സര്‍പ്പവ്യൂഹം 64

“യുദ്ധഭൂമിയിലെ വിശേഷങ്ങള്‍ പറയൂ കൂട്ടരെ ?കേശവപക്ഷമല്ലേ വിജയിക്കുന്നത്.?”നാഗഭീഷണന്‍ തിരക്കി.

“പത്താംനാള്‍ ഭീഷ്മരും കഴിഞ്ഞ ദിവസം ദ്രോണരും മരിച്ചു.”കൂട്ടത്തിലെ മുതിര്‍ന്ന പക്ഷി പറഞ്ഞു.അശ്വസേനന്‍ വ്യസനത്തോടെ പത്തി താഴ്ത്തി.നാഗഭീഷണന്‍ ആവേശത്തോടെ ചിറകടിച്ചു.

“ഓ, അപ്പോള്‍ പാണ്ഡവകുടീരങ്ങളില്‍ വലിയ ആഘോഷവും വിരുന്നുമൊക്കെ ഉണ്ടായിരുന്നിരിക്കണം.ദ്രോണരും ഭീഷ്മരും പോയാല്‍ യുദ്ധം പാണ്ഡവര്‍ ജയിച്ചതിനു തുല്യമാണ്.”നാഗഭീഷണന്‍ ചോദിച്ചു.

“വലിയ ആഘോഷവും മേളവും വിരുന്നും ഞങ്ങളും പ്രതീക്ഷിച്ചു.പക്ഷെ പാണ്ഡവരുടെ പാളയങ്ങള്‍ നിശബ്ദമായിരൂന്നു.ധര്‍മ്മപുത്രര്‍ ആകുലതയോടെ തന്റെ കൂടാരത്തില്‍ ഉലാത്തുന്നതും മ്ലാനവദനനായ പാര്‍ത്ഥനെ മാധവന്‍ ഉപദേശിക്കുന്നതും കണ്ടു.ഭയാനകമായ എന്തോ വരുംദിവസങ്ങളില്‍ അവര്‍ പ്രതീക്ഷിക്കുന്നത് പോലെ ഞങള്‍ക്ക് തോന്നി. അത് കൊണ്ടാണ് ഞങ്ങള്‍ തിരികെപോന്നത്.” കിളികള്‍ പറഞ്ഞു.

“പ്രപഞ്ചസൃഷ്ടാവായ ഗോവിന്ദന്‍ തേര്‍ തെളിക്കുമ്പോള്‍ ,അമ്പൊഴിയാത്ത ആവനാഴിയുള്ള വിജയന്‍ ഭയക്കുന്നത് ആരെയാണ്?” അവിശ്വാസത്തോടെ നാഗഭീഷണന്‍ ശിരസ്സ്‌ വെട്ടിച്ചു.

“നമ്മുക്ക് യാത്ര തുടരാം.”എത്രയും പെട്ടെന്ന് യുദ്ധഭൂമിയില്‍ എത്താന്‍ സര്‍പ്പം തിടുക്കം കൂട്ടി.ശൂന്യമായ ഗ്രാമങ്ങളും കാട്ടുപ്രദേശങ്ങളും കടന്നു അവര്‍ സഞ്ചരിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ വനത്തിനുള്ളില്‍ വിശ്രമിക്കുന്ന ഒരു ഗന്ധര്‍വനെ കണ്ടു. അവന്‍ യുദ്ധഭൂമിയില്‍നിന്ന് മടങ്ങിവരികയായിരുന്നു. പക്ഷിയെയും പാമ്പിനെയും ബാലനെയും കണ്ടു കൗതുകം തോന്നിയ ഗന്ധര്‍വന്‍ അവരോട് സംസാരിച്ചു.ദ്രോണന്‍ മരിച്ചതിനു ശേഷം പാണ്ഡവര്‍ ഭയന്നതിന്റെ കാരണം നാഗഭീഷണന്‍ തിരക്കി.

“കൂട്ടരേ ,ഇന്ന് രാവിലെ യുദ്ധഭൂമിയിലുണ്ടായിരുന്നെങ്കില്‍ ആ ഭയത്തിനു കാരണം നിങ്ങള്‍ക്ക് മനസ്സിലായേനെ.സേനകളുടെ വ്യൂഹവിന്യാസം കാണുവാന്‍ ഞാന്‍ സൂര്യോദയത്തില്‍ ആകാശത്തുകൂടി പറന്നു.അര്‍ജ്ജുനന്‍ ഗരുഡാകൃതിയില്‍ സേനകളെ വിന്യസിച്ചു.ശിരസ്സില്‍ കൃഷ്ണാര്‍ജുനന്‍മാരും ധര്‍മ്മപുത്രരാജാവും നിന്നു.ഇടതുചിറകില്‍ ഭീമനും വലത്ത്ചിറകില്‍ നകുലസഹദേവന്‍മാരും നിലയുറപ്പിച്ചു..ഒന്നരലക്ഷം ആനകളും അത്രതന്നെ കുതിരകളും അതിന്റെ മൂന്നിരട്ടിവരുന്ന കാലാളും അവര്‍ക്ക് പിന്നില്‍ നിരന്നു.പക്ഷെ മുന്‍നിരയിലെ സേനാനായകരുടെ മുഖത്ത് സന്തോഷമില്ലായിരുന്നു.അപ്പോള്‍ ശത്രുവ്യൂഹം വരുന്നതിന്റെ പെരുമ്പറ മുഴങ്ങി.അത് കാണാനായി ഞാന്‍ ഉയര്‍ന്നുപറന്നു.ഞാന്‍ കണ്ടത് ഒരു വ്യൂഹമല്ലായിരുനു.ആയിരം യോജന നീളവും വീതിയുമുള്ള ഒരു വലിയ സര്‍പ്പത്തെയാണ് !

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.