“ദുര്യോധന പക്ഷത്ത് ചേര്‍ന്നതിനാല്‍ ഒരുപക്ഷെ ചരിത്രത്തില്‍ ഞാന്‍ ഒരു ദുഷ്ടനായി അറിയപെടുമായിരിക്കും. ചരിത്രത്തെ ഞാന്‍ വക വയ്ക്കുന്നില്ല.കാരണം ചരിത്രം സേനാനായകരേ കുറിച്ച് മാത്രമേ പറയുകയുള്ളൂ.എല്ലാ യുദ്ധങ്ങളിലും ബലികൊടുക്കുന്ന കോടിക്കണക്കിന് പോരാളികളുടെ ജീവിതങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ടാകില്ല.ചരിത്രത്തില്‍ രേഖപെടുത്താത്ത അവര്‍ക്കൊപ്പമാണ് ഞാന്‍.അവരോരുത്തുരും കര്‍ണ്ണന്‍മാരാണ് കുമാരാ,ഞാന്‍ ചമച്ച സര്‍പ്പവ്യൂഹം പോലെ ഒഴിവാക്കാനാവാത്ത മുന്‍നിശ്ചിതമായ വിധിയുടെ യുദ്ധവ്യൂഹത്തില്‍ പെട്ടുപോകുന്നവര്‍.യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന അങ്ങയുടെ ചതുരംഗക്കളിയിലെ കാലാളുകള്‍.ഒരു ആലിലയുടെ നടുവിലെ ഞരമ്പ് അതിനെ രണ്ടായി പകുക്കുന്നത് പോലെ കുറച്ചുപേരെ നന്മയുടെ ഭാഗത്തും കുറച്ചു പേരെ തിന്മയുടെ ഭാഗത്തും കാലം അണിനിരത്തും.എങ്കിലും സത്യം എത്ര അകലെയാണ്.എന്റെ ഭാര്‍ഗവാസ്ത്രത്താല്‍ അര്‍ജുനന്റെ തേര് ഇതിനകം കത്തിതീരേണ്ടതാണ്.എങ്കിലും അവിടുത്തെ യോഗശക്തിയാല്‍ അഗ്നി അതിനെ സ്പര്‍ശിക്കുന്നില്ല.അത് പോലെ എന്റെ പുണ്യങ്ങളുടെ ബലത്തില്‍ ,ഇപ്പോഴും അര്‍ജുനന് എന്നെ വധിക്കാന്‍ കഴിയുന്നില്ല.എന്റെ കയ്യില്‍ ഇനി ബാക്കിയുള്ളത് അത് മാത്രമാണ്.” കര്‍ണ്ണന്‍ പറഞ്ഞു.
ബാലന്റെ മുഖം കുനിഞ്ഞു.
“മഹാരഥാ ക്ഷമിച്ചാലും ,ആ പുണ്യകര്‍മ്മങ്ങളുടെ ശക്തിക്കായി ഞാന്‍ അങ്ങയോടു യാചിക്കുന്നു.”
വിജയം നേടിയവന്റെ പുഞ്ചിരി കര്‍ണ്ണന്റെ മുഖത്ത് പ്രത്യക്ഷമായി.
“ഇതാ,ഞാന്‍ എന്റെ പുണ്യങ്ങള്‍ എല്ലാമറിയുന്ന അങ്ങേക്ക് തരുന്നു.മരണത്തെ കര്‍ണ്ണന്‍ ഭയക്കുന്നില്ല.അജ്ഞാതനായ ,ഉപേക്ഷിക്കപ്പെട്ട ഒരു പോരാളിയുടെ കാലത്തിനുള്ള സമ്മാനമായി അങ്ങിത് വാങ്ങുക.”
ആ യുദ്ധഭൂമിയില്‍ താനും ചന്ദ്രനിറമുള്ള ആ ബ്രാഹ്മണബാലനും മാത്രമെ ഉള്ളുവെന്ന് കര്‍ണ്ണനു തോന്നി.ശുഭ്രവസ്ത്രധാരിയായ അവന്റെ മേഘവര്‍ണ്ണമാര്‍ന്ന മുഖത്തെ കാരുണ്യം കര്‍ണന്‍ കണ്ടു.താമരക്കൊത്ത കണ്ണുകളിലെ ശാന്തതയും.ആ നിമിഷം അവന്റെ ഇരുകൈകളിലുമിരിക്കുന്ന തന്റെ തോള്‍വളകള്‍ പാഞ്ചജന്യവും സുദര്‍ശനവും പോലെ കര്‍ണ്ണന് അനുഭവപ്പെട്ടു.
ശൂന്യമായ തന്റെ മനസ്സില്‍ ശാന്തി പടര്‍ന്നത് കര്‍ണ്ണന്‍ അറിഞ്ഞു.ഭൂമിദേവി പുല്‍കിയ തന്റെ രഥചക്രങ്ങളില്‍ ശിരസ്സ് ചാരി കര്‍ണ്ണന്‍, അര്‍ജുനന്റെ അസ്ത്രങ്ങള്‍ക്കായി കണ്ണടച്ച് കാത്തിരുന്നു.
Beautiful write up
Hat’s off
Oru visualisation undaayirunnu