ഉടനെ നാഗഭീഷണന്‍ കാലുകള്‍ താഴ്ത്തി തന്റെ ചിറകുകള്‍ക്കിടയില്‍ ആ ബാലനെയിരുത്തി ആകാശത്തേക്ക് പറന്നുയര്‍ന്നു.വെട്ടുകിളികൾ പോലെ പറക്കുന്ന ശരങ്ങള്‍ അവര്‍ക്ക് വഴിമാറി.പക്ഷിസമേതനായി തന്റെ അടുത്തേക്ക് വരുന്ന ബാലനെ കണ്ടു കര്‍ണ്ണന്റെ മുഖത്ത് അത്ഭുതവും ആദരവും തെളിഞ്ഞു.
“കുമാരാ,അത്യന്തം അപകടകരമായ ഈ യുദ്ധഭൂമിയില്‍ അങ്ങ് എന്താണ് തിരയുന്നത്?”ബാലനെക്കണ്ട് കര്‍ണ്ണന്‍ മുറിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
“ഞാന്‍ എന്റെ സോദരിയുടെ വിവാഹത്തിനു വേണ്ടി സ്വര്‍ണ്ണം തിരയുവാന്‍ വന്നതാണ്.ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം ആരും ചോദിക്കുന്നത് നല്‍കുമെന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ വീണുകിടക്കുന്ന അങ്ങേക്ക് ഇനി ദാനം അസാധ്യമാണല്ലോ. ”
“അങ്ങിനെ പറയരുത്.ഞാന്‍ പാണ്ഡവമാതാവിന് അഭിമാനവും സമാധാനവും ദാനം ചെയ്തു.ദുര്യോധനനു കൂറും ജീവിതവും ദാനം ചെയ്തു.ഇന്ദ്രന് കവചകുണ്ഡലങ്ങള്‍ ദാനം ചെയ്തു.ഇതാ ,ഞാന്‍ പോര്‍ത്തട്ടില്‍ കിടക്കുന്നു.യമന്‍ ഇപ്പോഴും എന്റെ അരികില്‍ വരാന്‍ മടിക്കുന്നു.ഈ നിമിഷവും ഞാന്‍ അങ്ങേക്ക് ദാനം തരാന്‍ ഞാന്‍ തയ്യാറാണ്..” ചിരിച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു.
അതിനുശേഷം കര്‍ണ്ണന്‍ തന്റെ തോള്‍വളകള്‍ വാള്കൊണ്ട് മുറിച്ചുമാറ്റി .രക്തം പുരണ്ട ,അപൂര്‍വ രത്നങ്ങള്‍ പതിച്ച ആ സ്വര്‍ണ്ണവളകള്‍ അവന്‍ ബാലന് നേരെ നീട്ടി.
അത് കണ്ടു ബാലന്റെ മുഖത്ത് ഒരു കുസൃതിചിരി വിടര്‍ന്നു.
“രക്തം പൂണ്ട ഈ വളകള്‍ ശുദ്ധിയില്ലാത്തതാണ്.ഇത് ദാനമായി സ്വീകരിക്കാന്‍ സാധിക്കില്ല.അങ്ങേക്ക് പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.” അതു കേട്ട് കര്‍ണ്ണന്‍ ആവനാഴിയില്‍ തിരഞ്ഞു.ഒരേ ഒരു വരുണാസ്ത്രം ആവനാഴിയില്‍ ബാക്കിയുണ്ടായിരുന്നു.അതെടുത്തു അവന്‍ ആകാശത്തേക്ക് എയ്തു.ഉടനെ അവര്‍ക്കിടയിലേക്ക് മഴ പെയ്തിറങ്ങി.ആ മഴയില്‍ സ്വര്‍ണ്ണവളകള്‍ ശുദ്ധമായി.ബാലന്റെ മുഖം കുനിഞ്ഞു.അത് കര്‍ണ്ണന്‍ വീണ്ടും ചിരിച്ചു.
“നമുക്കീ കളി മതിയാക്കാം.ഇനിയും അങ്ങേക്കെന്തെങ്കിലും വേണോ ?” കര്‍ണ്ണൻ ചോദിച്ചു.
“ഇനി തരാന്‍ അങ്ങയുടെ കയ്യില്‍ എന്താണുള്ളത് ?അത് സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്.”ദു:ഖം നിറഞ്ഞ മുഖത്തോടെ ബാലന്‍ പറഞ്ഞു.
കര്‍ണ്ണന്‍ ചുറ്റും നോക്കി.ചുറ്റും മരിച്ചു കിടക്കുന്ന പതിനായിരങ്ങള്‍.യുദ്ധത്തില്‍ താന്‍ കൊന്നവരുടെ മുഖങ്ങള്‍ അവന്റെ മനസ്സില്‍ തെളിഞ്ഞു.അവരില്‍ കൂട്ടുകാരും ,ബന്ധുക്കളുമുണ്ട്.വൃദ്ധരും ചെറുപ്പക്കാരുമുണ്ട്.
Beautiful write up
Hat’s off
Oru visualisation undaayirunnu