സര്‍പ്പവ്യൂഹം 64

“അരുത്.യുദ്ധത്തില്‍ ഇടപെട്ടാല്‍ അങ്ങയുടെ ജീവന്‍ അപകടത്തിലാകും.” ബാലന്‍ സര്‍പ്പത്തെ തടയുവാന്‍ ശ്രമിച്ചു.

“അങ്ങാരാണെന്നു ഞാന്‍ മുന്‍പേ തിരിച്ചറിഞ്ഞിരുന്നു.അങ്ങേക്ക് തണല്‍നല്‍കിയ മുള്‍ച്ചെടി തളിര്‍ത്തുപൂക്കുന്നത് ഞാന്‍ കണ്ടു.എന്റെ കര്‍മ്മം ചെയ്യാന്‍ എന്നെ അനുവദിച്ചാലും..”അത്രയും പറഞ്ഞു ബാലനെ വന്ദിച്ചതിനുശേഷം സര്‍പ്പം കര്‍ണന്റെ സമീപത്തേക്ക് ഇഴഞ്ഞുചെന്നു.സര്‍പ്പശസ്ത്രങ്ങളുടെ ആവനാഴിയില്‍ കര്‍ണ്ണനറിയാതെ അശ്വസേനന്‍ ഒളിച്ചു.
അസ്ത്രമെന്നു കരുതി കര്‍ണ്ണന്‍ അശ്വസേനനെ വില്ലില്‍ വച്ചു.നാഗമന്ത്രം ജപിച്ചു സൂര്യപുത്രന്‍ അര്‍ജുനനു നേരെ സര്‍പ്പശരമെയ്തു.മിന്നല്‍പോലെ പാഞ്ഞുവരുന്ന നാഗാസ്ത്രം ഫല്‍ഗുനന്റെ ശിരസ്സ്‌ കൊയ്യുമെന്നു മനസ്സിലാക്കിയ കൃഷ്ണന്‍ തേര്‍ത്തട്ട് ചവിട്ടിതാഴ്ത്തി.ശിരസ്സില്‍ കൊള്ളേണ്ട അസ്ത്രം അര്‍ജുനന്റെ ശിരസ്സിലണിഞ്ഞ ഇന്ദ്രകിരീടം തകര്‍ത്തു കടന്നുപോയി.ഉടന്‍തന്നെ അര്‍ജുനന്‍ സര്‍പ്പത്തെ മറ്റൊരസ്ത്രത്താല്‍ മുറിച്ചിട്ടു.

ബാലന്റെയും കഴുകന്റെയും ശിരസ്സ്‌ ദു:ഖഭാരത്താല്‍ കുനിഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ കര്‍ണ്ണന്‍ ബ്രഹ്മാസ്ത്രമെടുത്തുവെങ്കിലും വിദ്യ ഓര്‍മ്മയില്‍ വരാഞ്ഞതിനാല്‍ അത് പ്രയോഗിക്കുവാന്‍ കഴിഞ്ഞില്ല.അടുത്ത ചക്രവും താഴ്ന്നതോടെ കര്‍ണ്ണന്‍ നിലത്തിറങ്ങി.

“ഈ ചക്രങ്ങള്‍ ഉയര്‍ത്തുന്നത് വരെ അസ്ത്രങ്ങള്‍ അയക്കാതിരിക്കുക.”കര്‍ണ്ണന്‍ ഗത്യന്തരമില്ലാതെ അര്‍ജുനനോടു അഭ്യര്‍ത്ഥിച്ചു.

പക്ഷേ നിരായുധനായ കര്‍ണ്ണനു നേരെ അര്‍ജുനന്‍ അസ്ത്രമഴ പെയ്യിച്ചു.ചക്രങ്ങള്‍ പൊക്കിയെടുക്കുന്നതിനിടയില്‍ കര്‍ണ്ണന്റെ ദേഹം ശരങ്ങള്‍ക്കൊണ്ട് രക്തത്തില്‍ കുളിച്ചു.ചോരനിറം പൂണ്ട ആ സന്ധ്യയില്‍ രാധേയന്‍ ഒരു ചുവന്ന സൂര്യനെപോലെ കാണപ്പെട്ടു.നിലത്തുനിന്ന് കൊണ്ട് അവന്‍ അര്‍ജുനനു നേരെ പോരാടി.ഒടുവില്‍ അവന്‍ രഥചക്രങ്ങള്‍ക്കിടയില്‍ ശരമേറ്റു യുദ്ധഭൂമിയില്‍ വീണു.പക്ഷെ അര്‍ജുനന്‍ പിന്നീടയച്ച അസ്ത്രങ്ങള്‍ കര്‍ണ്ണന്റെ ദേഹത്ത് സ്പര്‍ശിക്കാതെ ലക്‌ഷ്യം തെറ്റി.യുദ്ധഭൂമി നിശബ്ദമായി.ആകാശവും ഭൂമിയും ആ കാഴ്ച കണ്ടു വിറങ്ങലിച്ചു.

“ഇത്ര അസ്ത്രങ്ങള്‍ ചൊരിഞ്ഞിട്ടും അര്‍ജുനന് കര്‍ണ്ണനെ വധിക്കുവാന്‍ കഴിയാത്തതെന്താണ്?” നാഗഭീഷണന്‍ ബാലനോട് ചോദിച്ചു.

“നിരായുധനായി ,രഥചക്രം ഉയര്‍ത്തിയ കര്‍ണ്ണനു നേരെ അസ്ത്രം പ്രയോഗിച്ചതോടെ ധര്‍മ്മം അര്‍ജുനന് എതിരായി.കര്‍ണ്ണന്‍ ജീവിതകാലത്ത് ചെയ്ത പുണ്യകര്‍മ്മങ്ങളുടെ ശക്തിയില്‍ കര്‍ണ്ണനും അര്‍ജുനനുമിടയില്‍ ഇപ്പോള്‍ മറയായി നില്‍ക്കുന്നത് ധര്‍മ്മദേവതയാണ്.ഹേ നാഗഭീഷണാ,ഇതൊരു യുഗമുഹൂര്‍ത്തമാണ്.പ്രപഞ്ചത്തിന്റെ സ്ഥിതി ഈ നിമിഷങ്ങളില്‍ കര്‍ണ്ണന് മുന്‍പില്‍ തൊഴുതുനില്‍ക്കുന്നു.വരിക ,നമുക്ക് യുദ്ധഭൂമിയില്‍ ഇറങ്ങാന്‍ സമയമായിരിക്കുന്നു.”

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.