സര്‍പ്പവ്യൂഹം 63

Sarppavyuham by Anish Francis

വനത്തിനു നടുവിലൂടെയുള്ള ആ വഴിയില്‍ നിറയെ കൂര്‍ത്തകല്ലുകളും മുള്ളന്‍ചെടികളും നിറഞ്ഞിരുന്നു.മഴുകൊണ്ട് വെട്ടേട്ടറ്റ വേര്‍പെട്ട ഭടന്റെ കാല് പോലെ ഒരു ദേവതാരുവിന്റെ വേര് വഴിയിലേക്ക് നീണ്ടുനിന്നു.അതില്‍ വെള്ളിനിറമുള്ള ഒരു സര്‍പ്പം ചുരുണ്ട്കൂടി കിടന്നു.ഇലകള്‍ പൊഴിഞ്ഞു ഞരമ്പ്‌ പോലെയായ ആ ദേവതാരുവിന്റെ ശിഖരത്തില്‍ ഒരു കഴുകന്‍ വിശ്രമിച്ചു.അഗ്നി സ്പര്‍ശിച്ചത് പോലെ ,ശാപമേറ്റതുപോലെ ഉണങ്ങി നില്‍ക്കുന്ന വനത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് കഴുകന്‍ പറഞ്ഞു.

“കുരുക്ഷേത്രത്തില്‍ ആര് ജയിച്ചാലും ,അത് ചന്ദ്രവംശത്തിന്റെ മാത്രമല്ല ഈ ഭാരതത്തിന്റെ അവസാനം കൂടിയാണ്.”
സര്‍പ്പം ഫണമുയര്‍ത്തി കഴുകനെ പരിഹാസത്തോടെ നോക്കി.അശ്വസേനന്‍ എന്നായിരുന്നു ആ വെള്ളിസര്‍പ്പത്തിന്റെ നാമം.

“ഹേ നാഗഭീഷണാ,ഇത് ശരിയല്ല..ആദ്യം നീ പാണ്ഡവര്‍ ജയിക്കും എന്ന് വാദിച്ചു.ഇപ്പോള്‍ ആര് ജയിച്ചാലും എന്ന നിലയിലേക്ക് നിലപാട് മാറിയിരിക്കുന്നു.”സര്‍പ്പം പറഞ്ഞു.
“എനിക്കിപ്പോഴും സംശയമൊന്നുമില്ല.ധര്‍മ്മം പാണ്ഡവര്‍ക്കൊപ്പമാണ്.ഈ യുദ്ധത്തില്‍ അവര്‍ തന്നെ ജയിക്കും. പക്ഷെ..”

ഒന്ന് നിര്‍ത്തി കഴുകന്‍ വീണ്ടും താന്‍ പിന്നിട്ട പാഞ്ചാലദേശത്തെ കാഴ്ചകള്‍ ഓര്‍മ്മിച്ചു.ഒരു ഭ്രാന്തിയുടെ ജടപിടിച്ച മുടിക്കെട്ട് പോലെ ശൂന്യവും വരണ്ടതും വിജനവുമായ വനങ്ങള്‍.വിണ്ടുണങ്ങിയ വയലുകള്‍. ജലാശയങ്ങള്‍ വറ്റിവരണ്ടുപോയി.മനുഷ്യര്‍ ഉപേക്ഷിച്ചു പോയ ഗ്രാമങ്ങള്‍.അഗ്നിയുടെ സ്പര്‍ശമേറ്റപോലെ സഞ്ചരിച്ചിടത്തെല്ലാം കരിയും പുകയും.എല്ലായിടത്തെയും രാജാക്കന്‍മാരും സൈനികരും കുരുക്ഷേത്രഭൂമിയിലുണ്ട്.

“കലിംഗയില്‍ വച്ച് ഞാന്‍ ഒരു മഹര്‍ഷിയെ കണ്ടുമുട്ടി.അദ്ദേഹം പറഞ്ഞത് യുദ്ധം കഴിയുമ്പോള്‍ ജയിക്കുന്നവരുടെ പടയില്‍ എട്ടുപേരും തോല്‍ക്കുന്നവരുടെ പടയില്‍ നാലുപേരും മാത്രം അവശേഷിക്കും എന്നാണ്.”

“ആര് ജയിക്കും എന്നാണ് ആ മഹാമഹര്‍ഷി പ്രവചിച്ചത്?”അശ്വസേനന്‍ ആകാംക്ഷയോടെ ചോദിച്ചു.

“അത് ഞാന്‍ ചോദിച്ചില്ല.അദ്ദേഹം പറഞ്ഞുമില്ല.എങ്കിലും ആ കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.കൃഷ്ണന്‍ പാണ്ഡവര്‍ക്കൊപ്പമാണ്.യുധിഷ്ഠിരന്‍ ഹസ്തിനപുരിയുടെ രാജാവാകും.”

“വിഡ്ഢിത്തം പറയാതിരിക്ക് നാഗഭീഷണാ,പതിനൊന്നു അക്ഷൌഹിണി പടയുടെ സേനാധിപനായി ഭീഷ്മര്‍ നയിക്കുന്ന കൗരവരേ ആര്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയും ?

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.