ഹാമെൽൻ ദേശത്തെ അശ്വാരൂഢനായ കുഴലൂത്തുകാരൻ : അന്തിക്രിസ്തു അവതരിച്ച നാൾ. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] Like

അടുത്ത ഘട്ടമെന്നോണം നാലാം സൈനിക ഘടകം തങ്ങളുടെ പക്കലുണ്ടായിരുന്ന ഇരുമ്പുകൂടയിലെ ചുവന്ന കണ്ണുകളോടുകൂടിയ കറുത്ത എലികളെ, അതും മൂന്നുദിവസത്തോളം ആഹാരമൊന്നും ലഭിക്കാതിരുന്നവയെ ഇരുമ്പുപേടകത്തിന്റെ മുകൾമൂടി തുറന്ന് അതിലേക്കിട്ട ശേഷം അവ സുരക്ഷിതമായി അടച്ച് അതിനുചുറ്റും തീയിട്ടതോടെ ഇരകളുടെ ശരീരത്തിലാകമാനം പാഞ്ഞുനടന്ന ആയിരക്കണക്കിന് എലികൾ പ്രാണരക്ഷാർത്ഥം രക്ഷപ്പെടാൻ ഇരുവരുടെയും ഉദരത്തിലെ ചെറുദ്വാരത്തിലേക്ക് കടന്ന് അവരുടെ ആന്തരികാവയവങ്ങൾ ഭക്ഷിക്കാൻ ആരംഭിച്ചു. അതോടെ പതിയെ പതിയെ നീറി നീറി അവരും മരണത്തിന് കീഴടങ്ങി.

മേല്പറഞ്ഞ മൂന്നു പൈശാചിക കൊലകളും ഒരേസമയത്താണ് അന്തിക്രിസ്തുവിനാൽ ശപിക്കപ്പെട്ട ആ നഗരത്തിൽ സംഭവിച്ചത്. മേയർ നിക്കോളസിനെയും കുടുംബത്തെയും വധിച്ച ശേഷം അന്നേദിവസം പ്രഭാതമായപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ദിരം പൂർണമായും കൊള്ളയടിച്ച് കത്തിച്ചു ചാരമാക്കിയിട്ടാണ് ഹാനോൾഡും സംഘവും മടങ്ങിയത്.
************************************
എന്നാൽ ഹാനോൾഡ് വോൺ ഷ്മിത്തിന്റെ നേതൃത്വത്തിലുള്ള ആയിരത്തിമുന്നൂറോളം പേരടങ്ങുന്ന ചതുരംഗസേനയുടെ ഹാമെൽൻ ആക്രമണം കേവലമൊരു അജ്ഞാത സംഘടനാതലവന്റെ വ്യക്തിപരമായ പ്രതികാരമല്ലെന്നും ഒരു ഗൂഡാലോചനയുടെ ദീർഘകാലത്തെ പരിശ്രമഫലമാണതെന്നും ഒലിവിയർ ഫ്ളോക്വറ്റ് സമർത്ഥിക്കുന്നുണ്ട്.

അളവറ്റ പ്രകൃതിവിഭവങ്ങളാലും, അനുയോജ്യമായ ഭൂപ്രകൃതിയാലും അനുഗ്രഹീതമായ ഹാമെൽൻ നഗരത്തിനു പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനപകുതിയോടെ കൈവന്ന പ്രശസ്തിയിലും സമൃദ്ധിയിലും അസൂയാലുക്കളായ മറ്റു ജർമൻ പ്രവിശ്യാഭരണത്തലവന്മാർ ഹാമെൽൻ നഗരത്തിനെതിരെ രൂപീകരിച്ച രഹസ്യസഖ്യത്തിന്റെ ദീർഘകാലത്തെ ഗൂഡാലോചനയുടെ ഫലമാണ് അതെന്ന് ഫ്ളോക്വറ്റ് പറയുന്നു.

1284ാം ആണ്ടിന്റെ തുടക്കത്തിൽ ഹാമെൽനിലുണ്ടായ സ്ഥിതിവിശേഷവും, മേയർ ഷൂൾട്‌സിന്റെ ഭരണത്തിലുണ്ടായ തകർച്ചയും രഹസ്യസഖ്യത്തെ, ഹാമെൽൻ നഗരം ഒരു വിദേശിയെ കൊണ്ട് ആക്രമണം നടത്തിക്കുന്നതിൽ ചെന്നെത്തിച്ചു.

എന്നാൽ ആ വിദേശി, ഹാമെൽൻ നഗരത്തിൽ ഒരൊറ്റ രാത്രികൊണ്ട് ചെയ്തുകൂട്ടിയ പ്രവർത്തികൾ അതിക്രൂരവും അവർ പ്രതീക്ഷിച്ചതിലധികം ഫലം സൃഷ്ടിയ്ക്കുകയും ചെയ്തതിനാൽ ഹാനോൾഡ് തങ്ങൾക്ക് നേരയും തിരിയുമെന്ന് അവരും ഭയപ്പെട്ടു.

എന്നിരുന്നാലും ഹാമെൽൻ സംഭവം സത്യമാണെന്നുള്ളതിൽ തർക്കം ലവലേശമില്ല.. കാരണം 1284ാം ആണ്ടിൽ നടന്ന ഈ ഈ കുപ്രസിദ്ധ സംഭവത്തെകുറിച്ച് ഹാമെലിനിലെ സെന്റ് നിക്കോളായ് കുരിശുപള്ളിയിൽ ഈ സംഭവത്തിന്‌ പതിനാറ് വർഷങ്ങൾക്ക് ശേഷം സ്ഥാപിക്കപ്പെട്ട ഏഴ് ശിലാലിഖിതങ്ങളിലായി പരാമർശിക്കുന്നുണ്ട്.

എന്നാൽ ഈ ശിലാലിഖിതങ്ങൾ, 1918–1919 കാലഘട്ടത്തിൽ ജർമൻ സോഷ്യലിസ്റ്റ് വിപ്ലവകാരികളായ റോസാ ലക്സംബർഗഗിന്റെയും, കാൾ ലിബ്നെക്റ്റിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ജർമൻ വിപ്ലവകാലത്ത് നശിപ്പിക്കപ്പെടുകയായിരുന്നു….”

Abrupt end of journal entry No : 04…

Leave a Reply

Your email address will not be published. Required fields are marked *