സര്‍പ്പവ്യൂഹം 64

“സര്‍പ്പവ്യൂഹം!!” നാഗഭീഷണന്‍ മന്ത്രിച്ചു.

“പതിനെട്ടു വ്യൂഹങ്ങളിലെ ഏറ്റവും ശക്തവും ഭീകരവുമായ വ്യൂഹവിന്യാസം.സര്‍പ്പത്തിന്റെ ആകൃതിയില്‍ സേനകളെ വിന്യസിക്കുവാന്‍ സേനാധിപതികളായ ഭീഷ്മരും ദ്രോണരും മരിച്ചതോടെ ആര്‍ക്കും കഴിയില്ലയെന്നാണ് ഞാന്‍ കരുതിയത്‌.’സര്‍പ്പത്തിന്റെ കണ്ണുകളായി ശകുനിയും ഉലൂകനും നിന്നു.ശിരസ്സില്‍ അശ്വത്ഥാമാവും കഴുത്തില്‍ നൂറു ഗാന്ധാരിപുത്രന്‍മാരും നിരന്നു.നടുക്ക് ദുര്യോധനനും വാലില്‍ ദുര്യോധനന്റെ ബന്ധുജനങ്ങളായ മറ്റു മഹാരഥന്‍മാരും നിരന്നു.ലക്ഷക്കണക്കിന് വരുന്ന ആനകളുടെയും കുതിരകളുടെയും ഓട്ടത്തില്‍ ആകാശം വരെ പൊടിപടലങ്ങളുയര്‍ന്നു.ആ പൊടിപടലത്തിനിടയില്‍,ഭേരികളും ദുന്ദുഭികളും മുഴങ്ങുന്നതിനിടെ ,സര്‍പ്പമുഖത്ത് വെള്ളക്കൊടിയും വെള്ളക്കുതിരകളുമായി കൌരവരുടെ പുതിയ സൈന്യാധിപന്‍ പ്രത്യക്ഷപ്പെട്ടു.സൂര്യനെപ്പോലെ ശോഭിക്കുന്ന വില്ലാളിവീരനായ കര്‍ണ്ണനായിരുന്നു അത്.അവന്റെ തോളറ്റം വരെയുള്ള മുടി കാറ്റില്‍ പറന്നു.കണ്ണുകള്‍ ജ്വലിച്ചു.തേര്‍ത്തട്ടില്‍ തീപ്പന്തംപോലെ ജ്വലിച്ച അവന്‍ പാണ്ഡവപ്പടക്ക് നേരെ സിംഹനാദം മുഴക്കി. ഭീഷ്മരുടെ അപ്രീതി കാരണം യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്ന കര്‍ണ്ണന്‍ സേനാധിപനായി വ്യൂഹത്തലക്കല്‍ നില്‍ക്കുന്നതു കണ്ടാണ്‌ പാണ്ഡവപ്പടയുടെ മനസ്സിടിഞ്ഞത്.അവനെ മാത്രമാണ് പതിമൂന്നു വര്‍ഷമായി യുധിഷ്ഠിരന്‍ ഭയപ്പെടുന്നത്.”

ഗന്ധര്‍വന്‍ ഒന്ന് നിര്‍ത്തി.ആ കാഴ്ച കണ്ടത് പോലെ അവന്റെ മുഖം ഭീതിദമായി.“ഇന്നലെവരെയുള്ള യുദ്ധഭൂമിയല്ലായിരുന്നു ഇന്ന്.ചേദിക്കപ്പെട്ട അവയവങ്ങളും കുടല്‍മാലകളും ചോരക്കളത്തില്‍ പൊങ്ങിയൊഴുകി.കര്‍ണ്ണന്‍ അര്‍ജുനനെ തിരഞ്ഞു പായുകയായിരുന്നു യുദ്ധഭൂമിയില്‍.അവനെതിരെ വന്ന മറ്റു നാല് കുന്തിപുത്രന്‍മാരെയും അവന്‍ കൊല്ലാതെ തോല്‍പ്പിച്ചുവിട്ടു..ഇന്ന് വൈകുന്നേരം അര്‍ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടാനിടയുണ്ട്.ഈ യുദ്ധത്തിന്റെ ഫലം അതില്‍ ആര് ജയിക്കും എന്നാശ്രയിച്ചിരിക്കുന്നു.ഞാന്‍ ഗന്ധര്‍വലോകത്തിലേ മറ്റ് കൂട്ടുകാരെ യുദ്ധത്തില്‍ അര്‍ജുനനെ പിന്തുണക്കുവാന്‍ ക്ഷണിക്കുവാന്‍ പോവുകയാണ്.”

“കവചകുണ്ഡലങ്ങള്‍ അണിഞ്ഞ കര്‍ണ്ണന്‍ അര്‍ജുനനെക്കാള്‍ ശക്തനാണ്.തീര്‍ച്ചയായും അവന്‍ അര്‍ജുനനെ വധിക്കും.!”അശ്വസേനന്‍ അഭിപ്രായപ്പെട്ടു.

“കര്‍ണ്ണന് കവചകുണ്ഡലങ്ങള്‍ നഷ്ടമായി.ഇന്ദ്രന്‍ അത് ദാനമായി വാങ്ങിയെന്ന് കേള്‍ക്കുന്നു.”
“വിചിത്രമായ കാര്യങ്ങളാണ് യുദ്ധഭൂമിയില്‍ നടക്കുന്നത്.വരൂ സമയം കളയാതെ നമ്മുക്ക് യുദ്ധഭൂമിയില്‍ എത്താം.” സര്‍പ്പം വീണ്ടും തിടുക്കം കൂട്ടി.അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.

“കര്‍ണ്ണാര്‍ജുന യുദ്ധത്തില്‍ ആര് ജയിക്കുമെന്നാണ് അങ്ങയുടെ അഭിപ്രായം ?”നാഗഭീഷണന്‍ ബാലനോട് ചോദിച്ചു.

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.