളിലേക്ക് കടക്കുന്നത് തടയാൻ വെസർ തുറമുഖം അനിശ്ചിത കാലത്തേക്ക് അടച്ചു. അതോടെ പുറത്ത് നിന്ന് പിന്നീടാരും വരാതായി. 1284 മാർച്ച് മാസത്തിന്റെ മധ്യത്തോടെയായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.
എലികൾ മൂലമുണ്ടായ രോഗവ്യാപനത്തെ തടയാൻ നഗരത്തിന്റെ ഭരണാധികാരികൾക്ക് കഴിഞ്ഞുവെങ്കിലും അനുദിനം വർധിച്ചുവരുന്ന എലികളെ എങ്ങനെ നശിപ്പിക്കണമെന്ന് അവർക്കറിഞ്ഞൂടായിരുന്നു.
പിന്നീട് മൂന്നു മാസങ്ങളായുള്ള എലിശല്യം മൂലം ഹാമെലിൻ നഗരനിവാസികൾ കഷ്ടപ്പെടുന്ന വേളയിൽ 1284 ജൂൺ മൂന്നാം നാൾ, അന്നേദിവസം സന്ധ്യാസമയത്ത് എലിപിടുത്തക്കാരൻ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു യുവാവ്,
ചുവപ്പും കറുപ്പും വെളുപ്പും ചാരനിറവും ചേർന്ന ബഹുവർണ വസ്ത്രത്തിൽ ഇടതുകൈയിൽ കറുത്ത ഓടകുഴലുമേന്തി നഗരകവാടത്തിൽ ജനങ്ങൾക്ക് മുന്നിൽ ഒരു ചാരവർണ്ണമുള്ള കുതിരപ്പുറത്ത് പ്രത്യക്ഷപ്പെടുകയും താൻ എലികളുമായുള്ള അവരുടെ പ്രശ്‌നത്തിന് താൻ പരിഹാരം കാണാമെന്ന് ജനങ്ങളോട് പ്രഖ്യാപനം നടത്തുകയും ചെയ്തു.
അയാളുടെ വാക്കുകളിലെ ആത്മവിശ്വാസം കണ്ടിട്ടാകാം എലികളെ നീക്കം ചെയ്താൽ ആയിരം വെള്ളിപ്പണം പാരിതോഷികമായി നൽകാമെന്ന് മേയർ ഷൂൾട്സ് അയാൾക്ക് വാഗ്ദാനം ചെയ്തു. അതംഗീകരിച്ച അയാൾ അടുത്തദിവസം രാവിലെ തന്റെ കുഴലിൽ ഒരു പ്രേത്യേക ഈണത്തിലും താളത്തിലുമുള്ള ഗീതം മൂളിക്കൊണ്ട് ആ പട്ടണമധ്യത്തിലുള്ള നഗരചത്വരത്തിൽ നിലയുറപ്പിച്ചു.
പെട്ടന്ന് ആ പട്ടണത്തിൽ അങ്ങോളമിങ്ങോളമുള്ള തെരുവുകളിൽ നിന്ന് ആയിരക്കണക്കിന് എലികൾ പാഞ്ഞുവന്ന് കാൽകീഴിൽ പറ്റിനിന്നതും, അയാൾ ഉടൻതന്നെ ആ ദേശത്തെ ജനങ്ങൾ അന്നേവരെ കണ്ടിട്ടില്ലാത്ത വിധമുള്ള അതിവിചിത്രമായ നൃത്തചുവടുകളുമായി ആ നഗരത്തെ സ്പർശിച്ചൊഴുകുന്ന വെസർ നദിയുടെ തീരത്തേക്ക് നീങ്ങുന്നതും എലികൾ അയാളെ ഒന്നൊഴിയാതെ അനുഗമിക്കുന്നതും നഗരത്തിന്റെ മേയറും ജനങ്ങളും ആശ്ചര്യത്തോടെ നോക്കിനിന്നു.
നദിക്കരയിലെത്തിയ അയാൾ കുഴൽ വായന തുടർന്നുകൊണ്ട് തന്റെ പിന്നാലെ വന്ന എലികളുമായി പതിയെ നദിയിലേക്കിറങ്ങി.
എലികളെ തന്റെ കുഴലിന്റെ മനോവാലയത്തിലാക്കി നദിയിലേക്കിറങ്ങിയ അയാൾ, തിരികെ നദിയിൽ നിന്ന് ഉയർന്നുവരുമ്പോൾ അയാളോടൊപ്പം, ജനങ്ങളെ അനേകമാസങ്ങളായി ദുരിതപ്പെടുത്തിയ എലികളുണ്ടായിരുന്നില്ല.