“എനിക്കറിയില്ല.അഞ്ചു ദിവസം മുന്‍പ് ഭീഷ്മര്‍ മരിച്ചുവെന്നും ദ്രോണര്‍ സേനാധിപനായെന്നും ശ്രുതിയുണ്ട്.”
അശ്വസേനന്റെ മുഖം മ്ലാനമായി.
“ആ വാര്‍ത്ത സത്യമാകില്ല.വിജനമായ ഈ വഴിയില്‍, കുരുക്ഷേത്രത്തില്‍ നിന്ന് വരുന്ന ആരെയെങ്കിലും കണ്ടിരുന്നുവെങ്കില്‍ വിവരങ്ങള്‍ അറിയാമായിരുന്നു.നമ്മുക്ക് വേഗം യാത്രതുടരാം.എത്രയും വേഗം എനിക്ക് യുദ്ധഭൂമിയില്‍ എത്തണം.”അത്രയും പറഞ്ഞിട്ട് സര്‍പ്പം വായുവിലേക്ക് നാലുപാടും ശിരസ്സ് നീട്ടി ഗന്ധം പിടിച്ചു.
“നാഗഭീഷണാ,ഈ വഴിത്താരയില്‍ നമ്മുടെ പുറകെ മനുഷ്യരാരോ വരുന്നുണ്ട്.”
കഴുകന്‍ വൃക്ഷത്തില്‍നിന്ന് മെല്ലെ ഉയര്‍ന്നു പറന്നു.ഒരു വട്ടം കറങ്ങിപറന്നതിനു ശേഷം അത് തിരിച്ചെത്തി.“അശ്വസേനാ ,ഭയക്കാനൊന്നുമില്ല.അതൊരു ബ്രാഹ്മണകുമാരനാണ്.നടന്നു ക്ഷീണിച്ച കുട്ടി കുറച്ചപ്പുറത്ത് വഴിയരുകിലെ പാറയില്‍ കിടന്നുറങ്ങുന്നുണ്ട്.വരൂ നമുക്ക് അങ്ങോട്ട് പോകാം.”
പൊള്ളുന്ന പകല്‍ച്ചൂടില്‍ തണല്‍ പകരേണ്ട വൃക്ഷങ്ങള്‍ ഉണങ്ങിനില്‍ക്കുകയാണ്.വഴിയരുകിലെ പാറക്കെട്ടില്‍ ,ഒരു മുള്‍ച്ചെടിയുടെ നേരിയ തണലില്‍ മയങ്ങിക്കിടക്കുന്ന ബാലനെ അലിവോടെ പക്ഷിയും പാമ്പും നോക്കിനിന്നു.ഒരു പക്ഷെ ആ ബാലന് തണല്‍ നല്‍കാനായിരിക്കും ഈ മുള്‍ച്ചെടിയുടെ ജന്മമെന്നു അശ്വസേനന്‍ വിചാരിച്ചു.ഗോതമ്പ് നിറമുള്ള മെല്ലിച്ച ശരീരം.ക്ഷീണിച്ചു കരിവാളിച്ചതെങ്കിലും ഐശ്വര്യമുള്ള മുഖമാണ് ആ ബാലന്റെത്.അവന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ദേഹത്ത് വിയര്‍ത്തൊട്ടി കിടന്നു.
“വെള്ളം..ഒരല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..”നാവു കൊണ്ട് ചുണ്ട് നനച്ചുകൊണ്ട് ബാലന്‍ ഞരങ്ങി.
സര്‍പ്പം അവന്റെ ശരീരത്തിനരികില്‍ കിടന്ന മാറാപ്പിന്റെയുള്ളിലേക്ക് ഇഴഞ്ഞു.ചുളുങ്ങിയ ഒരു ഭിക്ഷാപാത്രം മെല്ലെ വളിയിലേക്ക് തള്ളിവന്നു.നാഗഭീഷണന്‍ ആ ചെറിയപാത്രവുവും കാലില്‍ക്കൊരുക്കി വാനില്‍ മറഞ്ഞു.തന്റെ പത്തിവിടര്‍ത്തി മെല്ലെയാട്ടിക്കൊണ്ട് അശ്വസേനന്‍ ബാലന് കുളിര്‍ പകര്‍ന്നു.അപ്പോഴേക്കും കഴുകന്‍ എവിടെനിന്നോ വെള്ളവുമായി പറന്നുവന്നു.മുഖത്ത് ജലം വീണപ്പോള്‍ ബാലന്‍ കണ്ണ് തുറന്നു.വെള്ളിനിറമുള്ള പത്തിവിടര്‍ത്തിയ സര്‍പ്പത്തിനെയും തവിട്ടുനിറമുള്ള വലിയ ചിറകുകള്‍ കുടയുന്ന കഴുനെയും കണ്ടു ഒരു ദു:സ്വപ്നം കണ്ടത് പോലെ അവന്‍ ഞെട്ടി.
“ഭയക്കാതിരുന്നാലും വിപ്രകുമാരാ ,ഞങ്ങള്‍ അങ്ങയെ ഉപദ്രവിക്കാന്‍ വന്നതല്ല.അങ്ങ് എവിടെനിന്ന് വരികയാണ് ? അപകടം നിറഞ്ഞ ഈ വഴിയിലൂടെ തനിയെ എങ്ങോട്ട് പോവുകയാണ് ?” കഴുകന്‍ കുട്ടിയോട് ചോദിച്ചു.
Beautiful write up
Hat’s off
Oru visualisation undaayirunnu